Kerala
മലപ്പുറം: കൊണ്ടോട്ടിയിൽ ബസ് സ്റ്റാൻഡിന് സമീപം കാൽനട യാത്രികന്റെ കാലിൽ സ്വകാര്യ ബസ് കയറിയിറങ്ങി ഗുരുതര പരിക്ക്. കൊണ്ടോട്ടി അരീപറമ്പൻ സ്വദേശി അസ്സൻ മോയിനാണ് (65) പരിക്കേറ്റത്.
പരിക്കേറ്റ അസ്സൻ മോയിനെ ഉടൻ തന്നെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ഇയാളെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
National
മുംബൈ: മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിൽ അമിതവേഗത്തിയിലെത്തിയ കാറിടിച്ചു രണ്ട് പേർക്ക് പരിക്ക്. മൻസി കേശവൻ ശർമ്മ (14), യാസ്മിൻ നിസാം പടൈത് (14) എന്നിവർക്കാണ് പരിക്കേറ്റത്.
ഗോവയിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. അമിതവേഗത്തിലെത്തിയ വാഹനം നിയന്ത്രിണം വിട്ട് പെൺകുട്ടികളെ ഇടിച്ചതിന് ശേഷം റോഡരികിൽ മറിയുകയായിരുന്നു.
അപകടത്തിൽ കാറിലുണ്ടായിരുന്ന യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. സംഭവസ്ഥലത്തുണ്ടായിരുന്ന നാട്ടുകാർ ഉടൻ തന്നെ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. കാർ പൂർണമായും തകർന്ന നിലയിലാണ്. പോലീസ് മേൽനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
Kerala
പത്തനംതിട്ട: അബാൻ ജംഗ്ഷനിൽ നിയന്ത്രണംവിട്ട കാർ ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. കുലശേഖരപതി സ്വദേശി അബുവാണ് മരിച്ചത്.
പരിക്കേറ്റ നാല് ഇതരസംസ്ഥാന തൊഴിലാളികളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്.
അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്നാണ് സൂചന.
District News
വിളപ്പിൽശാല: കാട്ടുപന്നിയുടെ ആക്രമണത്തിൽ കാൽനടയാത്രക്കാരിക്കു പരിക്കേറ്റു. വിളപ്പിൽശാല അണമുഖത്തു മേലെവീട്ടിൽ തങ്കമണിക്ക് (50) ആണ് ഇടത് കൈയ്ക്കു പരിക്കേറ്റത്.
വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ സമീപത്തുനിന്നും പാഞ്ഞെത്തിയ പന്നി തങ്കമണിയെ ആക്രമിക്കുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണു കൈയ്ക്കു പരിക്കേറ്റത്.
തങ്കമണി ആശുപത്രിയിൽ ചികിത്സതേടി.
വിളപ്പിൽ പഞ്ചായത്തിലെ നെടുങ്കുഴി, ശാസ്താംപാറ, കരുവിലാഞ്ചി, മുക്കംപാലമൂട്, ചൊവ്വള്ളൂർ, അണമുഖം പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യമുണ്ടെന്നു പരാതിയുണ്ട്. നെടുങ്കുഴി പ്രദേശത്ത് കാടുമൂടിക്കിടക്കുന്ന ചവർ സംസ്കരണ ഫാക്ടറി വളപ്പ് നേരത്തെ പന്നികളുടെ താവളമായിരുന്നു. രാത്രിയിൽ ഇവ കൂട്ടമായിറങ്ങി കൃഷിയിടങ്ങളിലെത്തി വാഴയും മരച്ചീനിയും റബറും കുത്തിമറിച്ച് നശിപ്പിക്കുന്നുണ്ടെന്നും നാട്ടുകാർ ആരോപിച്ചു. വിളവിറക്കാനാവാത്ത സ്ഥിതിയാണെന്നും കർഷകർ പരാതിപ്പെടുന്നു.
Kerala
തൃശൂർ: തൃശൂർ ജില്ലയിലെ പുതുക്കാടിലുണ്ടായ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസിടിച്ച് വഴിയാത്രക്കാരി മരിച്ചു. കാഞ്ഞൂർ സ്വദേശിനി ബിന്ദു (49) ആണ് മരിച്ചത്. ബസ് ഓടിച്ചിരുന്ന ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതാണ് നിയന്ത്രണം നഷ്ടപ്പെടാൻ കാരണം. തിങ്കളാഴ്ച രാവിലെ ഏഴിനായിരുന്നു സംഭവം.
ദേശീയപാതയിലെ ഒരു കടയിലേക്ക് ഇടിച്ചുകയറിയാണ് ബസ് നിന്നത്. അപകടത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ഡ്രൈവർ കുഴഞ്ഞുവീണ നിലയിലാണ് കാണപ്പെട്ടത്. സംഭവത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചുവരുന്നു.
National
മുംബൈ: മഹാരാഷ്ട്രയിലെ ചുനാഭട്ടിയിൽ 17 നിലകളുള്ള ഫ്ലാറ്റിന്റെ ടെറസിൽനിന്ന് കോൺക്രീറ്റ് പാളി അടർന്നുവീണ് കാൽനടയാത്രക്കാരൻ മരിച്ചു. അബ്ദുൾ വഹാബ് (55) എന്നയാളാണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം.
കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ നിലയിലുള്ള കൈവരിയുടെ പ്ലാസ്റ്ററിംഗിന്റെ വലിയൊരു ഭാഗം പെട്ടെന്ന് താഴെയ്ക്ക് പതിക്കുകയായിരുന്നു. ഈ സമയം കെട്ടിടത്തിന് സമീപത്തുകൂടി നടന്നുപോവുകയായിരുന്ന അബ്ദുൾ വഹാബിന്റെ തലയിലേക്കാണ് കോൺക്രീറ്റ് കഷ്ണം വീണത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ സമീപവാസികൾ ചേർന്ന് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കെട്ടിടത്തിൽ തൂങ്ങിക്കിടന്നിരുന്ന ബാക്കി കോൺക്രീറ്റ് ഭാഗങ്ങൾ ഫയർഫോഴ്സ് എത്തി നീക്കം ചെയ്തു. കെട്ടിടത്തിന്റെ പഴക്കവും അറ്റകുറ്റപ്പണികളിലെ വീഴ്ചയും അപകടത്തിന് കാരണമായതെന്ന് അധികൃതർ പറഞ്ഞു.
Kerala
കട്ടപ്പന: നഗരത്തിൽ സെൻട്രൽ ജംഗ്ഷനിൽ നിയന്ത്രണം നഷ്ടപ്പെട്ട മിനിലോറിയിച്ച് വഴിയാത്രക്കാരൻ മരിച്ചു. പൈനാവ് സ്വദേശി രാജു(70)വാണ് മരിച്ചത്. ചക്ക കയറ്റിവന്ന മിനിവാനാണ് അപകടത്തിൽപ്പെട്ടത്.
വഴിയാത്രക്കാരനേയും സമീപത്തുണ്ടായ വാഹനങ്ങളിലും ഇടിച്ചശേഷം വ്യാപാരസ്ഥാപനത്തിന്റെ മുൻപിൽ ഇടിച്ചാണ് മിനിലോറി നിന്നത്. രാജു വാഹനത്തിനടിയിൽപ്പെടുകയായിരുന്നു. തുടർന്ന് നാട്ടുകാരും കട്ടപ്പന സ്റ്റേഷനിൽനിന്നെത്തിയ പോലീസ് സംഘവും ചേർന്ന് രാജുവിനെ ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വാഹനത്തിന്റെ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. ബ്രേക്ക് തകരാറിലായതാണ് അപകടകാരണമെന്ന് സംശയിക്കുന്നു. എന്നാൽ പരിശോധനയ്ക്ക് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ.
Kerala
കഠിനംകുളം: തിരുവനന്തപുരം കഠിനംകുളത്ത് ബൈക്കിടിച്ച് കാൽനട യാത്രക്കാരിക്ക് ദാരുണാന്ത്യം. മര്യനാട് സ്വദേശി സെൽവെറ്റ് മേരി (51) ആണ് മരിച്ചത്. കഠിനംകുളം ആറാട്ട് വഴിയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ആയിരുന്നു അപകടം.
ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു അപകടം നടന്നത്. ആറാട്ട് വഴിയിൽ സെൽവെറ്റ് മേരി റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
അപകടത്തിൽ സെൽവെറ്റിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ബൈക്കോടിച്ചിരുന്ന യുവാവിനും അപകടത്തിൽ ഗുരുതര പരിക്കുണ്ട്. ഇരുവരെയും ഉടൻതന്നെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും സെൽവെറ്റിന്റെ ജീവൻ രക്ഷിക്കാനായില്ല.
District News
കൊച്ചി: കലൂര് സ്റ്റേഡിയം ലിങ്ക് റോഡില് കാറിടിച്ച് ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയില് ത്രീവ്രപരിചരണ വിഭാഗത്തില് പ്രവേശിപ്പിച്ചു.
തിരുവനന്തപുരം കരമന സ്വദേശി പ്രദീപ്കുമാറിനാ(47)ണ് പരിക്കേറ്റത്. ഇന്നലെ രാവിലെ ജോലിസ്ഥലത്തേക്ക് നടന്നു പോവുകയായിരുന്ന പ്രദീപ്കുമാറിനെ അമിതവേഗതയില് എത്തിയ കാറിടിക്കുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട കാർ സമീപത്തെ വൈദ്യുതി തൂണില് ഇടിച്ചു മറിഞ്ഞു.
കാര് ഓടിച്ചിരുന്ന പുല്ലേപ്പടി സ്വദേശി ബിലാലിനും പരിക്കേറ്റു. ഇയാളെ ആശുപത്രിയില് പ്രവേശിപ്പിച്ചു. സംഭവത്തില് പാലാരിവട്ടം പോലീസ് കേസെടുത്തു.
District News
കാഞ്ഞങ്ങാട്: പ്ലസ്ടു വിദ്യാര്ഥി ഓടിച്ച ബൈക്ക് കാല്നടയാത്രികനെ ഇടിച്ച് രണ്ടുപേരും മരിച്ചു. കാഞ്ഞങ്ങാട് മീനാപ്പീസ് സ്വദേശി നാഫിഫ് (17), കാഞ്ഞങ്ങാട് ചിത്താരി സ്വദേശി അബ്ദുള് മജീദ് (56) എന്നിവരാണ് മരിച്ചത്.
ബൈക്ക് യാത്രികനായ മീനാപ്പീസിലെ അമന് ഹാഷിം (17) പരിക്കേറ്റ് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില് ചികിത്സയിലാണ്. ഞായറാഴ്ച പുലര്ച്ചെ 2.45ഓടെ കാഞ്ഞങ്ങാട് മഡിയന് സംസ്ഥാനപാതയിലാണ് അപകടമുണ്ടായത്. നാഫിഫും ഹാഷിമും ഭക്ഷണം കഴിക്കാനായി ബൈക്കില് പോകുമ്പോഴാണ് റോഡ് മുറിച്ചുകടക്കുകയായിരുന്ന മജീദിനെ ഇടിച്ചത്.
ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. റഹീം-വഹീദ ദമ്പതികളുടെ മകനായ നാഫിഫ് അമ്പലത്തറ ജിവിഎച്ച്എസ്എസ് വിദ്യാര്ഥിയാണ്. സഹോദരി: നൂറി. ആമിനയാണ് മരിച്ച മജീദിന്റെ സഹോദരി. സംഭവത്തില് ഹൊസ്ദുര്ഗ് പോലീസ് മരിച്ച നാഫിഫിനെതിരെ അശ്രദ്ധമായ ഡ്രൈവിംഗിനും ജീവഹാനി വരുത്തിയതിനും കേസെടുത്തിട്ടുണ്ട്.
Kerala
പേരൂർക്കട: റോഡ് മുറിച്ചുകടന്ന കാൽനടയാത്രികനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ നാലു വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. കെഎസ്ആർടിസി ബസും രണ്ടു കാറും ഒരു സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്.
മണ്ണന്തല ആനന്ദവല്ലീശ്വരം ക്ഷേത്രത്തിനു സമീപത്തെ പെട്രോൾ പമ്പിന് മുന്നിൽ രാവിലെ 9.30 ഓടു കൂടിയായിരുന്നു അപകടം.
നാലു വാഹനങ്ങളും എം.സി റോഡിൽ നാലാഞ്ചിറ ഭാഗത്തേക്ക് പോകുകയായിരുന്നു. പൊടുന്നനെ കാൽനടയാത്രികൻ കുറുകെ ചാടിയതുകണ്ട് ഇരുചക്ര വാഹനം ഓടിച്ചിരുന്നയാൾ പെട്ടെന്ന് ബ്രേക്കിട്ടു. പിന്നാലെ വന്ന ബിഎംഡബ്ല്യു കാർ ഇരുചക്രവാഹന യാത്രികനെ ഇടിച്ചുതെറിപ്പിച്ചു. കൈക്ക് സാരമായി പരിക്കേറ്റ ഇദ്ദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.
ബിഎംഡബ്ല്യു കാറിനു പിന്നിൽ ടാറ്റ പഞ്ച് കാർ വന്നിടിക്കുകയായിരുന്നു. കാറുകൾ സഡൻ ബ്രേക്ക് ഇട്ടതിനെ തുടർന്ന് പിറകെ വരികയായിരുന്ന വികാസ് ഭവൻ ഡിപ്പോയിലെ ബസ് ടാറ്റാ പഞ്ച് കാറിനു പിന്നിലിടിച്ചു. മൂന്നു വാഹനങ്ങളും തകർന്നിട്ടുണ്ട്. ബസിന്റെ മുൻഭാഗവും തകർന്നു.
മണ്ണന്തല പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. അപകടത്തിൽപ്പെട്ട ഇരുചക്ര വാഹന യാത്രികന്റെ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Kerala
കൊച്ചി: പൈങ്ങോട്ടൂരില് നിയന്ത്രണം വിട്ട പിക്അപ് വാനിടിച്ച് കാല്നട യാത്രക്കാരിക്ക് ദാരുണാന്ത്യം. പനങ്കര കന്നാരത്തൊട്ടി മറ്റക്കോടിയില് ബേബിയുടെ ഭാര്യ ശോഭന (58) ആണ് മരിച്ചത്.
ഇന്ന് രാവിലെ 7.15ന് ആണ് സംഭവം. ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന വീട്ടിലേക്ക് പോവുകയായിരുന്ന ശോഭന, മൂവാറ്റുപുഴ-കാളിയാര് റൂട്ടില് മടത്തോത്ത്പാറയില് ബസ് ഇറങ്ങി നടന്നു പോകവെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട പിക്അപ് വാന് ശോഭനയെ പിന്നില് നിന്നും ഇടിക്കുകയായിരുന്നു.
പിക്അപ് വാന് തലകീഴായി സമീപത്തുള്ള പുരയിടത്തിലേക്ക് മറിഞ്ഞു. എന്നാല് ഡ്രൈവര്ക്കും വാഹനത്തിലുണ്ടായിരുന്ന സഹായിക്കും സാരമായ പരിക്കുകളില്ല.
വാഹനം മറിയുന്നതിന്റെ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരും പോത്താനിക്കാട് പോലീസും ചേര്ന്ന് ശോഭനയെ ഉടന് ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തില് പോലീസ് കേസെടുത്തു. സംസ്കാരം നാളെ രാവിലെ 11ന് ഞാറക്കാട് സെന്റ് ജോസഫ്സ് പള്ളിയില്.
District News
സുൽത്താൻ ബത്തേരി: ദേശീയപാതയിൽ കൊളഗപ്പാറയിൽ കാൽനടയാത്രക്കാരൻ കാറിടിച്ച് മരിച്ചു. ഛത്തീസ്ഗഡ് കദമാന്ദോന്ദി റായിഗ്രാഹ് സ്വദേശി വസന്തറാം(23) ആണ് മരിച്ചത്.
ഇന്നലെ രാവിലെ 10.30 ഓടെയായിരുന്നു അപകടം. കുഴൽക്കിണർ ജോലിക്കാരനായ വസന്തറാം താമസസ്ഥലത്ത് നിന്ന് റോഡിലേക്കിറങ്ങിയതായിരുന്നുവെന്നാണ് വിവരം. ബത്തേരിയിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്നു കാറാണ് ഇദ്ദേഹത്തെ ഇടിച്ചത്.
തലയ്ക്ക് പരിക്കേറ്റ യുവാവിനെ ബത്തേരി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മീനങ്ങാടി എസ്ഐ കെ.എ. പൗലോസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബംഗളൂരൂവിലേക്ക് കൊണ്ടുപോയി. അവിടെ നിന്ന് വിമാനത്തിൽ നാട്ടിലെത്തിക്കും. ഇടിച്ചശേഷം നിർത്താതെ പോയ കാർ മീനങ്ങാടിയിൽ നിന്ന് കണ്ടെത്തി.
National
മുംബൈ: മഹാരാഷ്ട്രയിൽ കാൽനടയാത്രക്കാർക്കിടയിലേക്ക് ബസ് ഇടിച്ചുകയറി നാലു പേർ മരിച്ചു. മുംബൈയിലെ ഭാണ്ഡൂപിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. ബൃഹൻമുംബൈ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്പോർട്ടിന്റെ (ബെസ്റ്റ്) ബസാണ് അപകടമുണ്ടാക്കിയത്.
ബസ് പിന്നിലോട്ട് എടുക്കുന്നതിനിടെ കാൽനടയാത്രക്കാർക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിന് പിന്നാലെ സ്ഥലത്ത് വലിയ പോലീസ് സംഘമെത്തി തുടർനടപടികൾ സ്വീകരിക്കുകയും ഗതാഗതം നിയന്ത്രിക്കുകയും ചെയ്തു.