രേവന്ത് റെഡ്ഡി
ന്യൂഡൽഹി: തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയുടെ അമേരിക്കൻ പര്യടനത്തിന് രാഷ്ട്രീയ അനുമതി നിഷേധിച്ച് കേന്ദ്ര സർക്കാർ. സന്ദർശനത്തിനായി സമർപ്പിച്ച പരിപാടികൾ മുഖ്യമന്ത്രി വഹിക്കുന്ന പദവിക്ക് അനുയോജ്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ചത്. അതേസമയം അദ്ദേഹത്തിന്റെ യുകെ പര്യടനത്തിന് കേന്ദ്രം അനുമതി നൽകിയിട്ടുണ്ട്.
മുഖ്യമന്ത്രിമാർ ഉൾപ്പെടെയുള്ള പ്രമുഖരുടെ വിദേശസന്ദർശനങ്ങൾ വിദേശകാര്യമന്ത്രാലയം കൃത്യമായി വിലയിരുത്തിയ ശേഷമാണ് അനുമതി നൽകുന്നതെന്ന് മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. ഈ പ്രത്യേക കേസിൽ അമേരിക്കൻ സന്ദർശനത്തിനായി സമർപ്പിച്ച പരിപാടികളും സന്ദർശന ലക്ഷ്യവും പദവിക്ക് അനുയോജ്യമല്ലാത്തതിനാലാണ് അനുമതി നൽകാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര സർക്കാരിന്റേത് രാഷ്ട്രീയ പ്രേരിതമായ തീരുമാനമാണെന്ന് തെലങ്കാന മുഖ്യമന്ത്രിയുടെ ഓഫീസ് ആരോപിച്ചു. ഔദ്യോഗിക പ്രതിനിധി സംഘത്തോടൊപ്പം നിലവിൽ ലണ്ടനിലുള്ള രേവന്ത് റെഡ്ഡി, അമേരിക്കൻ യാത്ര ഉപേക്ഷിച്ച് ഓഗസ്റ്റ് 23-ന് ഹൈദരാബാദിലേക്ക് മടങ്ങും.
എന്നാൽ, ബോസ്റ്റൺ, ന്യൂയോർക്ക് എന്നിവിടങ്ങളിലെ പ്രമുഖ സർവ്വകലാശാലകളുമായി ധാരണാപത്രങ്ങളിൽ ഒപ്പുവെക്കാൻ ഔദ്യോഗിക സംഘത്തോട് പര്യടനവുമായി മുന്നോട്ട് പോകാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.
Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash RevanthReddy Congress