ശ്രീകണ്ഠപുരം (കണ്ണൂർ): കുളിമുറി ദൃശ്യം പകർത്തിയെന്ന പെൺകുട്ടിയുടെ പരാതിയിൽ എസ്എഫ്ഐ നേതാവിനെതിരേ കേസ്.
പൈസക്കരി സ്വാശ്രയ കോളജിലെ യുയുസി നവനീതിനെതിരേയാണ് പോലീസ് കേസെടുത്തത്. പ്രതിയെ അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. നിസാര വകുപ്പുകൾ ചുമത്തി കേസെടുത്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത് ശരിയായില്ലെന്നു ചൂണ്ടിക്കാട്ടി പെൺകുട്ടി ആഭ്യന്തരമന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 20ന് രാത്രി എട്ടിന് ചെമ്പന്തൊട്ടി ചുഴലിയിലാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടി വീടിന് പുറത്തെ കുളിമുറിയിൽ കുളിക്കുന്നതിനിടെ ഭിത്തിയിലെ വിടവിലൂടെ മൊബൈൽഫോൺ കാണുകയായിരുന്നു.
ബഹളം വച്ചതിനെത്തുടർന്ന് ഓടിയെത്തിയ ബന്ധുക്കൾ നവനീതിനെ തടഞ്ഞുവച്ച് ഫോൺ പരിശോധിച്ചപ്പോൾ കുളിക്കുന്ന ദൃശ്യങ്ങളും നേരത്തെ തന്റെ വീടിന് സമീപത്തുനിന്ന് പകർത്തിയ മറ്റു ദൃശ്യങ്ങളും കണ്ടെത്തിയെന്നാണ് പരാതിയിൽ പറയുന്നത്. ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.