മുല്ലശേരി: പാടൂർ ഇടിയഞ്ചിറ റെഗുലേറ്ററിനുസമീപം കാർഷിക മേഖലയിലേക്കും ജലസ്രോതസുകളിലേക്കും ഉപ്പുവെള്ളം കടക്കാതിരിക്കാൻ നിർമിച്ച താത്കാലിക വളയംബണ്ട് മഴ ശക്തമായതോടെ പൊളിച്ചുനീക്കി.
പ്രഫ. സി. രവീന്ദ്രനാഥ് എംഎൽഎ നേരിട്ട് സ്ഥലത്തെത്തി ഇറിഗേഷൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയാണ് ബണ്ട് പൊളിക്കൽ തുടങ്ങിയത്. ഡ്രഗ്ജർ ഇറക്കി യന്ത്ര സഹായത്തോടെ താത്കാലിക വളയം ബണ്ടിലെ മണ്ണും മുളക്കുറ്റികളും തെങ്ങിൻമുട്ടികളും നീക്കുമെന്ന് എംഎൽഎ പറഞ്ഞു.
റെഗുലേറ്ററിന്റെ ജീർണതമൂലം എല്ലാവർഷവും ലക്ഷങ്ങൾ മുടക്കിയാണ് താത്കാലിക വളയം ബണ്ട് കെട്ടിയിരുന്നത്. ഇത്തവണ ഇടിയഞ്ചിറ റെഗുലേറ്ററിന്റെ നവീകരണം നടത്തുന്നതിനായി റെഗുലേറ്ററിന്റെ ഇരുഭാഗത്തും വളയം ബണ്ട് കെട്ടിയിരുന്നു. റെഗുലേറ്ററും ഷട്ടറുകളും നവീകരിച്ചതോടെ ഉപ്പുവെള്ളം കടക്കാതിരിക്കാൻ ഇനി ലക്ഷങ്ങൾ മുടക്കി താത്കാലിക വളയം ബണ്ട് നിർമിക്കേണ്ടിവരില്ലെന്നാണു കരുതുന്നത്.
വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കാൻ റെഗുലേറ്ററിൻന്റെ 32 ഷട്ടറുകളിൽ അഞ്ചുഷട്ടറുകൾ ഇതിനകം ഉയർത്തിയിട്ടുണ്ട്. വരുംദിവസങ്ങളിൽ മഴയുടെ തോത് നോക്കി മറ്റു ഷട്ടറുകളും ഉയർത്തുമെന്ന് ഇറിഗേഷൻ വകുപ്പ് അസി. എൻജിനീയർമാർ വ്യക്തമാക്കി.
Tags : Nattuvishesham Local News temporary wall Idiyanchira