മലപ്പുറം: പെട്രോളിയം ഉത്പന്നങ്ങളുടെ ക്രമാതീതമായ വർധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബസുടമകൾ മലപ്പുറം ജിഎസ്ടി ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ജില്ലാ ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി നടത്തിയ സമരം അഡ്വ. എം. റഹ്മത്തുള്ള എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.മുഹമ്മദലി ഹാജി അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി ഹംസ ഏരിക്കുന്നൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി പക്കീസ കുഞ്ഞിപ്പ, ഭാരവാഹികളായ ഷറഫുദീൻ, കുഞ്ഞിൻ വളാഞ്ചേരി, സുബ്രു എടപ്പാൾ, യു.കെ. സച്ചിദാനന്ദൻ, റസാഖ് കുമ്മാളിൽ, ബ്രൈറ്റ് നാണി, റഫീഖ് കുരിക്കൾ, പാസ് മാനു തുടങ്ങിയവർ പ്രസംഗിച്ചു.
കെഎസ്ആർടിസിയിൽ വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന സാഹചര്യത്തിൽ സ്വകാര്യ ബസുകൾക്കുണ്ടാകുന്ന വരുമാനക്കുറവ് സർക്കാർ നൽകുക, വിദ്യാർഥികളുടെ യാത്രാ ടിക്കറ്റ് നിരക്ക് വർധിപ്പിക്കുക, പൊതുഗതാഗത മേഖലയിലെ സ്വകാര്യബസുകളെയും കെഎസ്ആർടിസിയെയും ഒരുപോലെ സംരക്ഷിക്കത്തക്കവിധത്തിലുള്ള ഗതാഗത നയം രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും ധർണയിൽ ഉന്നയിച്ചു.