National
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് പരീക്ഷ റദ്ദാക്കിയ ദേശീയ പരീക്ഷ ഏജൻസിയുടെ (നാഷണൽ ടെസ്റ്റിംഗ് ഏജൻസി എൻടിഎ) നടപടിയിൽ എൻടിഎയ്ക്കെതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം.
പേപ്പർ ചോർച്ചയില്ലാതെ വലിയതോതിലുള്ള മത്സര പരീക്ഷകൾ നടത്തുന്ന യുപിഎസ്സി പോലുള്ള മറ്റ് സ്ഥാപനങ്ങളിൽനിന്ന് എൻടിഎ പാഠം ഉൾക്കൊള്ളേണ്ടതുണ്ടെന്ന് വാദത്തിനിടയിൽ സുപ്രീംകോടതി നിരീക്ഷിച്ചു.
ചോദ്യപേപ്പർ ചോർച്ച വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വലിയ മാനസിക സമ്മർദ്ദം സൃഷ്ടിച്ചു. വർഷങ്ങളായുള്ള വിദ്യാർഥികളുടെ കഠിനാധ്വാനത്തെയാണ് ഇത്തരം ചോർച്ചകൾ ഇല്ലാതാക്കുന്നതെന്നും ജസ്റ്റീസുമാരായ പി.എസ്. നരസിംഹ, ജെ.ബി. പർദിവാല എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കി.
ഭാവിയിലെ പരീക്ഷ നടത്തിപ്പിൽ വീഴ്ചകൾ തടയാനും എൻടിഎയുടെ പ്രവർത്തനശേഷി ശക്തിപ്പെടുത്താനും ഉദ്ദേശിക്കുന്ന നടപടികൾ വിശദീകരിച്ച് ആറാഴ്ചയ്ക്കകം സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തോട് കോടതി ആവശ്യപ്പെട്ടു.
കൃത്യമായ ഉത്തരവാദിത്വം നിശ്ചയിക്കാതെ ഇത്തരം പ്രശ്നങ്ങൾ അവസാനിക്കില്ലെന്നും ഏത് ഉദ്യോഗസ്ഥനാണ് ഉത്തരവാദിത്വമെന്ന് വ്യക്തമായി അറിയുന്പോൾ മാത്രമേ നിയന്ത്രണങ്ങൾ ഫലപ്രദമാകുകയുള്ളുവെന്നും കോടതി നിരീക്ഷിച്ചു.
രാജ്യത്തെ ഭൂരിഭാഗം സ്ഥാപനങ്ങളും താത്കാലിക സംവിധാനങ്ങളായി മാറുന്നതാണ് പ്രശ്നം. വ്യക്തികളുടെ കഴിവിനേക്കാൾ സ്ഥാപനത്തിന്റെ കരുത്താണ് പ്രധാനമെന്നും കോടതി ചൂണ്ടിക്കാട്ടി. വിഷയത്തിൽ നേരത്തെ വാദം കേട്ടപ്പോഴും എൻടിഎയ്ക്കെതിരെ സുപ്രീംകോടതി രൂക്ഷവിമർശനം നടത്തിയിരുന്നു.
ഒരു കൂട്ടം വിദ്യാർഥികളും ഡോക്ടർമാരുടെ സംഘടനയും സമർപ്പിച്ച ഹർജിയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. തിങ്കളാഴ്ച വിഷയത്തിൽ വാദം കേൾക്കവേ 2024ൽ സംഭവിച്ച ക്രമക്കേടിനെ തുടർന്ന് രൂപീകരിച്ച ഉന്നതാധികാര സമിതി സ്വീകരിച്ച നടപടികൾ വിശദമാക്കാൻ എൻടിഎയോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് മേൽനോട്ട സമിതി ചെയർമാൻ ഡോ. കെ.രാധാകൃഷ്ണൻ ഇന്നലെ കോടതിയിൽ ഹാജരായി.
പരീക്ഷകൾ സുഗമമായി നടപ്പാക്കുന്നതിന് ദീർഘകാലത്തേക്ക് നടപ്പാക്കേണ്ട 35 ശിപാർശകളും ഹ്രസ്വകാല നടപടികൾക്കായി അറുപതോളം ശിപാർശകളും സമർപ്പിച്ചതായി ഉന്നതാധികാര സമിതി കോടതിയെ അറിയിച്ചു.
സമിതി നിർദേശത്തെ അനുസരിച്ച് നടപ്പാക്കിയ പരിഷ്കാരങ്ങളെ തുടർന്ന് 2025ൽ നടത്തിയ നീറ്റ് പരീക്ഷ സുഗമമായി നടപ്പാക്കാൻ സാധിച്ചുവെന്നും സമിതി കോടതിയെ അറിയിച്ചു.
National
ന്യൂഡൽഹി: ലഖിംപുർ ഖേരി കേസിന്റെ വിചാരണ ഇഴഞ്ഞുനീങ്ങുന്നതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി സുപ്രീം കോടതി.
2021ൽ ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ എട്ടുപേരുടെ കൊലപാതകവും അതിനുപിന്നാലെയുണ്ടായ അക്രമങ്ങളും സംബന്ധിച്ച കേസിൽ കഴിഞ്ഞ രണ്ടു മാസമായിട്ടും സാക്ഷികളെ ഹാജരാക്കാത്തതിന് സുപ്രീംകോടതി ഉത്തർപ്രദേശ് സർക്കാരിനെ വിമർശിച്ചു.
മുൻ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര പ്രതിയായ കേസിൽ സാക്ഷികളെ ഹാജരാക്കാൻ കഴിയാത്തത് എന്തുകൊണ്ടാണെന്നു വ്യക്തമാക്കാൻ സംസ്ഥാനസർക്കാർ സമർപ്പിച്ച സ്റ്റാറ്റസ് റിപ്പോർട്ട് പരാജയപ്പെട്ടുവെന്ന് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
National
തിരുവനന്തപുരം: മണ്ഡല പുനർനിർണയത്തിനെതിരെ പ്രതികരണവുമായി മുതിർന്ന സിപിഎം നേതാവ് ഡോ. തോമസ് ഐസക്. മണ്ഡല പുനർനിർണയം സംബന്ധിച്ച ബിജെപി സർക്കാരിന്റെ പുതിയ നിലപാടുകൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ഭാവി അപകടത്തിലാക്കുമെന്ന് തോമസ് തോമസ് ഐസക് പറഞ്ഞു.
ഹിന്ദി സംസ്ഥാനങ്ങൾക്ക് അമിത പ്രാതിനിധ്യം നൽകുന്ന ഈ പദ്ധതിക്ക് പാർലമെന്റിൽ ഭൂരിപക്ഷം ലഭിക്കില്ലെന്ന് ഉറപ്പായതോടെ ബിജെപി അടവുമാറ്റുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
എല്ലാ സംസ്ഥാനങ്ങളിലും 50 ശതമാനം സീറ്റുകൾ വർദ്ധിപ്പിക്കാമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന അപകടമാണെന്നും ഐസക് അക്കമിട്ട് നിരത്തുന്നു.
നിലവിലുള്ള സീറ്റ് അനുപാതം 1971-ലെ ജനസംഖ്യാടിസ്ഥാനത്തിലാണ്. ഇത് ഭേദഗതി ചെയ്യാൻ മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണം. എന്നാൽ ഭാവിയിൽ ഇത് വെറും ഭൂരിപക്ഷം മതിയാകുന്ന രീതിയിലേക്ക് മാറ്റാനാണ് ബിജെപി നീക്കം. നമ്മുടെ സംസ്ഥാനങ്ങളുടെ ഭാവി ബിജെപിയുടെ ദയാദാക്ഷണ്യത്തിന് വിട്ടുകൊടുക്കാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
2011-ലെ സെൻസസ് മാനദണ്ഡമാക്കിയാൽ തുല്യ വോട്ടർമാരുടെ എണ്ണമനുസരിച്ചുള്ള പ്രാതിനിധ്യ വ്യവസ്ഥ ആകെ തകിടം മറിയും. ബിജെപി തന്നെയാണ് ഇപ്പോൾ ഊരാക്കുടുക്കിൽ പെട്ടിരിക്കുന്നതെന്നും ഐസക് നിരീക്ഷിച്ചു. വനിതാ സംവരണത്തോടുള്ള ബിജെപിയുടെ പ്രതിബദ്ധത വെറും നാടകമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
2023-ൽ പാസ്സാക്കിയ ബില്ല് നോട്ടിഫൈ ചെയ്യാൻ പോലും സർക്കാർ മറന്നുപോയി. ഇന്നലെ രാത്രിയാണ് ഇത് നോട്ടിഫൈ ചെയ്തത്. നിലവിലുള്ള 543 അംഗ സഭയിൽ മൂന്നിലൊന്ന് സംവരണം നടപ്പിലാക്കാൻ ആരും എതിരല്ലെന്നും മറ്റു കാര്യങ്ങൾ പാർലമെന്ററി കമ്മിറ്റിക്ക് വിടണമെന്നുമാണ് പ്രതിപക്ഷ നിലപാട്.
ബിജെപിയുടെ ലക്ഷ്യം വനിതാ സംവരണം അല്ല, മറിച്ച് 2029-ൽ വിജയം ഉറപ്പിക്കുക എന്നതാണ്. ഇതിനായി ഇലക്ഷൻ കമ്മീഷനെ ഉപയോഗിച്ച് ഇഷ്ടമില്ലാത്തവരെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കുകയും, ഡീലിമിറ്റേഷൻ കമ്മീഷനെക്കൊണ്ട് മണ്ഡല അതിർത്തികൾ തങ്ങൾക്ക് അനുകൂലമായി തിരുത്തി എഴുതിക്കുകയുമാണ് അവരുടെ പദ്ധതിയെന്നും അദ്ദേഹം ആരോപിച്ചു.
Kerala
കാസർഗോഡ്: കണ്ണൂർ സീറ്റ് വേണമെന്ന ആവശ്യത്തിലുറച്ച് നിൽക്കുന്ന മുൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ എംപിക്കെതിരെ ഒളിയമ്പുമായി കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ. മലവെള്ളപ്പാച്ചിലിൽ ഈട്ടിത്തടിയായാലും തേക്കായാലും ഒലിച്ചുപോകുമെന്നായിരുന്നു ഉണ്ണിത്താന്റെ 'ഒളിയമ്പ്'.
സിറ്റിംഗ് എംപിമാർ വീണ്ടും നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായി ഉണ്ണിത്താൻ വ്യക്തമാക്കി. യുഡിഎഫ് സ്ഥാനാർഥികളെ വിജയിപ്പിക്കേണ്ട ഉത്തരവാദിത്വമാണ് എംപിമാർക്കുള്ളത്.
സൗന്ദര്യമോ പാരമ്പര്യമോ നോക്കിയല്ല സ്ഥാനാർഥികളെ തീരുമാനിക്കുന്നത്. സീറ്റ് ആവശ്യപ്പെടാൻ എല്ലാവർക്കും അവകാശമുണ്ടെങ്കിലും പാർട്ടി തീരുമാനമാണ് അന്തിമമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. കെ. സുധാകരന്റെ സ്ഥാനാർഥിത്വ പ്രഖ്യാപനം പാർട്ടിയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കെയാണ് ഉണ്ണിത്താന്റെ പ്രതികരണം.
Kerala
പത്തനംതിട്ട: മന്ത്രി വീണാ ജോർജിന് മർദനമേറ്റെന്ന് ആരോപിച്ച് സംസ്ഥാനത്ത് സിപിഎം ആക്രമണം അഴിച്ചുവിടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. നുണകൾ പറഞ്ഞ് കേരളത്തിൽ വ്യാപക ആക്രമണം നടത്തുന്ന സിപിഎമ്മിന് വോട്ടർമാർ തക്കതായ മറുപടി നൽകും.
ആരോഗ്യമേഖലയിലുണ്ടായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കാതെ അതിൽനിന്ന് ശ്രദ്ധ തിരിച്ചുവിടാനായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് ആക്രമണകഥ. അത് പൊളിഞ്ഞുപാളീസായി പോയിട്ടും അതിന്റെ പേരിലുള്ള അക്രമം തുടരാൻ സിപിഎം നേതാക്കൾ അണികളെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും വി.ഡി.സതീശൻ പറഞ്ഞു.
തീക്കൊള്ളി കൊണ്ട് തല ചൊറിയരുത്. കെഎസ്യു പ്രവർത്തകർക്കെതിരെ ചുമത്തിയിട്ടുള്ള വധശ്രമക്കേസ് പിൻവലിക്കണം. ഇല്ലെങ്കിൽ കോൺഗ്രസ് അതിനെ നിയമപരമായി നേരിടാനാണ് തീരുമാനിച്ചിരിക്കുന്നത്. സിപിഎം ഗുണ്ടകൾ ആയുധം താഴെ വെച്ച് അക്രമം അവസാനിപ്പിക്കണം.
കെഎസ്യു നേതാവിന്റെ വീടിനുനേരെ ബോംബ് ആക്രമണം നടത്തി. നാടുമുഴുവൻ അക്രമം നടത്തുന്നു. മന്ത്രിയെ ആക്രമിച്ചുവെന്ന് പറയുന്നത് പച്ചക്കള്ളമാണ്. തെളിവുണ്ടെങ്കിൽ പുറത്തുവിടണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Kerala
കോട്ടയം: ആര് ഭരിച്ചാലും താൻ കോൺഗ്രസുകാരൻ തന്നെയായിരിക്കുമെന്ന് നടൻ രമേഷ് പിഷാരടി. കോട്ടയത്ത് നടക്കുന്ന സംസ്കാരസാഹിതി ഉത്സവ് 2026 ഭാഗമായി സംഘടിപ്പിച്ച സിനിമ, രാഷ്ട്രീയം, സമൂഹം എന്ന സംവാദത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ കാഴ്ചപ്പാടും വിശാലമായ ജനാധിപത്യവുമാണ് തന്നെ കോൺഗ്രസുകാരനാകാൻ പ്രേരിപ്പിച്ചത്. ലോകത്ത് തിരസ്കരിക്കപ്പെട്ട പ്രത്യയശാസ്ത്രമാണ് കമ്യൂണിസമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചലച്ചിത്ര സംവിധായകൻ ജോസ് തോമസ് മോഡറേറ്ററായിരുന്നു.
സംവിധായകൻ ജോഷി മാത്യു, കോട്ടയം രമേശ്, എൻ.വി.പ്രദീപ്കുമാർ, ചലച്ചിത്ര താരം രവീന്ദ്രൻ, ജയേഷ് തമ്പാൻ, തോമസ് പാലത്തറ എന്നിവർ സംബന്ധിച്ചു. നാടകമേളയിൽ സത്യൻ സ്മാരക വായനശാലയുടെ സ്വപ്നവേട്ട, തിരുവനന്തപുരം നാടകകരയുടെ കൃഷ്ണ നീ എന്നെ അറിയില്ലേ, ന്യൂ ക്രിയേഷൻ മീഡിയയുടെ കുടുംബയോഗം എന്നീ നാടകങ്ങൾ അവതരിപ്പിച്ചു.
National
ചെന്നൈ: കലൈഞ്ജർ മഹിള ഉത്തമൈ തിട്ടം പദ്ധതി വഴി തമിഴ്നാട്ടിൽ സ്ത്രീകൾക്ക് അയ്യായിരം രൂപ വീതം വിതരണം ചെയ്തതിനെ പരോക്ഷമായി വിമർശിച്ച് ടിവികെ അധ്യക്ഷൻ വിജയ്. വോട്ടിന് പണം നൽകുന്ന സംസ്കാരം അവസാനിക്കണം.
വോട്ടുകൾ വിലയ്ക്ക് വാങ്ങാൻ ആർക്കും അവകാശമില്ലെന്നും വോട്ട് എന്നത് ഓരോ പൗരന്റെയും അവകാശമാണെന്നും അദ്ദേഹം പറഞ്ഞു. വീണ്ടും അധികാരത്തിൽ വന്നാൽ നിലവിലെ പ്രതിമാസ ധനസഹായം വർധിപ്പിക്കുമെന്നും എം.കെ.സ്റ്റാലിൻ പറഞ്ഞിരുന്നു. ഇതിനെയും വിജയ് വിമർശിച്ചു.
ഇത്തരം തെരഞ്ഞെടുപ്പ് പ്രലോഭനങ്ങളിൽ വീഴരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. താൻ രാഷ്ട്രീയത്തിലേക്ക് വന്നത് വോട്ട് തേടിയല്ല. മറിച്ച് നീതി തേടിയാണെന്നും തമിഴ്നാട്ടിലെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: കേരളത്തിന് എയിംസ് അനുവദിക്കാത്തതിനെ വിമർശിച്ച് മന്ത്രി വീണാ ജോർജ്. ഭൂമി ഏറ്റെടുത്ത് നൽകാത്തതുകൊണ്ടാണ് എയിംസ് വൈകുന്നതെന്ന് കുറ്റപ്പെടുത്തുന്നവർക്കുള്ള മറുപടിയുമായിട്ടാണ് വീണ ജോർജ് രംഗത്തെത്തിയത്.
2024ൽ തന്നെ എയിംസ് സ്ഥാപിക്കുന്നതിന് കേന്ദ്രം ആവശ്യപ്പെട്ട ഭൂമി സംബന്ധമായ രേഖകൾ കേരളം സമർപ്പിച്ചിരുന്നുവെന്നും വീണാ ജോർജ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. കേരളത്തിന് എയിംസ് അനുവദിക്കുന്നതിന് തത്വത്തിൽ അംഗീകാരം നൽകാൻ ധനമന്ത്രാലയത്തോട് അഭ്യർഥിച്ചു.
അടുത്ത പ്രഖ്യാപനത്തിൽ കേരളത്തിന്റെ എയിംസ് ഉൾപ്പെടുമെന്ന് അറിയിച്ച് കേന്ദ്രം സംസ്ഥാനത്തിന് നൽകിയ കത്തിന്റെ ചിത്രം ഉൾപ്പെടെ പങ്കുവെച്ചാണ് വീണ ജോർജിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്. വീണ്ടും രണ്ട് ബജറ്റുകൾ കൂടി കഴിഞ്ഞുവെന്നും എയിംസ് കണ്ടില്ല സാർ എന്നും മന്ത്രിയുടെ പോസ്റ്റിൽ പറയുന്നു.