കൊച്ചി: കെഎസ്ഇബി ഓഫീസേഴ്സ് ഫെഡറേഷന് സംസ്ഥാന സമ്മേളനത്തിൽ വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പ്രംസംഗത്തിനിടെ പവര്‍ കട്ട്. വൈദ്യുതി പ്രതിസന്ധിയെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് വൈദ്യുതി തടസപ്പെട്ടത്. ഇതോടെ പാതിവഴിയില്‍ പ്രസംഗം അവസാനിപ്പിച്ച് മന്ത്രി വേദിവിട്ടു.
ഈ വകുപ്പ് ഏറ്റെടുത്തപ്പോള്‍ എ.കെ. ആന്റണി പറഞ്ഞ കാര്യങ്ങളും മന്ത്രി പ്രസംഗത്തിനിടെ പറഞ്ഞിരുന്നു. എ.കെ. ആന്റണി എന്നോട് രണ്ടു-മൂന്നു വട്ടം ഇങ്ങോട്ട് പറഞ്ഞു, സണ്ണി തന്റെ തലയില്‍ കുരിശാണ് വച്ചുകെട്ടിയിരിക്കുന്നതെന്ന്. മുള്‍ക്കീരിടം ആണെന്ന് എ.കെ. ആന്റണി പറഞ്ഞെങ്കിലും അതൊരു പുഷ്പ കിരീടം ആക്കാനുള്ള ശ്രമമാണ് താന്‍ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞതിന് പിന്നാലെയായിരുന്നു വൈദ്യുതി പോയത്.
സംഭവത്തില്‍ പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോട്, തന്റെ പ്രസംഗം എപ്പോള്‍ നിര്‍ത്തണമെന്ന് വൈദ്യുതി വകുപ്പിന് അറിയാമെന്ന രസകരമായ മറുപടിയാണ് മന്ത്രി നല്‍കിയത്. പകല്‍ സമയത്ത് പവര്‍കട്ട് വരുന്നത് വൈദ്യുതി നിയന്ത്രണത്തിന്റെ ഭാഗമല്ല. ഒരു സെക്കൻഡ് നേരത്തെ ഫെയിലര്‍ ആണ്. അത് എവിടെ വേണമെങ്കിലും സംഭവിക്കാമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, വൈദ്യുതി നിയന്ത്രണം തുടരുമെന്ന് മന്ത്രി ഇന്ന് വ്യക്തമാക്കിയിരുന്നു. വൈദ്യുതി പ്രതിസന്ധി സ്വിച്ച് ഇട്ട് നിര്‍ത്താന്‍ സാധിക്കില്ല. ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കുന്നുവെന്നും എന്നാല്‍, വൈദ്യുതി ഒന്നിലേറെ സമയങ്ങളില്‍ മുടങ്ങേണ്ട സാഹചര്യമാണുള്ളതെന്നും മന്ത്രി കൊച്ചിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.