ഹൈദരാബാദ്: തെലങ്കാനയിലെ ഒരു കോടി സ്ത്രീകളെ കോടീശ്വരികളാക്കുമെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. 2034ഓടെ ലക്ഷ്യം പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളെ സ്വയം സഹായ സംഘങ്ങളിലൂടെ സാമ്പത്തികമായി ശാക്തീകരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
തന്റെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഇതോടകം തന്നെ 70 ലക്ഷം സ്ത്രീകൾ സ്വയം സഹായ സംഘങ്ങളിൽ അംഗങ്ങളായിട്ടുണ്ട്. സ്ത്രീകളുടെ ഉന്നമനത്തിന് മുൻഗണന നൽകുന്ന സർക്കാരാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ത്രീകൾ സാമ്പത്തികമായി ശക്തരും സംരംഭകരുമായി മാറേണ്ടതുണ്ട്. ജന്മദിനാഘോഷത്തോടനുബന്ധിച്ചുള്ള പരിപാടിക്കിടെ തന്നെ ഈ കാര്യം അറിയിക്കാനായതിൽ സന്തോഷമുണ്ട്. സംസ്ഥാനത്ത് പുതിയതായി 4.5 ലക്ഷം പെൻഷനുകൾ അനുവദിച്ചതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.