രേണു സുധി
കാൻസർ ചികിത്സയുടെ ഭാഗമായി നാല് കീമോ ഇതുവരെ പൂർത്തിയായെന്നും കീമോ ശരീരത്തെ തളർത്തിക്കളഞ്ഞുവെന്നും രേണു സുധി. ഇനി രണ്ട് കീമോ കൂടി ബാക്കിയുണ്ടെന്നും രേണു പറഞ്ഞു.
‘‘ഈ നാലാമത്തെ കീമോ കഴിഞ്ഞ് ഞാൻ എഴുന്നേറ്റിട്ടില്ല. സാധാരണ എല്ലാ കീമോയും കഴിയുമ്പോൾ ഇത്ര ക്ഷീണംവരുന്നതല്ല. ഇത്തവണ കിടപ്പു തന്നെയായിരുന്നു. മുഴുവൻ സമയവും ഛർദിയായിരുന്നു. ചേച്ചിയുടെ മകന്റെ പിറന്നാൾ ആയതുകൊണ്ടാണ് ഇപ്പോൾ എഴുന്നേറ്റത്.
ഇൻസ്റ്റഗ്രാമിൽ റീൽ പോസ്റ്റ് ചെയ്യാൻ പോലും സാധിക്കുന്നില്ല. എന്നെ സ്നേഹിക്കുന്ന ആളുകളുടെ ഫോൺ പോലും എടുക്കാൻ പറ്റുന്നില്ല. എനിക്ക് കോടികളുടെ വരുമാനമൊന്നുമില്ല, ബിഗ് ബോസിൽ നിന്നും അത്ര വലിയ ലക്ഷങ്ങളൊന്നും കിട്ടിയിട്ടില്ല. പണ്ട് മുതലെ അഞ്ച് രൂപയ്ക്കും പത്തുരൂപയ്ക്കും പോയി. ഞാനന്ന് മണ്ടിയായിരുന്നു. എല്ലാവരും എന്നെ വച്ച് റീച്ച് ഉണ്ടാക്കി.
ബിഗ് ബോസിൽ വിളിച്ചപ്പോഴും പൈസ വളരെ കുറച്ചാണ് പറഞ്ഞത്. അന്ന് എന്നെ തിരുത്താൻ ആരുമില്ലായിരുന്നു. പിന്നീടാണ് ഞാൻ അറിഞ്ഞത്, ഏറ്റവും കുറവ് പ്രതിഫലവും എനിക്കാണെന്ന്. എന്റെ ആകെയുള്ള വരുമാനം യുട്യൂബും സബ്സ്ക്രിപ്ഷനുമാണ്.
സത്യം പറഞ്ഞാൽ എന്നെ ചീത്ത വിളിച്ചവരും അപമാനിച്ചവരും അറിയേണ്ടകാര്യമുണ്ട്. ഈ സബ്സ്ക്രിപ്ഷനിൽ നിന്നാണ് നാല് കീമോയ്ക്കുള്ള പൈസ ഒപ്പിച്ചത്. ആരോഗ്യം തിരിച്ചുവന്നാൽ സബ്സ്ക്രിപ്ഷനുമായി മുന്നോട്ടുപോകും. അതിന് ആര് എതിരുവന്നാലും എനിക്ക് വിഷയമല്ല. ഞാൻ ചാവാൻ നോക്കിയിരിക്കുന്ന ഒരുപാട് പേരുണ്ടെന്ന് എനിക്കറിയാം. ഇനി എന്നെക്കൊണ്ട് റീച്ച് ഉണ്ടാക്കാൻ പറ്റില്ലെന്ന് അവർക്കറിയാം.
രണ്ട് ലക്ഷം രൂപയുടെ മരുന്നാണ് ഇതുവരെ മേടിച്ചത്. കീമോ കഴിഞ്ഞതോടെ പൈസ ഉള്ളതൊക്കെ തീർന്നു. അറിഞ്ഞും കേട്ടും സഹായിച്ച ഒരുപാട് പേരുണ്ട്. ഒരു ഓൺലൈൻ മീഡിയയും എന്നെ തിരിഞ്ഞു നോക്കിയിട്ടില്ല. ആരൊക്കെ എന്റെ കൂടെയുണ്ടെന്ന് ഇപ്പോൾ എനിക്ക് മനസിലായി. അഞ്ചാമത്തെ കീമോയിലേക്ക് കടക്കുകയാണ്. അത് കീമോയുടെ അവസാന ഭാഗം കൂടിയാണ്. ഇനി ഒരു കീമോ കൂടിയെ ബാക്കിയുള്ളൂ.
പലരുടെയും വിചാരം രേണു സുധി തീർന്നുവെന്നാണ്, അത് തെറ്റാണ്, മുറി കൂടുന്ന ഐറ്റമാണ് രേണു. ആറാമത്തെ കീമോയും സർജറിയും കഴിഞ്ഞ് തിരിച്ചുവന്നിരിക്കും.’’രേണു സുധിയുടെ വാക്കുകൾ.
Tags : Renu Sudhi Subscription Recovery cancer