Kerala
മണർകാട്: ഓട്ടോ റിക്ഷയിൽ നിന്നു പുക വന്നതിനെ തുടർന്ന് ഓട്ടോറിക്ഷ റോഡരികിൽ നിർത്തി റോഡിൽ ഇരുന്ന് പരിശോധന നടത്തിയ യുവാവിനെ ഇതേ ദിശയിൽ നിന്നു തന്നെ എത്തിയ കാർ ഇടിച്ചു മരിച്ചു.
പാമ്പാടി വെള്ളൂർ പങ്ങട വടക്കേപ്പറമ്പിൽ ജോസിന്റെ മകൻ എമിൽ ജോസാ(20)ണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. മണർകാട് നാലു മണിക്കാറ്റ് ഭാഗത്ത് എത്തിയപ്പോഴാണ് എമിലും സുഹൃത്തുക്കളും സഞ്ചരിച്ച ഓട്ടോറിക്ഷയിൽ നിന്നു പുക വരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ ഇവർ ഓട്ടോറിക്ഷ റോഡരികിൽ ഒതുക്കി.
റോഡിൽ ഇരുന്ന ശേഷം ഓട്ടോയുടെ അടിയിൽ എമിൽ കുനിഞ്ഞു പരിശോധിക്കുന്നതിനിടെ ഏറ്റുമാനൂരിൽ നിന്നു മണർകാട് ഭാഗത്തേക്ക് വരികയായിരുന്ന കാർ എമിലിനെ ഇടിയ്ക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ യുവാവിനെ മണർകാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നു സംശയിക്കുന്നു.സഹോദരൻ - എബിൻ, അമ്മ - സെലിൻ ജോസ്. സംസ്ക്കാരം പിന്നീട് .
Kerala
പുതുക്കാട്: പിഎസ്സി ചോദ്യപേപ്പറുകൾ വഴിയോരത്ത് ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി.
കോഴിക്കോട് ജില്ലയിൽ വിവിധ സെന്ററുകളിൽ നടന്ന പിഎസ്സി പരീക്ഷയുടെ ചോദ്യപേപ്പറുകളാണ് കെട്ടുകളായി പുതുക്കാട് പാഴായി റോഡിലെ അരമന പാലത്തിനു സമീപത്ത് ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത്. രാവിലെ നാട്ടുകാരാണ് റോഡിൽ കിടക്കുന്ന ചോദ്യപേപ്പറുകൾ കണ്ടത്.
കഴിഞ്ഞ സെപ്റ്റംബറിൽ പിഎസ്സി നടത്തിയ വിവിധ തസ്തികകളിലേക്കുള്ള പരീക്ഷകളുടെ ചോദ്യപേപ്പറുകളാണു കിട്ടിയത്. പരീക്ഷയ്ക്കുശേഷം ബാക്കിവരുന്ന ചോദ്യപേപ്പറുകൾ അതതു പിഎസ്സി ജില്ലാ ഓഫീസുകളിൽ എത്തിച്ച് കരാറുകാർക്കു കൈമാറുകയാണു പതിവ്.
കരാറുകാർ ചോദ്യപേപ്പറുകൾ തിരുവനന്തപുരത്തെ പിഎസ്സി ഹെഡ് ഓഫീസിൽ എത്തിക്കണം. ഇങ്ങനെ കൊണ്ടുപോകുന്നതിനിടെ വാഹനത്തിൽനിന്നു വീണുപോയതാണെന്നു പറയുന്നു. പുതുക്കാട് പോലീസ് സ്റ്റേഷനിലേക്കു മാറ്റിയ ചോദ്യപേപ്പറുകൾ പിന്നീട് കരാറുകാർ എത്തി കൊണ്ടുപോയി.
Kerala
കണ്ണൂര്‍: യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി. തിലങ്കേരി കുണ്ടോട് റോഡരികിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂര്‍ മട്ടന്നൂർ കളറോഡ് സ്വദേശി സിദ്ധാർത് ആണ് മരിച്ചത്.
ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയി. പോസ്റ്റ്മോര്ട്ടത്തിനുശേഷമായിരിക്കും മൃതദേഹം ബന്ധുകൾക്ക് വിട്ടുനൽകും.
യുവാവിനെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം നടത്തുന്നതിനിടെയാണ് റോഡരികിലെ ആളൊഴിഞ്ഞ കുറ്റിക്കാട്ടിൽ മരിച്ച നിലയിൽ സിദ്ധാർതിനെ കണ്ടെത്തിയത്.നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്.