മുൻ മന്ത്രി വി.എൻ. വാസവൻ
തിരുവനന്തപുരം: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രവർത്തന മികവിനെ യുഡിഎഫ് അംഗീകരിച്ചതിൽ സന്തോഷമെന്ന് മുൻ മന്ത്രി വി.എൻ. വാസവൻ. വൈകിയാണെങ്കിലും യുഡിഎഫിന് ബോധോദയം ഉണ്ടായതിനെ സ്വാഗതം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
ലോകോത്തര നിലവാരമുള്ള നിർമാണ പ്രവർത്തനങ്ങളാണ് ഊരാളുങ്കൽ കാഴ്ചവെക്കുന്നതെന്ന് മുൻപ് ഇടതുപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. അന്ന് അതിനെ കേവലം രാഷ്ട്രീയ കണ്ണുകളോടെ കണ്ട് പരിഹാസത്തോടെ തള്ളിക്കളഞ്ഞവരാണ് യുഡിഎഫ് നേതാക്കളെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
എന്നാൽ കാലം മാറിയപ്പോൾ ഊരാളുങ്കലിന് മികച്ച നിർമാണ നിലവാരമുണ്ടെന്ന് യുഡിഎഫിന് തന്നെ പരസ്യമായി മാറ്റിപ്പറയേണ്ടി വന്നതിൽ വലിയ സന്തോഷമുണ്ട്. ഇത് കേരളത്തിലെ സഹകരണ മേഖലയ്ക്ക് ഒന്നടങ്കം അഭിമാനിക്കാവുന്ന നേട്ടമാണെന്നും വി.എൻ. വാസവൻ വ്യക്തമാക്കി.
പ്രതിപക്ഷത്തിരുന്ന സമയത്തെ ഊരാളുങ്കലിനെതിരായ നിലപാടുകളിൽ നിന്ന് യുഡിഎഫ് പൂർണമായും യു ടേൺ അടിച്ചിരിക്കുകയാണ്. ഊരാളുങ്കലിന് നിയമവിരുദ്ധമായി ഏതെങ്കിലും തരത്തിലുള്ള കരാറുകൾ നൽകിയതായോ കരാർ തുകയേക്കാൾ കൂടുതൽ പണം വഴിവിട്ട് നൽകിയതായോ വിവരമില്ലെന്ന് മന്ത്രി പി.കെ. ബഷീർ നിയമസഭയിൽ പറഞ്ഞു.
Tags : v.n.vasavan slams udf uralungal society