അഞ്ചല്‍ : പുസ്തകം വായിച്ചപ്പോള്‍ തെറ്റിച്ചുവെന്ന കുറ്റത്തിന് ഏഴാം ക്ലാസ് വിദ്യാര്‍ഥിനിക്ക് അധ്യാപകന്റെ ക്രൂരമായ ശിക്ഷ. കുട്ടിയുടെ രണ്ട് കാലിന്റെയും പിന്‍ഭാഗം ചൂരല്‍ വടികൊണ്ടു അടിച്ചു പൊട്ടിച്ചു.
ഗുരുതരമായി പരിക്കേറ്റ അലയമണ്‍ കരുകോണ്‍ ഇരുവേലിക്കല്‍ റിയാസ് - റെജീന ദമ്പതികളുടെ മകള്‍ റിക്സ്വാനയ്ക്കാണ് ചൂരല്‍ കൊണ്ടുള്ള അടിയേറ്റത്. കരുകോണ്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപമുള്ള ഫോക്കസ് ട്യൂഷന് സെന്ററിലെ അധ്യാപകന് പുഞ്ചക്കോണം സ്വദേശി സൂഫിയനാണ് അടിച്ചത്.
വെള്ളിയാഴ്ച വൈകുന്നേ രം ട്യൂഷന് വിട്ടു വീട്ടിലെത്തിയ കുട്ടി കരയുന്നത് ശ്രദ്ധയില്‍പ്പെട്ട മാതാവ് വിവരം തിരക്കിയപ്പോള്‍ ഇനി ട്യൂഷന് സെന്ററിലേക്ക് ഇല്ലെന്നു പറയുകയായിരുന്നു. കൂടുതല്‍ വിശദമായി ചോദിച്ചതോടെയാണ് മര്‍ദനവിവരം കുട്ടി മാതാവിനോടു വെളിപ്പെടുത്തുന്നത്. ഉടന്‍ കുട്ടിയെ അഞ്ചല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. ശേഷം അഞ്ചല്‍ പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. കുട്ടിയുടെ മാതാവിന്റെ പരാതിയി ജുവനൈല്‍ ജസ്റ്റിസ് ആക്ട് ഉള്‍പ്പെടെ ചുമത്തി സൂഫിയാനെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്.
കുട്ടിയെ മര്‍ദിച്ച വിവരം ചോദിച്ച രക്ഷിതാക്കളോട് ഇനിയും അടിക്കുമെന്നും വേണമെങ്കില്‍ പഠിച്ചാല്‍ മതിയെന്ന മറുപടിയാണ് അധ്യാപകന് നല്‍കിയതെന്നും നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും കുട്ടിയുടെ രക്ഷിതാക്കള്‍ പറഞ്ഞു.
കുട്ടിയുടെ സഹോദരനെയും മുമ്പ് മര്‍ദിച്ചതായി മാതാവ് വ്യക്തമാക്കി ചൈല്‍ഡ് ലൈന്‍ അധികൃതര്‍ക്ക് ഉള്‍പ്പടെ പരാതി നാല്‍കാനുള്ള തീരുമാനത്തിലാണ് ബന്ധുക്കള്‍. പ്രതിക്കായി അന്വേഷണം ആരംഭിച്ചതായി പൊലിസ് അറിയിച്ചു. അതേസമയം, അധ്യാപകനെതിരെ കൂടുതല്‍ പരാതികള്‍ പൊലിസിന് ലഭിച്ചിട്ടുണ്ട്.