ഡൽഹിയിൽ വിദ്യാർഥികൾക്കുനേരെ പോലീസ് നടത്തിയ ലാത്തിചാർജ്.
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സിജെപി) കഴിഞ്ഞ ദിവസം നടത്തിയ പാർലമന്റ് മാർച്ചിനിടെ വിദ്യാർഥികളെയും യുവാക്കളെയും കസ്റ്റഡിയിലെടുത്ത് പോലീസ് മർദിച്ചുവെന്ന് ആരോപണം.
പോലീസിന്റെ ഇന്നലത്തെ കനത്ത ലാത്തിച്ചാർജിനിടെ നിരവധിപ്പേരെ കാണാതായെന്നും പറയുന്നുണ്ട്. എത്ര പേരെ കസ്റ്റഡിയിലെടുത്തുവെന്ന വിവരം അധികൃതർ മറച്ചുവയ്ക്കുകയാണെന്നും വിദ്യാർഥി സംഘടനകളും യുവാക്കളും ആരോപിച്ചു.
പാർലമെന്റ് മാർച്ചിനിടെ ജന്തർ മന്തറിനടുത്തുള്ള സൻസദ് മാർഗിൽവച്ചു തങ്ങളെ ലാത്തികൊണ്ടടിച്ചുവെന്നും പിന്നീട് പാർലമെന്റ് പോലീസ് സ്റ്റേഷനിലെത്തിച്ച് ഇന്ത്യാവിരുദ്ധരെന്ന് ആക്ഷേപിച്ച് മർദിച്ചുവെന്നും വൈഭവ് ചോപ്കർ എന്ന യുവാവ് പറഞ്ഞു.
പ്രതിഷേധസ്ഥലത്ത് മുദ്രാവാക്യം വിളിക്കുകയായിരുന്ന തങ്ങളെ യാതൊരു പ്രകോപനവുമില്ലാതെ പോലീസ് മർദിച്ചുവെന്നും കണ്ണീർവാതകം പ്രയോഗിച്ചെന്നും ശ്രാവ്ണി ഭുവ എന്ന യുവതിയും പറഞ്ഞു. പോലീസ് യൂണിഫോമിലല്ലാത്ത, ബാഡ്ജുകളും നെയിംപ്ലേറ്റുകളുമില്ലാത്ത ചിലരാണ് വനിതകൾ ഉൾപ്പെടെയുള്ളവർക്കു നേർക്ക് ആക്രമണം നടത്തിയതെന്നും ആരോപണമുണ്ട്.
അതിനിടെ, സമരസ്ഥലത്ത് പ്രതിഷേധക്കാർ തിക്കിലും തിരക്കിലുംപെടുന്ന സാഹചര്യം പോലീസ് മനഃപൂർവം സൃഷ്ടിച്ചുവെന്ന് വിദ്യാർഥി സംഘടനയായ എഐഎസ്എ കുറ്റപ്പെടുത്തി. പ്രതിഷേധസ്ഥലത്ത് സംഘർഷമുണ്ടായത് യാദൃച്ഛികമല്ലെന്നും പോലീസ് ആളുകളെ ഒറ്റപ്പെടുത്തി ആക്രമിക്കുകയായിരുന്നെന്നും എഐഎസ്എ ദേശീയ അധ്യക്ഷ നേഹ ബോറ ആരോപിച്ചു.
ജന്തർ മന്തറിനു ചുറ്റുമുള്ള വിവിധ ഇടങ്ങളിൽ പോലീസ് ബാരിക്കേഡുകൾ ഉയർത്തിയെന്നും പ്രതിഷേധക്കാരെ ഒറ്റപ്പെടുത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ തങ്ങളുടെ കൈവശമുണ്ടെന്നും നേഹ പറഞ്ഞു.
പ്രതിഷേധക്കാർക്കു നേരെ പോലീസ് കല്ലെറിയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതും നേഹ ചൂണ്ടിക്കാണിച്ചു. സ്കൂൾ കുട്ടികളും മാതാപിതാക്കളുമുണ്ടായിരുന്ന, സമാധാനപരമായ പ്രതിഷേധക്കാരെ തല്ലിച്ചതച്ചതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആഭ്യന്തരമന്ത്രി അമിത് ഷായും ഡൽഹി പോലീസ് കമ്മീഷണർ അനുരാഗ് കുമാറും രാജിവയ്ക്കണമെന്ന് എഐഎസ്എ ആവശ്യപ്പെട്ടു.
Tags : Allegations custodial torture ParliamentMarch Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash