കോട്ടയം: ശബരി റെയില്‍വേ നിര്‍മാണത്തിന് സ്ഥലം ഏറ്റെടുക്കല്‍ തുടങ്ങിയെന്ന കേന്ദ്ര റെയില്‍മന്ത്രി അശ്വിനി വൈഷ്ണവിന്റെ പ്രഖ്യാപനത്തില്‍ അവ്യക്തതയേറെ. അങ്കമാലി മുതല്‍ എരുമേലി വരെ 111 കി.മീ. ദൈര്‍ഘ്യമുള്ള പാതയില്‍ അങ്കമാലി മുതല്‍ 17 കി.മീ. സ്ഥലം ഏറ്റെടുക്കല്‍ മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂ. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളെ ബന്ധിക്കുന്ന റെയില്‍ പദ്ധതിക്ക് ആകെ 3810 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
കാലടി മുതല്‍ പിഴക് വരെ സ്ഥലം ഏറ്റെടുക്കലിന് 800 കോടി രൂപ ഉള്‍പ്പെടെ പദ്ധതിയുടെ പകുതി ചെലവ് സംസ്ഥാനം വഹിക്കുമെന്നാണ് കരാര്‍. എന്നാല്‍ ഇത്തവണത്തെ സംസ്ഥാന ബജറ്റില്‍ ശബരി പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ വേണ്ട പരിഗണനയോ വിഹിതമോ വകയിരുത്തിയിട്ടില്ല. കേന്ദ്ര ബജറ്റിലും ശബരി പദ്ധതി ഡ്രീം പ്രോജക്ടായി പരിഗണന നേടിയിട്ടില്ല.
അങ്കമാലി - ശബരിമല വഴി എരുമേലി റെയില്‍ പദ്ധതിക്ക് 1997-98 ല്‍ അനുമതി ലഭിച്ചതാണ്. ഇതില്‍ അങ്കമാലി - കാലടി (ഏഴു കി.മീ) യുടെ നിര്‍മാണവും കാലടി - പെരുമ്പാവൂരിലെ (10 കി.മീ) ലോംഗ് ലീഡ് പ്രവൃത്തികളും മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂ. അങ്കമാലി - ശബരിമല പാതയ്ക്ക് ആകെ 416 ഹെക്ടര്‍ ഭൂമിയാണ് ആകെ വേണ്ടിവരിക.
പദ്ധതിയില്‍ കാലടിമുതല്‍ രാമപുരം പിഴകുവരെ സ്ഥലമേറ്റെടുപ്പിനുള്ള സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ മുപ്പത് വര്‍ഷം പഴക്കമുള്ള പദ്ധതിക്ക് ഒരു നീക്കുപോക്കും ഇല്ലാതായതോടെ ദുരിതത്തിലായത് ഈ പ്രദേശത്തെ ജനങ്ങളാണ്. പ്രദേശവാസികളുടെ സ്ഥലം ഏറ്റെടുത്തതോടെ തങ്ങളുടെ ഭൂമി വില്‍ക്കാനോ ബാങ്കില്‍ പണയം വയ്ക്കാനോ വീട് അറ്റകുറ്റപ്പണി നടത്താനോ കഴിയാതെ അനേകം കുടുംബങ്ങള്‍ പ്രതിസന്ധിയിലാണ്.