തൃശൂർ: അഗ്നിരക്ഷാസേന ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിൽ മഹത്തായ പങ്കാണ് വഹിക്കുന്നതെന്നും ദുരന്തമുഖങ്ങളിൽ ആദ്യഘട്ടം മുതൽ പ്രവർത്തിക്കുന്ന ഇവരെ ജനങ്ങൾ ദൈവതുല്യരായാണ് കാണുന്നതെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
രാമവർമപുരം കേരള ഫയർ ആൻഡ് റെസ്ക്യു അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ 141 ഉദ്യോഗസ്ഥരുടെ പാസിംഗ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പരേഡിൽ പങ്കെടുത്ത 141 പേരിൽ പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്തുനിന്നു പരിശീലനത്തിനായി എത്തിച്ചേർന്ന 51 പേരും ഉൾപ്പെടുന്നു. വളരെ കുറഞ്ഞ സമയംകൊണ്ട് മികച്ച അച്ചടക്കവും ആത്മവിശ്വാസവും പ്രകടിപ്പിക്കാൻ ഇവർക്കു സാധിച്ചു.
തീപിടിത്തങ്ങളിൽ മാത്രമല്ല, വെള്ളപ്പൊക്കം ഉൾപ്പടെയുള്ള മറ്റ് അപകടസാഹചര്യങ്ങളിലും സേന മുഖ്യപങ്ക് വഹിക്കുന്നുണ്ട്. തീപിടിത്തത്തിലും മറ്റു ദുരന്തങ്ങളിലും സേന നടത്തുന്ന രക്ഷാപ്രവർത്തനങ്ങൾ അഭിമാനാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിശീലനം പൂർത്തിയാക്കിയവരിൽ ഭൂരിഭാഗവും ഉന്നതവിദ്യാഭ്യാസയോഗ്യതയുള്ളവരാണ്. എംഎ, എംഎസ്സി, എംസിഎ, എംഎസ്ഡബ്ല്യു യോഗ്യതയുള്ളവർക്കു പുറമേ 26 ബികോം ബിരുദധാരികളും, 22 ബിഎസ്സി, 20 ബിടെക്, ആറു ബിസിഎ, ഏഴ് ഡിപ്ലോമ, ഏഴ് ഐടിഐ, 14 പ്ലസ് ടു യോഗ്യതയുള്ളവരും ഈ ബാച്ചിലുണ്ട്. ചടങ്ങിൽ ഫയർ അക്കാദമി ഡയറക്ടറും എഡിജിപിയുമായ ബൽറാം കുമാർ ഉപാധ്യായ, രാജൻ ജെ. പല്ലൻ എംഎൽഎ തുടങ്ങിയവർ പങ്കെടുത്തു.