വിഴിഞ്ഞം: കേരളത്തിലെ ട്രോളിംഗ് നിരോധന കാലം മീൻ എത്തിക്കുന്ന അന്യസംസ്ഥാന ലോബികളുടെ ചാകരക്കാലമാണ്. മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമാകുന്ന കാലപ്പഴക്കം ചെന്ന മീനുകളുമായി ദിനംപ്രതി നൂറു കണക്കിന് കണ്ടെയ്നർ ലോറികൾ അതിർത്തി കടന്നെത്തും. ഇതു തടയുന്നതിനുവേണ്ട ശാസ്ത്രീയ പരിശോധന സംവിധാനങ്ങളോ വിവിധ വകുപ്പുകളുടെ ഏകോപന പരിശോധനയോ ഇല്ലാത്തത് മുതലെടുത്താണ് വ്യാജൻമാരുടെ വിലസൽ.
തമിഴ്നാട്, കർണാടക, ആ ഡ്രാപ്രദേശ്, ഒറീസ, ബീഹാർ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽനിന്ന് ടൺ കണക്കിനു മീൻ കേരളത്തിലെത്തുന്നുണ്ട്. ഇവയുടെ ഗുണനിലവാര പരിശോധനയ് ക്ക് ആവശ്യമായ സൗകര്യങ്ങളും ഇവിടെയില്ല.
ഇതര സംസ്ഥാനങ്ങളിൽനിന്ന് ഭക്ഷ്യ വസ്തുക്കളുമായി ലോറികൾ തലസ്ഥാന ജില്ലയിൽ പ്രവേശിക്കണമെങ്കിൽ 16 ചെക്ക് പോസ്റ്റുകൾ താണ്ടണം. കടത്തുകാർ കൊണ്ടുവരുന്ന വ്യാജനും അല്ലാത്തതുമായ ബില്ലുകൾ പരിശോധിച്ച് കടത്തിവിടുന്നതൊഴിച്ചാൽ ഭക്ഷ്യ വസ് തുക്കൾ പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്താൻ ആരുമില്ല.
പരാതികൾ ഉയരുമ്പോൾ എത്തുന്ന അധികൃതർ ശേഖരിക്കുന്ന സാമ്പിളിൽനിന്ന് അമോണിയ, ഫോർമാലിൻ എന്നിവ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. എന്നാൽ കടൽ മത്സ്യങ്ങളിൽ മനുഷ്യജീവനു ഭീഷണിയാകുന്ന തരത്തിലുള്ള വിഷാംശം കണ്ടെത്താനുള്ള ലാബുകൾ ഇല്ലെന്നാണറിവ്. വിഴിഞ്ഞത്തെ ഹോട്ടലിൽനിന്ന് സീ ഫുഡ് കഴിച്ച് രണ്ടുപേർ മരിക്കുകയും നിരവധിപേർ ചികിത്സ തേടുകയും ചെയ്ത സംഭവത്തിലും പൂവാർ പള്ളം മാർക്കറ്റിൽ ഒരു കണ്ടെയ്നർ നിറയെ കൊണ്ടുവന്ന ചെമ്പല്ലി മീനിന്റെ തലയും മുള്ളും കഴിച്ച് ജില്ലയുടെ വിവിധയിടങ്ങളിൽ നിന്നായി നൂറിലധികം പേർക്ക് ഭക്ഷ്യവിഷബാധയുണ്ടായതിന്റെയും കാരണം കണ്ടെത്താൻ ഇതുവരെയും അധികൃതർക്കായിട്ടില്ല.
ട്രോളിംഗ് നിരോധന കാലത്ത് കേരളത്തിൽ ഉണ്ടാകുന്ന മത്സ്യ ലഭ്യതക്കുറവ് മുതലെടുത്ത് അന്യ സംസ്ഥാനങ്ങളിൽനിന്ന് പഴകിയതും ഉപയോഗശൂന്യവുമായ മീനുകൾ എത്തുമെന്നു അധികൃതരും സമ്മതിക്കുന്നുണ്ട്. ജനം ഏറെ കഷ്ടപ്പെട്ട കോവിഡ് കാലത്ത് പോലും വ്യാജ മീനുകൾ വിപണിയിൽ എത്തിയിരുന്നു. വളം നിർമാണത്തിന് ഗോഡൗണുകളിൽ സൂക്ഷിച്ചിരുന്ന ഭക്ഷ്യയോഗ്യമല്ലാത്ത മീനുകൾ വരെ അന്ന് അധികൃതർ പിടികൂടി നശിപ്പിച്ചിരുന്നു. അത്തരം സംഘങ്ങൾ നിലവിലെ സഹചര്യത്തിൽ കൂടുതൽ ശക്തമായി രംഗത്ത് വരാൻ സാധ്യതയുണ്ടെന്നും ബന്ധപ്പെട്ടവർ പറയുന്നു.
വിഷാംശം കണ്ടെത്താനുള്ള ലാബ് സംവിധാനം ഇല്ലാത്തതിനുപരി പഴകിയ വസ്തുക്കൾ പിടികൂടാൻ ചുമതലപ്പെട്ട ഭക്ഷ്യ സുരക്ഷാ വിഭാഗത്തിൽ ആവശ്യമായ ജീവനക്കാരുമില്ല.
ജോലിഭാരം കണക്കിലെടുത്ത് വിപണിയിൽ കാര്യമായ ഇടപെടൽ നടത്താനും ഇവർക്കായിട്ടില്ല. ഭക്ഷ്യ സുരക്ഷാ വിഭാഗത്തിനുപരി ആരോഗ്യ വകുപ്പും പോലീസും സംയുക്തമായി ഇത്തരക്കാരെ ഒതുക്കാൻ രംഗത്തിറങ്ങണമെന്നാണ് ആവശ്യം.
Tags : nattu vishesham Foreign lobbies fish to market