Movies
അമ്മയിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നതിനിടെ പരസ്യ പ്രതികരണത്തിന് വിലക്ക് ഏർപ്പെടുത്തി പ്രസിഡന്റ് ശ്വേത മേനോൻ. എക്സിക്യുട്ടിവ് അംഗങ്ങൾ മാധ്യമങ്ങളോട് പരസ്യമായി പ്രതികരിക്കാൻ പാടില്ലെന്നാണ് പറഞ്ഞിരിക്കുന്നത്. സംഘടനയുമായി ബന്ധപ്പെട്ട എന്ത് കാര്യങ്ങളുണ്ടെങ്കിലും അത് ജനറൽ ബോഡിയിൽ മാത്രമേ സംസാരിക്കാൻ പാടുള്ളൂവെന്നും ശ്വേത പറഞ്ഞു.
‘‘അമ്മയിൽ എന്ത് കാര്യങ്ങളുണ്ടെങ്കിലും അത് ഞങ്ങളുടെ ജനറൽ ബോഡിയിൽ മാത്രമേ സംസാരിക്കുകയുള്ളൂ. അല്ലാതെ ആർക്കെങ്കിലും എന്തെങ്കിലും ചോദിക്കാനുണ്ടെങ്കിൽ ‘അമ്മ’യുടെ ഓഫിസിൽ വന്നു ചോദിക്കാം.
എല്ലാർക്കും അവിടെ സ്വാഗതം ആണ്. എല്ലാ അംഗങ്ങൾക്കും എന്റെയും കുക്കുവിന്റെയും നമ്പറുകൾ അറിയാം, അവർക്ക് വിളിക്കാം , എല്ലാം ചോദിക്കാം. ഇത് ഞാനൊരു അഭ്യർഥനയ്ക്കായി പറയുകയാണ്, ഇനി മുതൽ ‘അമ്മ’യുടെ അംഗങ്ങൾ ആരാണെങ്കിലും, ജനറൽ സെക്രട്ടറിയോ പ്രസിഡന്റോ അല്ലാതെ ആരായാലും, അമ്മയെപ്പറ്റി ഒരു കാര്യവും മാധ്യമങ്ങളോട് പറയില്ല.’’ശ്വേത മേനോൻ പറഞ്ഞു.
Kerala
കൊച്ചി: നടൻ ടിനി ടോമിനെതിരായ നടി അൻസിബയുടെ ആരോപണത്തിൽ പ്രതികരണവുമായി താരസംഘടന അമ്മയുടെ അധ്യക്ഷ ശ്വേത മേനോൻ. നടന്നത് ആസൂത്രിത നീക്കമാണെന്നും ഗൂഢാലോചന സംശയിക്കുന്നുവെന്നും ശ്വേത മേനോൻ പറഞ്ഞു.
ഇന്ന് മെഡിക്കൽ ക്യാമ്പ് നടക്കുമ്പോൾ വന്ന പരാതി വളരെ ആസൂത്രിതമാണ്. പരാതിയുടെ അടിസ്ഥാനത്തിൽ അൻസിബയെ വിളിച്ചുവെങ്കിലും ഫോൺ എടുത്തില്ല. മാധ്യമങ്ങളോട് പറഞ്ഞ പരാതി അമ്മയ്ക്ക് ലഭിച്ചത് ഇന്ന് ഉച്ചയ്ക്ക് രണ്ടോടെയാണ് അമ്മയുടെ രീതിക്ക് അനുസരിച്ച് പരിശോധിക്കുമെന്നും ശ്വേത വ്യക്തമാക്കി.
അൻസിബയുടെ രാജി സ്വീകരിച്ചത് ഈ മാസം 12നാണ്. വ്യക്തിപരമായ കാരണങ്ങൾ എന്നാണ് പറഞ്ഞത്. ടിനി ടോമിനെതിരായ പരാതി രാജിക്കത്തിൽ പോലും പരാമർശിച്ചിരുന്നില്ല. പോലീസിൽ നൽകിയ പരാതിയെ കുറിച്ച് മാത്രമാണ് അൻസിബ തന്നോട് സംസാരിച്ചത്.
സംഘടനയ്ക്ക് ഇടപെടാൻ കഴിയില്ലെന്ന് താൻ പറഞ്ഞിരുന്നു. മത സ്ഥാപനത്തെ സ്പോൺസറാക്കിയതിൽ അൻസിബ കമ്മിറ്റിയിൽ എതിർപ്പ് ഉന്നയിച്ചിരുന്നു. പക്ഷേ ഭൂരിഭാഗം പേരും അനുകൂലിച്ചു. അൻസിബയെ കേൾക്കുമെന്നും എക്സിക്യൂട്ടീവ് കമ്മിറ്റി പരാതി പരിശോധിക്കുമെന്നും ശ്വേത പറഞ്ഞു.
Kerala
കൊച്ചി: താരസംഘടനയായ അമ്മയുടെ ജോയിന്റ് സെക്രട്ടറിയായിരുന്ന അന്‍സിബ ഹസന് രാജിവച്ചത് വ്യക്തിപരമായ കാരണങ്ങളാലും തൊഴില്‍പരമായ തിരക്കുകൾ മൂലമാണെന്നും അമ്മ പ്രസിഡന്റ് ശ്വേതാ മേനോന്. താരത്തിന്റെ രാജി സംഘടന അംഗീകരിച്ചതായും അവര്‍ വ്യക്തമാക്കി.
കൊച്ചിയില്‍ ചേര്‍ന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിനു ശേഷമാണു ശ്വേതാ മേനോന് ഔദ്യോഗിക വിശദീകരണം നല്‍കിയത്. ഫെബ്രുവരി 21ഓടെ തന്നെ അന്‍സിബ രാജിക്കത്ത് നല്‍കിയിരുന്നു. തൊഴില്‍പരമായ തിരക്കുകള്‍ ഉള്ളതിനാല്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി സമയം കണ്ടെത്താന്‍ ബുദ്ധിമുട്ടുള്ളതിനാലാണ് ഈ തീരുമാനമെന്ന് അന്‍സിബ അറിയിച്ചതായി ശ്വേതാ മേനോന് പറഞ്ഞു.
ഇതൊരു നിസ്വാര്‍ഥ സേവനമാണ്. സംഘടനയുടെ മീറ്റിംഗുകളില്‍ കൃത്യമായി പങ്കെടുക്കാനോ സജീവമായി പ്രവര്‍ത്തിക്കാനോ സാധിക്കാത്ത സാഹചര്യത്തില്‍ മെംബറായി തുടരുന്നത് ശരിയല്ലെന്ന നിലപാടിലായിരുന്നു അന്‍സിബ. എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍വച്ച് അന്‍സിബയെ വിളിച്ചു സംസാരിച്ചിരുന്നു. രാജി അംഗീകരിക്കണമെന്ന് അന്‍സിബ ആവശ്യപ്പെട്ടതോടെ എല്ലാവരും ചേര്‍ന്ന് അത് പാസാക്കിയെന്നും ശ്വേതാ മേനോന് പറഞ്ഞു.
ശ്വേതാ മേനോന് അമ്മയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഇലക്ഷനില്‍ എതിരില്ലാതെ തെരഞ്ഞ െടുക്കപ്പെട്ട ഒരേയൊരു സ്ഥാനാര്‍ഥി അന്‍സിബ ഹസന് ആയിരുന്നു.
Kerala
കൊച്ചി: സിനിമകളിലും പരസ്യങ്ങളിലും അശ്ലീല ദൃശ്യങ്ങളിൽ അഭിനയിച്ചുവെന്നാരോപിച്ച് നടി ശ്വേത മേനോനെതിരെ രജിസ്റ്റർ ചെയ്തിരുന്ന കേസും തുടർന്നുള്ള എല്ലാ നിയമനടപടികളും കേരള ഹൈക്കോടതി റദ്ദാക്കി. നടിയുടെ പ്രതിച്ഛായ തകർക്കണമെന്ന ഗൂഢലക്ഷ്യത്തോടെയാണ് പരാതി നൽകിയതെന്ന് കോടതി നിരീക്ഷിച്ചു.
ജസ്റ്റിസ് സി.എസ്. ഡയസ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. പരാതിയിലെ ആരോപണങ്ങൾ നിലനിൽക്കുന്നതല്ലെന്നും ശ്വേത മേനോനെതിരെ ഉന്നയിച്ചിരിക്കുന്ന കുറ്റങ്ങൾ പ്രഥമദൃഷ്ട്യാ തെളിയിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. വ്യക്തിപരമായ വിരോധം തീർക്കാനാണ് പരാതി നൽകിയതെന്ന് കോടതി വിലയിരുത്തി.
2025 ഓഗസ്റ്റിലാണ് എറണാകുളം പോലീസ് ശ്വേത മേനോനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഐടി ആക്ട് (സെക്ഷൻ 67എ), ഇമ്മോറൽ ട്രാഫിക്കിംഗ് പ്രിവൻഷൻ ആക്ട് എന്നിവ പ്രകാരമായിരുന്നു കേസെടുത്തിരുന്നത്. മാർട്ടിൻ മേനാഞ്ചേരി എന്നയാളാണ് പരാതി നൽകിയിരുന്നത്.
നടി അഭിനയിച്ചിട്ടുള്ളത് സെൻസർ ബോർഡ് അംഗീകരിച്ച സിനിമകളിലാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അശ്ലീല വെബ്സൈറ്റുകളിൽ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തത് നടിയാണെന്ന് തെളിയിക്കാൻ പരാതിക്കാരന് കഴിഞ്ഞിട്ടില്ല. വേശ്യാലയം നടത്തുകയോ അനാശാസ്യത്തിന് പ്രേരിപ്പിക്കുകയോ ചെയ്യുന്നവർക്കെതിരെ ചുമത്തുന്ന വകുപ്പുകളാണ് നടിക്കെതിരെ ചുമത്തിയത്. എന്നാൽ നടിയുടെ അഭിനയവുമായി ഈ വകുപ്പുകൾക്ക് യാതൊരു ബന്ധവുമില്ലെന്ന് കോടതി പറഞ്ഞു.
2025 ഓഗസ്റ്റ് 15-ന് നടന്ന അമ്മ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ ശ്വേത മേനോൻ മത്സരിക്കുന്നത് തടയാനും അവരെ അപമാനിക്കാനുമാണ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഈ പരാതി നൽകിയതെന്ന നടിയുടെ അഭിഭാഷകന്റെ വാദം കോടതി പരിഗണിച്ചു. പരാതിക്കാരന് നോട്ടീസ് അയച്ചിരുന്നെങ്കിലും അദ്ദേഹം കോടതിയിൽ ഹാജരായില്ല. നടിയുടെ അന്തസും സത്പേരും നിലനിർത്തേണ്ടത് കോടതിയുടെ കടമയാണെന്നും ഹൈക്കോടതി വിധിയിൽ വ്യക്തമാക്കി.
Movies
താരസംഘടനയായ അമ്മയിലെ മെമ്മറി കാര്‍ഡ് വിവാദത്തില്‍ കുക്കു പരമേശ്വരന് പങ്കില്ലെന്ന് ആഭ്യന്തര അന്വേഷണ സമിതിയുടെ കണ്ടെത്തല്‍. അമ്മ യോഗത്തിലാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
മെമ്മറി കാർഡ് വർഷങ്ങൾക്ക് മുൻപേ കെപിഎസി ലളിതയെ ഏൽപ്പിച്ചിരുന്നുവെന്ന കുക്കുവിന്റെ മൊഴി സമിതി വിശ്വാസത്തിലെടുത്തു.
കുക്കു പരമേശ്വരൻ ഉൾപ്പെടെ 11 പേരുടെ മൊഴികളും സംഘടനയുടെ മിനിറ്റ്സിലെ രേഖകളും വിശദമായി പരിശോധിച്ച ശേഷമാണ് സമിതി ഈ നിഗമനത്തിൽ എത്തിയത് എന്ന് ശ്വേതാ മേനോൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
‘എല്ലാവർക്കും നമസ്കാരം. ഓഗസ്റ്റ് 15-ന് നിലവിൽ വന്ന ‘അമ്മ’യുടെ പുതിയ ഭരണസമിതിയെ ജനറൽ ബോഡി ഏൽപ്പിച്ച പ്രധാന ദൗത്യമായിരുന്നു മെമ്മറി കാർഡ് വിവാദത്തെക്കുറിച്ചുള്ള അന്വേഷണം.
ആ അന്വേഷണം ഇപ്പോൾ പൂർത്തിയായിരിക്കുകയാണ്. സമിതി തയാറാക്കിയ റിപ്പോർട്ട് ഇന്ന് നടന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ ഞങ്ങൾ അവതരിപ്പിച്ചു. 11 പേരുടെ മൊഴികളാണ് ഇതിനായി രേഖപ്പെടുത്തിയത്. ഈ മൊഴിപ്പകർപ്പുകൾ യോഗത്തിൽ വെച്ച് തന്നെ സീൽ ചെയ്തു.
ഇത് 'അമ്മ'യുടെ സ്വത്തായി സംഘടനയുടെ ലോക്കറിൽ സൂക്ഷിക്കും. പരാതി നൽകിയവർക്ക് റിപ്പോർട്ടിന്റെ കോപ്പി നൽകുന്നതാണ്; അതിനുശേഷം എന്ത് വേണമെന്ന് അവർക്ക് തീരുമാനിക്കാം. സംഘടനയെ സംബന്ധിച്ചടത്തോളം ഈ വിഷയത്തിലെ നടപടികൾ ഇവിടെ പൂർത്തിയായി.
സ്ത്രീകളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ അന്ന് ചേർന്ന യോഗം റിക്കാർഡ് ചെയ്യപ്പെട്ടിരുന്നു എന്നതും അതിന്റെ മെമ്മറി കാർഡ് ഉണ്ട് എന്നതും ഒരു യാഥാർത്ഥ്യമാണ്.
എന്നാൽ ആ മെമ്മറി കാർഡ് ഒടുവിൽ കൈവശം വെച്ചിരുന്നത് അന്തരിച്ച നടി കെ.പി.എ.സി ലളിതയായിരുന്നു എന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. ലളിത ചേച്ചി ഇന്ന് നമ്മോടൊപ്പം ഇല്ലാത്തതിനാൽ ആ കാർഡിന് എന്ത് സംഭവിച്ചു എന്ന് ഇപ്പോൾ പറയാനാവില്ല.
അന്വേഷണത്തിന്റെ ഭാഗമായി മൊഴി നൽകിയ ഭൂരിഭാഗം പേരും പറഞ്ഞത് അത് ലളിത ചേച്ചിയുടെ കൈവശമായിരുന്നു എന്നാണ്. ഒരു സാക്ഷി ഇത് ഉറപ്പിച്ചു പറയുകയും ചെയ്തു. അതിനാൽ തന്നെ ഈ അന്വേഷണം കെപിഎസി ലളിതയിൽ അവസാനിക്കുന്നു. ഇതിൽ മറ്റ് അംഗങ്ങളാരും കുറ്റക്കാരോ പ്രതികളോ അല്ല’.
2018-ൽ നടന്ന ഒരു സംഭവം ഏഴു വർഷക്കാലം ആർക്കും പരാതിയില്ലാതെ ഇരുന്നിട്ട് 2025-ൽ ഒരു പ്രശ്നമായി വരുന്നത് തെരഞ്ഞെടുപ്പ് കാലത്താണ്. മെമ്മറി കാർഡിലെ വിവരങ്ങൾ പുറത്തുപോയിട്ടുണ്ടെങ്കിൽ അത് ദൃശ്യങ്ങൾ കണ്ടവർ തന്നെയാകണമെന്നില്ല, ആ ചർച്ചയിൽ പങ്കെടുത്തവർ മറ്റുള്ളവരോട് സംസാരിച്ചത് വഴിയുമാകാം.
35 പേജുള്ള ഈ റിപ്പോർട്ട് പരാതിക്കാർക്ക് പരിശോധിക്കാവുന്നതാണ്. അവർക്ക് വേണമെങ്കിൽ പൊലീസിനെയോ കോടതിനെയോ സമീപിക്കാം. അത് അവരുടെ വ്യക്തിപരമായ തീരുമാനമാണ്. അമ്മയെ സംബന്ധിച്ച് ഈ അധ്യായം ഇവിടെ അവസാനിക്കുന്നു.
ഞങ്ങളുടെ ശ്രദ്ധ ഇനി വരുന്ന ഫെബ്രുവരി 12-ന് കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടക്കാൻ പോകുന്ന ‘അമ്മ’യുടെ കുടുംബസംഗമത്തിലേക്ക് ആണ്, അതിൽ പങ്കെടുക്കാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നു.’ ശ്വേത മേനോൻ പറഞ്ഞു.
Movies
നടി ശ്വേത മേനോനെതിരായ പരാതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് പരാതിക്കാരന്. നടന് ബാബു രാജുമായി തനിക്ക് ബന്ധമില്ല. അമ്മയിലെ തെരഞ്ഞെടുപ്പുമായി പരാതിക്ക് ബന്ധമില്ലെന്നും പരാതിയുമായി മുന്നോട്ട് പോകുമെന്നും പരാതിക്കാരനായ മാര്ട്ടിന് മേനാച്ചേരി പറഞ്ഞു.
അതിനിടെ ശ്വേതാ മേനോനെ മനപൂര്‍വം അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് മാര്ട്ടിന് മേനാച്ചേരിക്കെതിരെ സിനിമാ നിരൂപകനായ സുധീഷ് പാറയില്‍ പോലീസില്‍ പരാതി നല്കി.
പോലീസ് ഇത് അന്വേഷിച്ച് വരികയാണ്. ഇന്ത്യയില്‍ നിരോധിക്കപ്പെട്ട ലൈംഗിക സൈറ്റുകള്‍ പ്രചരിപ്പിച്ചെന്നും ഹൈക്കോടതി പരിസരത്ത് വച്ച് ലൈംഗിക വീഡിയോകള്‍ കണ്ടു എന്നുമാണ് പരാതിയിലെ ആരോപണം. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലാണ് പരാതി നല്‍കിയത്.
Movies
നടി ശ്വേത മേനോനെതിരായ കേസിൽ ശ്വേതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് നടൻ മേജർ രവി. ശ്വേതയെ വിളിച്ചപ്പോൾ തന്റെ മകളെക്കുറിച്ച് ഇവർ ആരെങ്കിലും ഓർക്കുന്നുണ്ടോ എന്നും ചോദിച്ച് പൊട്ടിക്കരയുകയായിരുന്നുവെന്ന് മേജർ രവി പറയുന്നു.
‘അമ്മ’ സംഘടനാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതു കൊണ്ട് ശ്വേതയ്ക്കെതിരെ നടക്കുന്ന നീക്കമാണിതെന്ന് മേജർ രവി പ്രതികരിച്ചു. ഫെയ്സ്ബുക്ക് വീഡിയോയിലാണ് താരത്തിന്റെ പ്രതികരണം.
മേജർ രവിയുടെ വാക്കുകൾ
വിഷയം അറിഞ്ഞപ്പോൾ ശ്വേതയെ വിളിച്ച് തമാശയായാണ് ചോദിച്ചത്, എന്താണിതെന്ന്. എന്നാൽ ശ്വേത കരയുകയായിരുന്നു. എനിക്ക് 13 വയസുള്ള മകളുണ്ട്. ഈ ചെയ്യുന്നവർ അവളുടെ കാര്യം ഓർക്കുന്നുണ്ടോ എന്നാണ് ശ്വേത എന്നോട് ചോദിച്ചത്. ആ കരച്ചിൽ കേട്ടപ്പോഴാണ് എനിക്കീ വിഷയത്തിന്റെ ഗൗരവം മനസിലായത്.
ശ്വേത തിരഞ്ഞെടുപ്പിന് അപേക്ഷ കൊടുത്തതിന് പിന്നാലെയാണ് കേസ് വന്നത്. ആർക്കോ വേണ്ടി ഏതോ ഗുണ്ട ചെയ്ത പണിയാണിത്. സെൻസർ ബോർഡ് ക്ലിയർ ചെയ്ത സിനിമകളിലാണ് ശ്വേത അഭിനയിച്ചത്. അതും പത്ത് കൊല്ലം മുമ്പ് അഭിനയിച്ച സിനിമയുടെ പേരിലാണ് ഇപ്പോൾ പരാതി കൊടുത്തിരിക്കുന്നത്. ഇത് വ്യക്തിപരമായ വിദ്വേഷം കൊണ്ടാണെന്ന് വ്യക്തമാണ്.
എന്നാൽ നീതിപീഠം ഇതെല്ലാം കാണുന്നുണ്ട്. കേസിൽ യാതൊരു തെളിവുമില്ലെന്ന് കാണുന്ന ഘട്ടത്തിൽ, ഒരു പെൺകുട്ടിയുടെ ജീവിതം തുലയ്ക്കാൻ ശ്രമിച്ച ആളുകൾക്ക് ശക്തമായ ശിക്ഷ നൽകണം. ഇല്ലെങ്കിൽ ആർക്കോ വേണ്ടി കേസ് നൽകാൻ ഇതുപോലെ ആൾക്കാർ വരും.
പോണോഗ്രാഫി തെരഞ്ഞപ്പോഴാണ് അയാൾ ഇതൊക്കെയും കണ്ടത്. എന്തിനാണ് അയാൾ തെരയാൻ പോയത്. അയാളാണ് യഥാർഥത്തിൽ ശിക്ഷിക്കപ്പെടേണ്ടത്. കോടതിയിൽ ഇതിനൊക്കെ മറുപടി നൽകേണ്ടി വരും. ഒരാൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിങ്ങൾക്ക് എന്താണ് ഇത്ര അസ്വസ്ഥത? ശ്വേത ആരുടെയും മുന്നിൽ ഓച്ഛാനിച്ചു നിൽക്കാൻ പോകുന്നില്ല. പൊതു സമൂഹം ശ്വേതയോടൊപ്പമുണ്ട്.’
പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പിനുള്ള പത്രിക തള്ളപ്പെട്ട സാന്ദ്ര തോമസിനും മേജർ രവി പിന്തുണ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിനെ എന്തിനാണ് ഇങ്ങനെ ഭയക്കുന്നത് എന്ന് അദ്ദേഹം ചോദിച്ചു.
അധികാരക്കസേരയിൽ ഇരിക്കുന്നവരൊക്കെയും അവിടെ നിന്ന് ഇറങ്ങേണ്ട സമയം അതിക്രമിച്ചു എന്നും മേജർ രവി പറഞ്ഞു. അധികാരത്തിലിരിക്കുന്നവർ നെപ്പോട്ടിസം കാണിക്കുന്ന സമയത്ത് ഒരു സ്ത്രീ ചോദ്യം ചോദിക്കാൻ മുന്നോട്ടു വരുമ്പോൾ അവർക്ക് ഉത്തരം നൽകേണ്ടി വരും. ഇവരെ കേൾക്കണം. പറയുന്നതിൽ കാര്യമുണ്ടെങ്കിൽ അത് പരിഗണിക്കണം എന്നും മേജർ രവി ആവശ്യപ്പെട്ടു.
സിനിമാ കോൺക്ലേവിൽ സ്ത്രീകളെയും ദലിതരെയും അധിക്ഷേപിച്ച അടൂർ ഗോപാലകൃഷ്ണനെയും മേജർ രവി വിമർശിച്ചു. എന്തിനാണ് ആ സ്ത്രീയോട് അടൂർ കോപിച്ചത് എന്ന് മേജർ രവി ചോദിച്ചു. ഞാൻ സംസാരിക്കുമ്പോൾ വേറാരും സംസാരിക്കരുത് എന്ന് പറയുന്നത് മാടമ്പിത്തരമാണ്. ചോദ്യങ്ങൾ ചോദിച്ചാൽ ഉത്തരങ്ങൾ നൽകണം.
അടൂർ ഗോപാലകൃഷ്ണൻ കുറച്ചുകൂടി പക്വതയോടെ പെരുമാറണമായിരുന്നു എന്നും മേജർ രവി പറഞ്ഞു. ചെയ്ത തെറ്റ് തിരുത്താതെയിരിക്കുന്ന അടൂർ മൂഢസ്വർഗത്തിലാണെന്നും മേജർ രവി വിമർശിച്ചു.
റാപ്പർ വേടൻ കഴിഞ്ഞുപോയ കാലത്തുണ്ടായ ജാതി വിവേചനത്തെ പറ്റിയാണ് പാടുന്നതെന്നും അത് ഇന്നത്തെ കാലത്ത് പാടി നടക്കേണ്ട ആവശ്യമില്ലെന്നും മേജർ രവി അഭിപ്രായപ്പെട്ടു. ഇന്ന് സമൂഹത്തിലില്ലാത്ത വിവേചനം ഉണ്ടെന്നു പറഞ്ഞ് വേടൻ വിദ്വേഷം കുത്തിനിറയ്ക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഒടുവിൽ വേടനിപ്പോൾ സ്ത്രീ പീഡന കേസിലാണ് അകപ്പെട്ടിരിക്കുന്നത്. ജനങ്ങൾ കൈയടിക്കുന്നതിനു മുമ്പ്, ഇവിടെ നീതിയും ന്യായവും നിലനിൽക്കുന്നുണ്ട് എന്ന് ഓർക്കണമെന്നും മേജർ രവി പറഞ്ഞു.
Movies
അശ്ലീല സിനിമകളിലൂടെ പണം സമ്പാദിച്ചെന്ന പരാതിയിൽ നടി ശ്വേതാ മേനോനെതിരെ എറണാകുളം സെൻട്രൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ തുടര്‍നടപടികള്‍ ഹൈക്കോടതി തടഞ്ഞു.
കേസെടുക്കാന്‍ നിര്‍ദേശിച്ച എറണാകുളം സിജെഎം കോടതിയുടെ നടപടി കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്നും വിഷയത്തിൽ മജിസ്ട്രേറ്റ് തിടുക്കം കാട്ടിയെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഹൈക്കോടതി നിരീക്ഷിച്ചു. ശ്വേതാ മേനോന്റെ വാദങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
നടപടിക്രമങ്ങള്‍ പാലിക്കാതെ കേസെടുക്കാനുള്ള നിര്‍ദേശത്തില്‍ മജിസ്ട്രേറ്റ് കോടതിയോട് ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. സിജെഎമ്മില്‍ നിന്ന് റിപ്പോര്‍ട്ട് തേടാന്‍ രജിസ്ട്രിക്ക് ഹൈക്കോടതി നിര്‍ദേശം നല്കി.
ശ്വേതാ മേനോന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി എറണാകുളം സെന്‍ട്രല്‍ പോലീസിന് നോട്ടീസ് നല്കി. നടിക്കെതിരെ പരാതി നല്കിയ മാര്ട്ടിന് മെനാച്ചേരിക്കും കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസ് വി.ജി. അരുണ്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ശ്വേതയുടെ ഹര്‍ജി പരിഗണിച്ചത്.
തനിക്കെതിരെ എറണാകുളം സെന്‍ട്രല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിനെതിരെ ഇന്ന് ഉച്ചയോടെയാണ് ശ്വേതാ മേനോന് കോടതിയെ സമീപിച്ചത്
Kerala
കൊച്ചി: അശ്ലീല രംഗങ്ങളില്‍ അഭിനയിക്കുകയും വീഡിയോ പ്രചരിപ്പിക്കുകയും ചെയ്തെന്ന പരാതിയില്‍ തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി ശ്വേത മേനോൻ ഹൈക്കോടതിയെ സമീപിച്ചു.
അന്വേഷണ നടപടികൾ അടിയന്തരമായി സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് താരം ഹൈക്കോടതിയിൽ ഹർജി നൽകി. ഹര്‍ജി ഇന്നുതന്നെ പരിഗണിക്കണമെന്ന് ആവശ്യപ്പെടുമെന്നാണ് വിവരം. കേസ് അടിസ്ഥാനരഹിതമാണെന്നടക്കമുള്ള തരത്തില്‍ നിയമോപദേശം ലഭിച്ച സാഹചര്യത്തിലാണ് ശ്വേത മേനോൻ കോടതിയെ സമീപിച്ചത്.
തനിക്കെതിരായി പരാതിക്കാരന് നല്കിയ ക്ലിപ്പുകള്‍ സെന്‍സര്‍ ചെയ്ത സിനിമകളിലേതെന്ന് കോടതിയെ അറിയിക്കാനാണ് നീക്കം. കുടുംബചിത്രങ്ങളില്‍ അഭിനയിക്കുന്ന നടിയാണ് താനെന്നും ഗൂഢാലോചനയുടെ ഭാഗമാണ് പരാതിയെന്നും ശ്വേത അറിയിക്കും. എന്നാല്‍ പോണ്‍സൈറ്റുകളില്‍ ചിത്രം കടന്നുവന്നത് എങ്ങനെയെന്ന് അന്വേഷിക്കണമെന്നും കോടതിയോട് ആവശ്യപ്പെടും.
മാര്ട്ടിന് മേനാച്ചേരി എന്നയാളുടെ പരാതിയില്‍ എറണാകുളം സിജെഎം കോടതിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ബുധനാഴ്ചയാണ് പോലീസ് കേസെടുത്തത്. അനാശാസ്യ നിരോധന നിയമപ്രകാരവും, ഐടി ആക്ട് പ്രകാരവുമാണ് കേസ്.
എറണാകുളം സെന്‍ട്രല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം ആരംഭിച്ചു. കോടതി നിര്‍ദേശത്തെ തുടര്‍ന്നുള്ള കേസ് ആയതിനാല്‍ പ്രാഥമിക അന്വേഷണത്തിന്റെ ആവശ്യമില്ല. നേരിട്ട് കേസ് അന്വേഷണത്തിലേക്ക് കടന്നതായി പോലീസ് പറഞ്ഞു.
സിനിമയിലും പരസ്യങ്ങളിലും മറ്റും നഗ്നത പ്രദര്‍ശിപ്പിച്ച് അഭിനയിച്ചു, സമൂഹമാധ്യമങ്ങളിലൂടെയും വെബ്സൈറ്റുകളിലൂടെയും ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച് വരുമാനം നേടി തുടങ്ങിയ ആരോപണങ്ങളാണ് പരാതിയില്‍ ഉള്ളത്.
സാമ്പത്തിക ലാഭത്തിനുവേണ്ടി ഗൂഢ ഉദ്ദേശത്തോടെ സിനിമയിലും പരസ്യങ്ങളിലും നഗ്നത പ്രദര്‍ശിപ്പിച്ച് അഭിനയിച്ചു, സമൂഹമാധ്യമങ്ങളിലൂടെയും പോണ്സൈറ്റുകളിലൂടെയും ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച് വരുമാനം നേടിയെന്നുമാണ് എഫ്ഐആറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
അതേസമയം ശ്വേത മേനോന് താരസംഘടന അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതുമായി തന്റെ പരാതിക്ക് ബന്ധമില്ലെന്ന് പരാതിക്കാരന് പറഞ്ഞു. നടിക്കെതിരെ താന്‍ മാര്‍ച്ചില്‍ ആണ് പരാതി നല്‍കിയത്. സെന്‍ട്രല്‍ പോലീസില്‍ പരാതി നല്‍കിയിട്ട് നടപടി ഉണ്ടാകാതിരുന്നതോടെ കോടതിയെ സമീപിക്കുകയായിരുന്നുവെന്നും മാര്ട്ടിന് പറഞ്ഞു.