മൂവാറ്റുപുഴ: കൗമാരക്കാരന് ഓടിച്ച സ്കൂട്ടറിടിച്ച് കാല്നടയാത്രക്കാരന് മരിച്ച കേസില്‍ ഇന്‍ഷ്വറന്‍സ് കമ്പനി നല്കുന്ന 29 ലക്ഷം രൂപ നഷ്ടപരിഹാരം വാഹന ഉടമയായ പിതാവില്‍ നിന്ന് തിരിച്ചുപിടിക്കാന്‍ മൂവാറ്റുപുഴ മോട്ടോര്‍ ആക്സിഡന്റ്സ് ക്ലെയിംസ് ട്രൈബ്യൂണല്‍ ജഡ്ജി കെ.എന്‍. ഹരികുമാര്‍ ഉത്തരവിട്ടു.
ആരക്കുഴ പണ്ടപ്പിള്ളി തോട്ടക്കര ശിവക്ഷേത്രത്തിന് സമീപം റോഡരികിലൂടെ നടന്നുപോകുകയായിരുന്ന മീങ്കുന്നം നീര്ക്കാനയില് എന്‍.എം. ജേക്കബിനെ(59) 2023 ഒക്ടോബർ ഒന്‍പതിന് അമിതവേഗത്തിലെത്തിയ സ്കൂട്ടര്‍ പിന്നില്‍നിന്ന് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ജേക്കബ് നാലു ദിവസത്തിനുശേഷം മരിച്ചു.
ഡ്രൈവിംഗ് ലൈസന്‍സില്ലാത്ത പ്രായപൂര്‍ത്തിയാകാത്ത മകന് വാഹനം ഓടിക്കാന്‍ നല്‍കിയതിലൂടെ ഉടമ മോട്ടോര്‍ വാഹന നിയമവും ഇന്‍ഷ്വറന്‍സ് പോളിസി വ്യവസ്ഥകളും ലംഘിച്ചതായി കോടതി കണ്ടെത്തി.
മരിച്ച ജേക്കബിന്റെ ഭാര്യ എമിലി, മക്കളായ ശാലു, ശരത് എന്നിവര്‍ക്ക് ഇന്‍ഷ്വറന്‍സ് കമ്പനി നഷ്ടപരിഹാരമായി 21,96,000 രൂപയും എട്ടുശതമാനം പലിശയും കോടതിച്ചെലവും അടക്കം ആകെ 29 ലക്ഷം രൂപ നല്‍കാനാണ് ഉത്തരവ്. ഈ തുക ഇന്‍ഷ്വറന്‍സ് കമ്പനിക്ക് കുട്ടിയുടെ പിതാവില്‍നിന്ന് ഈടാക്കാവുന്നതാണെന്നും വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.