കൊച്ചി: കോതമംഗലം കീരംപാറയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാന വീടിന്റെ മേല്‍ക്കൂര തകര്‍ത്തു. പുന്നേക്കാട് കൂരികുളം സ്വദേശി ഷെജി കുമാറിന്റെ വീടിന്റെ മേല്‍ക്കൂരയാണ് തകര്‍ത്തത്. ഇന്നലെ രാത്രി 11.30 ഓടെയാണ് ആന എത്തിയത്. എന്നാല്‍ വീട്ടുകാര്‍ക്ക് പരിക്കേറ്റില്ല.
കാട്ടാന ഭീതിയില്‍ പേടിച്ചാണ് ഷെജിയും മാതാപിതാക്കളും ഭാര്യയും കുട്ടികളും അടങ്ങുന്ന കുടുംബം കഴിയുന്നത്. എട്ടു വര്‍ഷമായി കാട്ടാന ഈ പ്രദേശത്ത് എത്തുന്നുണ്ട്. ആനയെ ഓടിച്ചു വിടുമെങ്കിലും ആന തിരിച്ചെത്തും. നേരത്തെ രാത്രിയാണ് ആന എത്തിക്കൊണ്ടിരുന്നതെങ്കില്‍ ഇപ്പോള്‍ വൈകുന്നേരം ആറിനുള്ളില്‍ ജനവാസ മേഖലയില്‍ എത്തുകയാണ്.
വനംവകുപ്പ് ഉദ്യോഗസ്ഥരോട് നടപടി എടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ഒരു തീരുമാനവും ഉണ്ടായിട്ടില്ല. ഇന്നലെ രാത്രി ഒരു കാട്ടാന മാത്രമാണ് എത്തിയതെങ്കിലും ദിവസങ്ങള്‍ക്ക് മുമ്പ് ഒരു കൊമ്പനും രണ്ടു പിടിയാനുകളും ഒരു കുട്ടിയാനയുമാണ് പ്രദേശത്ത് എത്തിയത് എന്നാണ് ഷെജി കുമാര്‍ പറയുന്നത്.