പാലക്കാട്: പീപ്പിൾസ് സർവീസ് സൊസൈറ്റി പാലക്കാടിന്റെ പുതിയ സംരംഭമായ പീപ്പിൾസ് കെയർ സെന്ററിന്റെ വെഞ്ചരിപ്പുകർമവും ഉദ്ഘാടനവും ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ നിർവഹിച്ചു.
പാലക്കാട് കെഎസ്ആർടിസിക്ക് എതിർവശം സാൻജോ ടവറിൽ പ്രവർത്തനമാരംഭിക്കുന്ന പീപ്പിൾസ് കെയർ സെന്ററിൽ ജീറിയാട്രിക് ഹോം കെയർ, ഫിസിയോ തെറാപ്പി, കൗണ്‍സിലിംഗ് തെറാപ്പി, ഒക്യുപേഷണൽ തെറാപ്പി, സ്പീച്ച് തെറാപ്പി തുടങ്ങിയ സേവനങ്ങളാണ് ലഭ്യമാക്കുക.
വയോജനങ്ങൾക്കു വ്യക്തിപരമായി പ്രഫഷണൽ സേവനം നല്കുന്ന പദ്ധതിയാണ് ജീറിയാട്രിക് ഹോം കെയർ സർവീസ്. ഉദ്ഘാടനചടങ്ങിൽ ജെഎസ്എസ് ജീറിയാട്രിക് ട്രെയിനിംഗ് പൂർത്തിയാക്കിയ ജീറിയാട്രിക് ഹോം കെയർ അസിസ്റ്റൻസിനുള്ള ഐഡി കാർഡുകൾ വിതരണം ചെയ്തു.
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സിഎസ്ആർ പ്രോജക്ട് വഴി ലഭ്യമായ ജീറിയാട്രിക് ഹോംകെയർ സർവീസ് എക്യുപ്മെന്റുകളുടെ സമർപ്പണോദ്ഘാടനം സൗത്ത് ഇന്ത്യൻ ബാങ്ക് ക്ലസ്റ്റർഹെഡ് ഡേവിസ് ഉദ്ഘാടനം ചെയ്തു. രൂപത വികാരി ജനറാൾ മോണ്‍ ജീജോ ചാലയ്ക്കൽ, മറ്റു വൈദികർ, സിസ്റ്റേഴ്സ്, വിവിധ സേവനകേന്ദ്രങ്ങൾ- സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ, പിഎസ്എസ്പി സ്റ്റാഫ് അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പിഎസ്എസ്പി എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. സീജോ കാരിക്കാട്ടിൽ സ്വാഗതവും അസിസ്റ്റന്റ് ഡയറക്ടർ ഫാ. സാൻജോ ചിറയത്ത് നന്ദിയും പറഞ്ഞു. പിഎസ്എസ്പി പ്രോഗ്രാം മാനേജർ ബോബി, പീപ്പിൾസ് കെയർ പ്രോജക്ട് കോ- ഓർഡിനേറ്റർ ബാബു പോൾ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നല്കി.