ഐഷി ഘോഷിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
തിരുവനന്തപുരം: ഡൽഹിയിലെ സിപിഎം കേന്ദ്രകമ്മിറ്റി ഓഫീസിൽ കടന്നുകയറി എസ്എഫ്ഐ നേതാവും ജെഎൻയു വിദ്യാർഥി യൂണിയൻ മുൻ പ്രസിഡന്റുമായ ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പോലീസ് നടത്തിയ ശ്രമം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ താത്പര്യങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുന്ന ഡൽഹി പോലീസിന്റെ നടപടി കടുത്ത ജനാധിപത്യ ധ്വംസനവും പൗരന്മാരുടെ ഭരണഘടനാ അവകാശങ്ങളുടെ നഗ്നമായ ലംഘനവുമാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
കോടതിയിലുള്ള ഒരു പഴയ കേസിന്റെ പേരിൽ പാർട്ടി ഓഫീസിൽ കടന്ന് അറസ്റ്റു ചെയ്യാൻ ശ്രമിച്ചത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. ജന്തർ മന്തറിൽ കേന്ദ്ര സർക്കാരിനും സംഘപരിവാർ ശക്തികൾക്കുമുണ്ടായ കനത്ത തിരിച്ചടിയുടെ ജാള്യത മറയ്ക്കാനുള്ള പ്രതികാര നടപടിയായേ ഇതിനെ കാണാൻ കഴിയൂ എന്നും അദ്ദേഹം വ്യക്തമാക്കി. കള്ളക്കേസുകളിൽ കുടുക്കിയും ഭയപ്പെടുത്തിയും വിദ്യാർഥി പ്രസ്ഥാനങ്ങളെ നിശബ്ദരാക്കാമെന്ന് കരുതുന്നത് വ്യാമോഹം മാത്രമാണെന്നും ഇത്തരം വിരട്ടലുകൾക്ക് മുന്നിൽ മുട്ടുമടക്കുന്നവരല്ല എസ്എഫ്ഐയെന്നും പിണറായി വിജയൻ ഓർമിപ്പിച്ചു.
സിപിഎം കേന്ദ്ര കമ്മിറ്റി ഓഫീസിൽ അതിക്രമിച്ചു കടക്കാനുള്ള നീക്കത്തെ അപലപിച്ച അദ്ദേഹം, സഖാവ് ഐഷി ഘോഷിനും എസ്എഫ്ഐക്കും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ഈ വേട്ടയാടലിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നുവരണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു.
Tags : PinarayiVijayan AisheGhosh SFIleader DeepikaNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash