ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) പാർലമെന്റ് മാർച്ച് ഇന്ന്. പരീക്ഷാ ക്രമക്കേടുകളിൽ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നടത്തുന്ന മാർച്ചിന് ഡൽഹി പോലീസ് അനുമതി നൽകിയിട്ടില്ല.
പാർലമെന്റ് സമ്മേളനവും തിങ്കളാഴ്ച ആരംഭിക്കുന്നതിനാലാണ് ഡൽഹി പോലീസ് മാർച്ചിന് അനുമതി നൽകാത്തത്. നിലവിൽ സമരം നടക്കുന്ന ജന്തർമന്തറിൽ തന്നെ മാർച്ച് പോലീസ് തടയും. ഇതിന്റെ ഭാഗമായി ജന്തർമന്തർ പരിസരങ്ങളിൽ സർക്കാർ സുരക്ഷാ സന്നാഹം വർധിപ്പിച്ചു.
വാങ്ചുക്കിനെ ശനിയാഴ്ച രാവിലെ ആശുപത്രിയിലേക്ക് മാറ്റിയതിനേത്തുടർന്ന് ജന്തർമന്തറിലെ സമരം ശക്തമായിട്ടുണ്ട്. സിജെപിക്ക് പുറമേ വിദ്യാർഥി സംഘടനകളായ ഐസ, എസ്എഫ്ഐ, എഐവൈഎഫ് തുടങ്ങിയവരും സമരം ശക്തമാക്കി. തിങ്കളാഴ്ച രാവിലെ 11ന് പാർലമെന്റ് സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി മാർച്ച് നടത്താനാണ് സിജെപിയുടെ നീക്കം. ജൂൺ 20നാണ് സിജെപി ജന്തർമന്തറിൽ സമരം തുടങ്ങിയത്.