കാലടി: വിശ്വാസപരിശീലനത്തില്‍ നിര്‍മിതബുദ്ധി പോലുള്ള നവസങ്കേതിക പ്ലാറ്റ്ഫോമുകളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോണ്‍ അഭിപ്രായപ്പെട്ടു. എറണാകുളം-അങ്കമാലി അതിരൂപതതല ഡിജിറ്റല്‍ വെല്‍നെസ് വര്‍ഷാചരണം കാലടി സെന്റ് ജോര്‍ജ് പള്ളിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മൊബൈല്‍ ഫോണ്‍ നന്മയ്ക്കും തിന്മയ്ക്കും ഉപകരിക്കും. സാമൂഹ്യ മാധ്യമങ്ങളുടെ ശരിയായ ഉപയോഗത്തിന് ശാസ്ത്രീയവും സുവിശേഷാത്മകവുമായ പരിശീലനം ആവശ്യമാണ്. പുതിയ അധ്യയന വര്‍ഷത്തിലെ ഡിജിറ്റല്‍ വെല്‍നെസ് പ്രവര്‍ത്തന പരിപാടികള്‍ അതിന് സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.
അതിരൂപത വിശ്വാസ പരിശീലനകേന്ദ്രം ഡയറക്ടര്‍ ഫാ. പോള്‍ മോറേലി ആമുഖ സന്ദേശം നല്കി. വികാരി ഫാ. മാത്യു കിലുക്കന്‍, ഫാ. സച്ചിന് മാമ്പുഴയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. വിശ്വാസപരിശീലനത്തില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് സമ്മാനങ്ങള്‍ നല്കി. ഫാ. സാബു കൂമ്പുക്കല്‍ രചിച്ച ഡിജിറ്റല്‍ വെല്‍നസ് എന്ന പുസ്തകത്തിന്റെ 17-ാം പതിപ്പിന്റെ പ്രകാശനവും ചടങ്ങില്‍ നടന്നു.