പറവൂർ: വെസ്റ്റ്നൈൽ പനി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനായി പറവൂർ ടൗൺ ഹാളിൽ നഗരസഭ യോഗം ചേർന്നു. വെസ്റ്റ്നൈൽ പനിയുടെ വ്യാപനം തടയുന്നതിനും പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനുമായി വിവിധ പ്രതിരോധ നടപടികൾ യോഗത്തിൽ ചർച്ച ചെയ്തു.
എഴിക്കര ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. വിനോദ് പൗലോസ് വെസ്റ്റ്നൈൽ പനിയുടെ ലക്ഷണങ്ങൾ, രോഗവ്യാപന സാഹചര്യം, പ്രതിരോധ മാർഗങ്ങൾ, പൊതുജനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്നിവയെക്കുറിച്ച് വിശദമായ ബോധവത്കരണ ക്ലാസ് നയിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഏകോപിതമായി മുന്നോട്ടു കൊണ്ടുപോകുന്നതിന്റെ ഭാഗമായി ജില്ലയിലെ വിവിധ ആശുപത്രികളുടെ സൂപ്രണ്ടുമാരുടെ പ്രത്യേക യോഗം നാളെ നഗരസഭാ കൗൺസിൽ ഹാളിൽ ചേരുമെന്ന് ചെയർപേഴ്സൺ രമേഷ് ഡി. കുറുപ്പ് അറിയിച്ചു.
കൂടാതെ ഓരോ വാർഡിലെയും സാനിറ്റേഷൻ കമ്മിറ്റികളെ ഏകോപിപ്പിച്ച് ശുചീകരണ പ്രവർത്തനങ്ങളും ബോധവത്കരണ പ്രവർത്തനങ്ങളും ശക്തിപ്പെടുത്താനും തീരുമാനിച്ചു. നഗരസഭയുടെ ഫോഗിംഗ് മെഷീൻ ഉപയോഗിച്ച് എല്ലാ വാർഡുകളിലും കൊതുക് നശീകരണ പ്രവർത്തനങ്ങൾ വ്യാപകമായി നടത്തുമെന്നും യോഗം അറിയിച്ചു.
വീടുകളുടെയും സ്ഥാപനങ്ങളുടെയും പരിസരങ്ങളിൽ വെള്ളക്കെട്ടുകൾ ഒഴിവാക്കുക, കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങൾ നശിപ്പിക്കുക, രോഗലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ ഉടൻ ചികിത്സ തേടുക തുടങ്ങിയ നിർദേശങ്ങൾ യോഗം പൊതുജനങ്ങൾക്ക് നൽകി.
നഗരസഭാ ചെയർപേഴ്സൺ രമേഷ് ഡി. കുറുപ്പ് അധ്യക്ഷത വഹിച്ച യോഗത്തിൽ നഗരസഭാ കൗൺസിലർമാർ, ആശ വർക്കർമാർ, ഐസിഡിഎസ് പ്രതിനിധികൾ, സിഡിഎസ് പ്രതിനിധികൾ, റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
Tags :