വെള്ളരിക്കുണ്ട്: മഴക്കാലത്ത് മലയോര മേഖലയിൽ വൈദ്യുതി തടസം പതിവാകുന്ന സാഹചര്യത്തിൽ വെള്ളരിക്കുണ്ട് 110 കെവി സബ്സ്റ്റേഷൻ ഉടൻ യാഥാർഥ്യമാക്കണമെന്ന് വെള്ളരിക്കുണ്ട് ടൗൺ വികസന സമിതി ആവശ്യപ്പെട്ടു. മലയോരമേഖലയുടെ പ്രതിനിധിയായ വൈദ്യുതി മന്ത്രിയുടെ ശ്രദ്ധ ഇക്കാര്യത്തിൽ അടിയന്തിരമായി സമിതി ചെയർമാൻ ബാബു കോഹിനൂരും സെക്രട്ടറി ജിമ്മി ഇടപ്പാടിയും ആവശ്യപ്പെട്ടു.
ചെറുവത്തൂരിലെ 110 കെവി സബ്സ്റ്റേഷനിൽ നിന്നു കൂവപ്പാറയിലെ വെസ്റ്റ് എളേരി 33 കെവി സബ്സ്റ്റേഷൻ വഴിയാണ് മലയോര മേഖലയിലേക്ക് വൈദ്യുതി എത്തിക്കുന്നതിനുള്ള പ്രധാന പ്രസരണ ശൃംഖല കടന്നുപോകുന്നത്.
ഈ വർഷം മഴക്കാലത്തിന്റെ ആദ്യദിനങ്ങളിൽ തന്നെ ചെറുവത്തൂർ ഭാഗത്ത് അഞ്ചു തൂണുകൾ മറിഞ്ഞുവീണതു മൂലം ഒരാഴ്ചയോളം ഈ ലൈൻ തകരാറിലായിരുന്നു. ലൈനിലെ തടസങ്ങൾ പരിഹരിക്കാൻ ഓരോ തവണയും ജീവനക്കാർ ദീർഘദൂരം ചെന്നു വലയുകയാണ്. വേനൽക്കാലങ്ങളിൽ കാർഷിക ജലസേചനം പോലും നടത്താനാവാത്ത വിധത്തിൽ വോൾട്ടേജ് ക്ഷാമവും രൂക്ഷമാണ്. ഈ പ്രശ്നങ്ങൾക്കു പരിഹാരമായിട്ടാണ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വെള്ളരിക്കുണ്ടിൽ 110 കെവി സബ്സ്റ്റേഷൻ അനുവദിച്ചുകൊണ്ട് പ്രഖ്യാപനമുണ്ടായത്.
എന്നാൽ ഇക്കാര്യത്തിൽ മേൽനടപടികളൊന്നും ഉണ്ടായിട്ടില്ലെന്നും പുതിയ സർക്കാരിന്റെ അടിയന്തിര ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടാകണമെന്നും വികസന സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.