കണ്ണൂർ: ജില്ലാ ആശുപത്രി സ്പെഷാലിറ്റി ബ്ലോക്കിലേക്ക് സംഗീത ടാക്കീസിലെ ടാങ്കിൽനിന്ന് കുടിവെള്ള പൈപ്പ് ലൈൻ വലിക്കുന്ന വിഷയത്തിൽ ജല അഥോറിറ്റിയുടെ നഗരത്തിലേക്കുള്ള പ്രധാന സപ്ലൈ ലൈനിൽ നിന്നുതന്നെ പുതിയ ലൈൻ വഴി ആശുപത്രിയിലേക്ക് വെള്ളമെത്തിക്കാൻ കഴിയുമോ എന്ന് പരിശോധിക്കാൻ ജല അഥോറിറ്റിയെ ചുമതലപ്പെടുത്തി.
നഗരത്തിലേക്ക് കുടിവെള്ളമെത്തിക്കുന്ന ജല അഥോറിറ്റിയുടെ മെയിൻ സപ്ലൈ ലൈനിൽ നിന്ന് സംഗീത ടാക്കീസിലെ ടാങ്കിനെ ബാധിക്കാത്തവണ്ണവും കന്റോൺമെന്റ് പരിധിയിൽ കൂടിയല്ലാതെയും ആശുപത്രിയിലേക്ക് വെള്ളം എത്തിക്കാൻ കഴിയുമോ എന്നാണ് പരിശോധിക്കുക.
ഇത് സംബന്ധിച്ച് ജില്ലാ കളക്ടർ പി. വിഷ്ണുരാജാണ് കണ്ണൂർ കോർപറേഷൻ മേയർ പി ഇന്ദിര, ടി.ഒ. മോഹനൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ, കണ്ണൂർ കന്റോൺമെന്റ് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. ബി.ഒ. പ്രശാന്ത് കുമാർഎന്നിവരുൾപ്പെടെ ബന്ധ പ്പെട്ട കക്ഷികളുടെ യോഗം വിളിച്ചത്.
സംഗീത ടാക്കീസ് ടാങ്കിൽ നിന്ന് പമ്പ് ചെയ്യുന്ന വെള്ളം ആ പ്രദേശത്തെ ജനങ്ങൾക്ക് തന്നെ തികയാത്ത അവസ്ഥയുണ്ടെന്ന് മേയറും എംഎൽഎയും വ്യക്തമാക്കി. ആശുപത്രിയിലേക്ക് വെള്ളം വേണം എന്നതിൽ തർക്കമില്ലെന്നും എന്നാൽ ആശുപത്രിക്ക് കൂടി വെള്ളം എടുക്കേണ്ട നില വന്നാൽ ജനം അനുവദിക്കില്ലെന്നും അവർ ചൂണ്ടിക്കാട്ടി.
ആശുപത്രിയിലേക്ക് നിലവിലുള്ള ജലവിതരണം മേലേ ചൊവ്വയിൽ നിന്നുള്ള വീതി കുറഞ്ഞ പിവിസി പൈപ്പ് വഴിയാണെന്നും ഇത് മാത്രം ആശ്രയിക്കാനാവില്ലെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിലേക്ക് ദിവസം രണ്ടു ലക്ഷം ലിറ്റർ മുതൽ രണ്ടരലക്ഷം ലിറ്റർ വരെ വെള്ളം വേണം എന്നാണ് കണക്കാക്കുന്നത്.
യോഗത്തിൽ ഡപ്യൂട്ടി മേയർ കെ.പി. താഹിർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ഷബ്ന, അസിസ്റ്റന്റ് കളക്ടർ എസ്. സ്വാതി, ജല അഥോറിറ്റി, കേരള റോഡ് ഫണ്ട് ബോർഡ്, കണ്ണൂർ ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ പങ്കെടുത്തു.