കോതമംഗലം: കോതമംഗലത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ ശ്രദ്ധേയ സ്ഥാനം വഹിക്കുന്ന ശോഭന പബ്ലിക് സ്കൂൾ രജതജൂബിലി നിറവിൽ. രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആരോഗ്യത്തിന്റെയും ഐക്യത്തിന്റെയും കൂട്ടായ്മയുടെയും സന്ദേശം ഉയർത്തി ഇന്നു വൈകുന്നേരം 3.30ന് ശോഭന സിൽവർ റൺ 2026- റൺ ഫോർ എക്സലൻസ് എന്ന പേരിൽ മിനി മാരത്തൺ സംഘടിപ്പിക്കും.
കോതമംഗലം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച് റവന്യൂ ടവറിന് സമീപം സമാപിക്കുന്ന മാരത്തൺ ഷിബു തെക്കുംപുറം എംഎൽഎ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്സൺ ഭാനുമതി രാജു, വൈസ് ചെയർപേഴ്സൺ പ്രിൻസ് വർക്കി ഉൾപ്പടെയുള്ള ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും. പ്രിൻസിപ്പൽ സിസ്റ്റർ രൻജിൽ റാണി, സ്കൂൾ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ലിസ്മരിയ, ശോഭന ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ ഹെഡ്മാസ്റ്റർ സിജി അഗസ്റ്റിൻ, വാർഡ് കൗൺസിലർ ഷിബു കുര്യാക്കോസ്, പിടിഎ പ്രസിഡന്റ് ബിനു ചെറിയാൻ എന്നിവർ പ്രസംഗിക്കും.
രജതജൂബിലിയുടെ സമാപന ആഘോഷമായ റൂഹ് - സിൽവർ ജൂബിലി സെലിബറേഷൻ 26ന് നടത്തും. ഉച്ചകഴിഞ്ഞ് രണ്ടിന് മുൻ മാനേജർമാർ, പ്രിൻസിപ്പൽമാർ, അധ്യാപകർ, പിടിഎ പ്രസിഡന്റുമാർ, ഡ്രൈവർമാർ എന്നിവരെ ആദരിക്കും. ഒന്നുമുതൽ നാലുവരെ ക്ലാസുകളിലെ വിദ്യാർഥികൾ അവതരിപ്പിക്കുന്ന കലാപരിപാടികളും വൈകുന്നേരം നാലിന് ഔദ്യോഗിക രജതജൂബിലി സമ്മേളനവും നടത്തും. മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യും. സിഎസ്എൻ സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയർ ജനറൽ മദർ ആനി ജോസ് അധ്യക്ഷയായിരിക്കും.
കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അനുഗ്രഹപ്രഭാഷണം നടത്തും. നിയമസഭാ ചീഫ് വിപ്പ് അപു ജോൺ ജോസഫാണ് മുഖ്യാതിഥി. ചലച്ചിത്രതാരം മനോജ് കെ. ജയൻ സെലിബ്രിറ്റി ഗസ്റ്റായും പങ്കെടുക്കും. സിഎസ്എൻ സെന്റ് മേരീസ് പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ മദർ ദിവ്യ വിശിഷ്ടാതിഥിയായിരിക്കും. എംഎൽഎമാരായ ഷിബു തെക്കുംപുറം, മാത്യു കുഴൽനാടൻ, മുനിസിപ്പൽ ചെയർപേഴ്സൺ ഭാനുമതി രാജു തുടങ്ങിയവർ പ്രസംഗിക്കും. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 27ന് വൈകുന്നേരം ഏഴിന് പത്തനംതിട്ട ഒറിജിനൽസ് ഓർക്കസ്ട്ര അവതരിപ്പിക്കുന്ന ഗാനമേള. സംഗീതവിരുന്നിലേക്ക് പ്രവേശനം സൗജന്യമാണ്.
മികച്ച ഇംഗ്ലീഷ് വിദ്യാഭ്യാസവും മൂല്യാധിഷ്ഠിതമായ ആദർശങ്ങളും സാധാരണക്കാരായ കുടുംബങ്ങളിലെ കുട്ടികൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഫാ. ജോൺ മാതേക്കൽ ആരംഭിച്ചതാണ് ശോഭന ഇംഗ്ലീഷ് മീഡിയം സ്കൂൾ. നസ്രത്ത് സന്യാസിനി സമൂഹം 2002ൽ സിബിഎസ്ഇ പാഠ്യപദ്ധതിയിലുള്ള ശോഭന പബ്ലിക് സ്കൂളിന് തുടക്കം കുറിച്ചു. രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിദ്യാഭ്യാസം, കല, കായികം, ശാസ്ത്രം, സാങ്കേതികവിദ്യ, സാമൂഹിക സേവനം തുടങ്ങിയ മേഖലകളിലായി നിരവധി പ്രവർത്തനങ്ങളാണ് ഈ വർഷം നടത്തിയത്.