കോട്ടയം: മധ്യകേരളം കാത്തിരിക്കുന്ന പുതിയ റെയില്‍ പാതയായ അങ്കമാലി -ശബരി റെയില്‍വേ നിര്‍മിക്കാനുള്ള സ്ഥലമെടുപ്പ് ഓഫീസുകള്‍ തുറക്കുന്നതു വൈകുന്നു. കഴിഞ്ഞ ജനുവരിയിലാണ് റെയില്‍വേ മന്ത്രാലയം ശബരി റെയില്‍വേ നിര്‍മാണ പദ്ധതി പുനരുജ്ജീവിപ്പിച്ചത്.
മാര്‍ച്ചില്‍ സംസ്ഥാന സര്‍ക്കാര്‍ ശബരി റെയില്‍വേ പദ്ധതിക്കു വീണ്ടും സ്ഥലമെടുപ്പ് വിജ്ഞാപനം പുറപ്പെടുവിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതോടെ ശബരി റെയില്‍വേക്ക് സ്ഥലമെടുപ്പ് ഓഫീസുകള്‍ പുനരാരംഭിക്കാനുള്ള ഫയലിന്റെ നീക്കം നിലച്ചു.
സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായതോടെ പദ്ധതി സംബന്ധിച്ച പുതിയ സര്‍ക്കാരിന്റെ നയത്തില്‍ വ്യക്തത വേണമെന്ന് പറഞ്ഞു റവന്യൂ മന്ത്രി ശബരി റെയില്‍വേ സ്ഥലമെടുപ്പ് ഓഫീസുകള്‍ക്കായുള്ള ഫയല്മാറ്റി വച്ചിരിക്കുകയാണ്. പദ്ധതിയുടെ സംസ്ഥാന വിഹിതമായ 1900 കോടി രൂപ കിഫ്ബിയില്‍ നിന്നായിരുന്നു അനുവദിച്ചിരുന്നത്. അങ്കമാലി -ശബരി റെയില്‍വേ നിര്‍മിക്കുന്നതിനുള്ള സ്ഥലമെടുപ്പ് നടപടികള്‍ ആരംഭിച്ചതായി മുന്‍സര്‍ക്കാരിന്റെ സമയത്ത് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരുന്നു.
ശബരി റെയില്‍വേ നിര്‍മാണം ആരംഭിക്കണമെന്നാവശ്യപ്പെട്ടു കേരളത്തിലെ മുഴുവന്‍ എംപിമാരും ചേര്‍ന്ന് നിവേദനം നല്കിയതിന്റെയും പദ്ധതി നിര്‍മാണ ചെലവ് പങ്കിടുന്നതിനും സംസ്ഥാന വിഹിതമുപയോഗിച്ചു സ്ഥലമെടുത്ത് കൊടുക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ തയാറായതിന്റെയും അടിസ്ഥാനത്തിലാണ് പദ്ധതിക്കു വീണ്ടും അനുമതി നല്‍കുകയും കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ 505 കോടി ഫണ്ട് അനുവദിച്ചതും.
ശബരിമല തീര്‍ഥാടകരുടെ യാത്രാ സൗകര്യം മെച്ചപ്പെടുത്താന്‍ അനുവദിച്ച ശബരി റെയില്‍വേ പദ്ധതി ഭരണങ്ങാനം, മലയാറ്റൂര്‍, രാമപുരം, കാലടി, എരുമേലി തുടങ്ങിയ തീര്‍ഥാടന കേന്ദ്രങ്ങളിലേക്കു യാത്ര ചെയ്യുന്നവര്‍ക്കും ഗുണകരമാണ്.
പൈനാപ്പിള്‍, റംബുട്ടാന് തുടങ്ങിയ പഴങ്ങള്‍ വേഗത്തിലും കുറഞ്ഞ ചെലവിലും വിപണനം ചെയ്യാന്‍ റെയില്‍വേ സൗകര്യം അനിവാര്യമാണ്. മേഖലയിലെ റബര്‍ത്തടി സംസ്കരിച്ചു നിര്‍മിക്കുന്ന പ്ലൈവുഡും ഏലം, കുരുമുളക് തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിപണനം ചെയ്യാന്‍ റെയില്‍വേ നിര്‍മാണം വേഗത്തിലാക്കണമെന്ന് കാര്‍ഷിക -വ്യവസായ -വാണിജ്യ സംഘടനകള്‍ മുറവിളി കൂട്ടിക്കൊണ്ടിരിക്കുകയണ്. കിഴക്കന്‍ കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രാ സൗകര്യം മെച്ചപ്പെടുത്താനും ശബരി റെയില്‍വേ ലൈന്‍ വേഗത്തില്‍ യാഥാര്‍ഥ്യമാകേണ്ടതുണ്ട്.
പദ്ധതി നിര്‍മിക്കാന്‍ 20 വര്‍ഷം മുന്‍പ് കല്ലിട്ട് തിരിച്ച സ്ഥലങ്ങളുടെ ഉടമകള്‍ക്ക് സ്ഥലം വില്‍ക്കാനോ വായ്പ എടുക്കാനോ കഴിയാതെ കഷ്ടപ്പെടുകയാണ്. സ്ഥലമെടുപ്പ് ഓഫീസുകള്‍ ആരംഭിക്കുന്നത് വൈകിപ്പിക്കുന്നത് നീതി നിഷേധമാണെന്നും പ്രതിഷേധകരമാണെന്നും ശബരി റെയില്‍വേ സ്ഥലമുടമകളുടെ അസോസിയേഷന് ഭാരവാഹികളും ശബരി റെയില്‍വേ ആക്ഷന്‍ കൗണ്‍സിലുകളുടെ സംസ്ഥാന ഫെഡറേഷന് ഭാരവാഹികളും പറഞ്ഞു.