കഴക്കൂട്ടം: ഭൂരഹിത പുനരധിവാസ പദ്ധതി പ്രകാരം പട്ടികജാതി കുടുംബങ്ങൾക്ക് അനുവദിച്ച ഭൂമിയും സർക്കാർ വക തോടു പുറമ്പോക്ക് ഭൂമിയും മറിച്ചുവിറ്റ് വെട്ടുറോഡ്- ചന്തവിള പുതിയ റോഡ് (സിഗ്നൽ റോഡ്) മേഖലയിൽ ഭൂമാഫിയാസംഘം തട്ടിപ്പ് നടത്തിയതായി റവന്യു വകുപ്പിന്റെ കണ്ടെത്തൽ.
കഴക്കൂട്ടം വില്ലേജിൽ ഉൾപ്പെട്ട തെറ്റിയാർ തോട് പുറമ്പോക്ക്, വെട്ടുറോഡ് അഗ്രികൾച്ചറൽ ഓഫിസ് കോപ്ലക്സുകളുടെ പുറകുവശത്തെ തെറ്റിയാർ തോട് പുറന്പോക്ക് എന്നിവ പട്ടയം പിടിച്ചു മറിച്ചുവിറ്റെന്ന പരാതിയിൽ ഉദ്യോഗസ്ഥ സംഘം നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്. തോടു പുറമ്പോക്കിന് പട്ടയം നൽകിയതിലും മറ്റു ഭൂമി കൈവശമുള്ളവർക്ക് ഭൂരഹിതൻ എന്ന പേരിൽ എൽഎ പട്ടയം നൽകിയതിലും ക്രമക്കേട് നടന്നിട്ടുണ്ടെന്നും വ്യക്തമായി.
2008-ൽ സ്വന്തമായി ഭൂമിയും വീടുമില്ലാത്ത പട്ടികജാതി കുടുംബങ്ങൾക്ക് വീടുവയ്ക്കാൻ സ്ഥ ലം വാങ്ങി നൽകുന്ന പദ്ധതി പ്രകാരം കഴക്കൂട്ടം പഞ്ചായത്ത് അനുവദിച്ച ഭൂമി മറിച്ചുവിറ്റതായും കണ്ടെത്തി. വെട്ടുറോഡ്- കഴക്കൂട്ടം തെറ്റിയാർ തോട് പുറമ്പോക്ക് വ്യാപകമായി കൈയേറിയതായും റിപ്പോർട്ടുണ്ട്.
13 മീറ്റർ വീതിയുണ്ടായിരുന്ന തോട് അഞ്ചുമീറ്ററായി ചുരുങ്ങി. തോടിനിരുവശത്തുമുണ്ടായിരുന്ന നടവരമ്പിന്റെ ഒരു ഭാഗം വൻകിട സ്ഥാപനങ്ങൾ കൈയേറിയിട്ടുമുണ്ട്. രണ്ടു കിലോമീറ്ററോളം ദൂരത്തിലാണു കൈയേറ്റം നടന്നിരിക്കുന്നത്.
തെറ്റിയാർ തോടിനെ മാലിന്യമുക്തമാക്കാനും വെള്ളപ്പൊക്കവും കൈയേറ്റവും തടയാനുമായി സർക്കാർ പ്രഖ്യാപിച്ച തെറ്റിയാർ മിഷൻ പാതിവഴിയിൽ ഉപേക്ഷിച്ചതിനു പിന്നിലും കൈയേറ്റ ക്കാരുടെ ഇടപെടലുണ്ടെന്ന ആക്ഷേപം ശക്തമാണ്.
കൈയേറ്റം വ്യാപകമായതോടെ തോട്ടിലെ ഒഴുക്കുനിലച്ചു. കൈയേറ്റ ത്തെ തുടർന്നാണ് രണ്ടു വർഷം തെറ്റിയാർ കരകവിഞ്ഞ് ടെക്നോപാർക് മേഖല വെള്ളത്തിലായത്. 11 കിലോമീറ്റർ വരുന്ന തോടിന് സംരക്ഷണ ഭിത്തി കെട്ടുന്നതുൾപ്പെടെ 110 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചെങ്കിലും പദ്ധതി അട്ടിമറിക്കപ്പെട്ടു. കലക്ടറുടെ നേതൃത്വത്തിൽ കോർ കമ്മിറ്റി രൂപീകരിച്ചു കൈയേറ്റം കണ്ടെത്തുന്നതിനായി നിയമിച്ച സർവേ ടീം വൻതോതിലുള്ള അട്ടിമറി കണ്ടെത്തിയെങ്കിലും ഭൂമി തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളുമുണ്ടായില്ല.
Tags : nattu vishesham Revenue department