National
ഹൈദരാബാദ്: തെലുങ്കാനയിൽ തെരുവുനായ്ക്കളെ കൊന്നൊടുക്കുന്നതു തുടരുന്നു. ജഗ്തിയാൽ ജില്ലയിലെ പെഗാഡ കഴിഞ്ഞ ദിവസം 300 തെരുവുനായ്ക്കളെ വിഷം കുത്തിവച്ചു കൊന്നു.
സർപഞ്ചുമാരുടെ നേതൃത്വത്തിലാണ് നായ്ക്കളെ കൊല്ലുന്നത്. ഈ മാസം തെലുങ്കാനയിൽ വിവിധ ജില്ലകളിലായി 900 തെരുവുനായ്ക്കളെ കൊന്നു.
മൃഗസ്നേഹികളുടെ എതിർപ്പ് വകവയ്ക്കാതെയാണ് അധികൃതർ നായ്ക്കളെ കൊന്നു തള്ളുന്നത്.
National
ഹൈദരാബാദ്: തെലുങ്കാനയിലെ ഹൈദരാബാദിനു സമീപം 100 തെരുവുനായ്ക്കളെ വിഷംകൊടുത്തു കൊന്നു.
ഈ മാസം 19ന് യാച്ചാരം ഗ്രാമത്തിൽ നടന്ന സംഭവത്തിൽ സർപഞ്ചിനും മറ്റു രണ്ടു പേർക്കും എതിരേ കേസെടുത്തു.
തെലുങ്കാനയിലെ വിവിധ ജില്ലകളിൽ ഈ മാസം അഞ്ഞൂറോളം തെരുവുനായ്ക്കളെ കൊന്നിരുന്നു.
National
ന്യൂഡല്‍ഹി: തെരുവ് നായ പ്രശ്നവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ, മൃഗസംരക്ഷണ പ്രവര്‍ത്തകയും ബിജെപി നേതാവുമായ മേനക ഗാന്ധിക്കെതിരെയും മൃഗസ്നേഹികളുടെ വാദങ്ങള്‍ക്കെതിരെയും സുപ്രീംകോടതിയില്‍ രൂക്ഷവിമര്‍ശനം.
തെരുവ് നായകളെ അവയുടെ ആവാസവ്യവസ്ഥയില്‍ നിന്ന് മാറ്റാന്‍ പാടില്ലെന്ന മേനക ഗാന്ധിയുടെയും എന്‍ജിഒകളുടെയും നിലപാട് പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് വിവിധ സംസ്ഥാനങ്ങള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചു.
നായകളെ വന്ധ്യംകരണത്തിന് ശേഷം പിടികൂടിയ സ്ഥലത്ത് തന്നെ തിരികെ വിടണമെന്ന നിയമം കൊണ്ടുവരാന്‍ സമ്മര്‍ദ്ദം ചെലുത്തിയത് ഇത്തരം സംഘടനകളാണെന്ന് കോടതിയില്‍ ആരോപണമുയര്‍ന്നു. നായകള്‍ക്ക് മനുഷ്യരേക്കാള്‍ പ്രാധാന്യം നല്കുന്ന രീതി അംഗീകരിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.
'നായകളോട് അമിതമായ സ്നേഹമുള്ളവര് അവയെ സ്വന്തം വീട്ടില്‍ കൊണ്ടുപോയി വളര്‍ത്തട്ടെ, പൊതുജനങ്ങളെ കടിക്കാന്‍ തെരുവില്‍ വിടരുത്' എന്ന് ജസ്റ്റീസ് വിക്രം നാഥ് പരാമര്‍ശിച്ചു. തന്റെ അഭിഭാഷക ജീവിതത്തിൽ മനുഷ്യർക്ക് വേണ്ടി ഇത്രയും ശക്തമായ വാദം താന്‍ കേട്ടിട്ടില്ലെന്നും ജസ്റ്റീസ് വിക്രം നാഥ് പറഞ്ഞു.
മേനക ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ വാദിക്കുന്ന മൃഗസംരക്ഷണ നിയമങ്ങള്‍ പലപ്പോഴും നായകളെ നിയന്ത്രിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തടസമാകുന്നുവെന്ന് വാദമുയര്‍ന്നു. നായകള്‍ക്ക് ഭക്ഷണം നല്കുന്നവര് അവ കടിക്കുന്നതിനും ഉത്തരവാദികളായിരിക്കണമെന്ന് കോടതി വ്യക്തമാക്കി.
മനുഷ്യന്റെ ജീവിക്കാനുള്ള അവകാശത്തിനാണ് പ്രഥമ പരിഗണന നല്‍കേണ്ടതെന്നും, നായകളുടെ അവകാശങ്ങള്‍ അതിന് താഴെ മാത്രമേ വരൂ എന്നും കോടതിയില്‍ വാദമുയര്‍ന്നു.
തെരുവ് നായകളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനും അക്രമങ്ങള്‍ കൂടുന്നതിനും കാരണമാകുന്നത് നിലവിലെ നിയമങ്ങളിലെ അശാസ്ത്രീയതയാണെന്നും അത് തിരുത്തണമെന്നും കോടതിയില്‍ ആവശ്യമുയര്‍ന്നു. തെരുവ് നായകളുടെ ആക്രമണം മൂലമുണ്ടാകുന്ന ഓരോ പരിക്കിനും മരണത്തിനും സംസ്ഥാന സര്‍ക്കാരുകള്‍ വലിയ തുക നഷ്ടപരിഹാരമായി നല്‍കേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്കി. കേസില്‍ വാദം തുടരുകയാണ്.
National
ന്യൂഡല്‍ഹി: തെരുവുനായ പ്രശ്നം പരിഹരിക്കുന്നതിനുള്ള ഏക പോംവഴി ഇനി തെരുവുനായകള്‍ക്ക് കൗണ്‍സലിംഗ് നല്‍കുന്നത് മാത്രമെന്ന് സുപ്രീംകോടതിയുടെ പരിഹാസം. തെരുവുനായ പ്രശ്നവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലെ വാദം കേള്‍ക്കവെയായിരുന്നു കോടതിയുടെ പരിഹാസം.
ജസ്റ്റീസ് വിക്രം നാഥ്, ജസ്റ്റീസ് സന്ദീപ് മെഹ്ത, ജസ്റ്റീസ് എന്‍.വി. അഞ്ജാരിയ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് കേസ് കേട്ടത്. ആക്രമണകാരികളായ തെരുവുനായ്ക്കളെ നിയന്ത്രിക്കാനുള്ള പരിഹാരങ്ങള്‍ ചര്‍ച്ച ചെയ്യവേയാണ് ജസ്റ്റീസ് മെഹ്തയുടെ ഈ പരാമര്‍ശം.
"കടി മാത്രമല്ല, നായ്ക്കള്‍ ഉണ്ടാക്കുന്ന ഭീതി കൊണ്ടും അപകടങ്ങള്‍ സംഭവിക്കുന്നു. രാവിലെ ഏത് നായ ഏത് മൂഡിലാണെന്ന് എങ്ങനെ തിരിച്ചറിയും?' എന്ന് ചോദിച്ച ജസ്റ്റീസ് മെഹ്ത, തുടര്‍ന്നാണ് നായകള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുന്നത് മാത്രമാണ് ഇനി ഏക പോംവഴിയെന്ന പരിഹാസം നടത്തിയത്.
സ്കൂളുകള്‍, ആശുപത്രികള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ പരിസരങ്ങളില്‍ നിന്നും തെരുവുനായ്ക്കളെ നീക്കം ചെയ്യണമെന്ന് സുപ്രീംകോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. സ്റ്റെറിലൈസേഷനും വാക്സിനേഷനും നടത്തിതെരുവുനായ്ക്കളെ ഷെല്‍ട്ടറുകളിലേക്ക് മാറ്റണമെന്നും ആനിമല്‍ ബര്‍ത്ത് കണ്ട്രോള് നിയമങ്ങള്‍ പാലിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
എന്നാല്‍ കോടതിയുടെ ഈ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ സംസ്ഥാനങ്ങള്‍ പരാജയപ്പെട്ടതില്‍ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. തെരുവുനായ പ്രശ്നത്തില്‍ നടപടി സ്വീകരിക്കാത്ത സംസ്ഥാനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ജസ്റ്റീസ് വിക്രംനാഥ് മുന്നറിയിപ്പ് നല്കി.
ഹൈവേകളിലെ അപകടങ്ങള്‍, സ്കൂളുകളിലും ആശുപത്രികളിലും നായ്ക്കളുടെ സാന്നിധ്യം തുടങ്ങിയ വിഷയങ്ങളും വാദത്തിനിടെ ചര്‍ച്ചയായി. സംസ്ഥാനങ്ങളുടെ കംപ്ലയന്‍സ് റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച ശേഷം കൂടുതല്‍ നിര്‍ദേശങ്ങള്‍ ഉണ്ടാകുമെന്ന് സൂചിപ്പിച്ച കോടതി കേസില്‍ തൊട്ടടുത്ത ദിവസം വീണ്ടും വാദം കേള്‍ക്കും.
National
ന്യൂഡൽഹി: തെരുവുനായ വിഷയത്തിൽ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർ നേരിട്ടു ഹാജരാകുന്നത് ഒഴിവാക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി.
തെരുവുനായ്ക്കളുടെ വന്ധ്യംകരണം, വിരമരുന്ന്, പ്രതിരോധ കുത്തിവയ്പ് എന്നിവയുമായി ബന്ധപ്പെട്ട് ഓരോ സംസ്ഥാനവും കേന്ദ്രഭരണ പ്രദേശങ്ങളും സ്വീകരിച്ച നടപടികൾ വിശദീകരിച്ചുകൊണ്ടുള്ള റിപ്പോർട്ട് (ആനിമൽ ബർത്ത് കണ്ട്രോള്- എബിസി) സമർപ്പികക്കല് പരാജയപ്പെട്ടതിനെത്തുടർന്നാണ് ഉദ്യോഗസ്ഥരോട് നേരിട്ടു ഹാജരാകാൻ സുപ്രീംകോടതി കഴിഞ്ഞദിവസം നിർദേശിച്ചത്.
എന്നാൽ നേരിട്ടു ഹാജരാകുന്നത് ഒഴിവാക്കി ഓണ്‍ലൈനായി ഹാജരാകാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണു ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചിനെ സമീപിച്ചത്. രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് ഈ ആവശ്യം ബെഞ്ച് നിഷേധിച്ചത്. സംസ്ഥാന സർക്കാരുകളും മുനിസിപ്പൽ കോർപറേഷനും പരിഹരിക്കേണ്ട പ്രശ്നങ്ങൾ പരിഹരിക്കാൻ കോടതി സമയം ചെലവഴിക്കേണ്ട സാഹചര്യം വരുത്തിവച്ചത് വളരെ നിർഭാഗ്യകരമാണെന്ന് ബെഞ്ച് വിമർശിച്ചു.
പാർലമെന്റ് നിയമങ്ങൾ പാസാക്കുന്നു.എന്നാൽ, അതു നടപ്പാക്കേണ്ടവർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. അനുസരണ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അതും പാലിക്കുന്നതില്‍ ഉദ്യോഗസ്ഥർ പരാജയപ്പെട്ടു. കോടതിയുടെ ഉത്തരവിനെ ബഹുമാനിച്ചില്ല.
അനുസരണ സത്യവാങ്മൂലം സമർപ്പിക്കാതിരുന്നതിന്റെ കാരണം നേരിട്ടു ഹാജരായി ഉദ്യോഗസ്ഥർ വിശദീകരിക്കണം. തുടർന്ന് സത്യവാങ്മൂലം സമർപ്പിക്കണമെന്നും രൂക്ഷഭാഷയിൽ ബെഞ്ചിലെ അധ്യക്ഷൻ ജസ്റ്റീസ് വിക്രം നാഥ് വ്യക്തമാക്കി.
സംസ്ഥാനങ്ങൾ അനുസരണ സത്യവാങ്മൂലം നൽകിയിട്ടുണ്ടെന്ന് സോളിസിറ്റർ ജനറൽ പറഞ്ഞെങ്കിലും കോടതി നിർദേശിച്ച സമയത്തിനുശേഷമായിരിക്കണം അതെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. വിഷയത്തിൽ അവസാനം വാദം കേട്ടപ്പോൾ മൂന്ന് സത്യവാങ്മൂലം മാത്രമാണു ലഭിച്ചതെന്ന് ബെഞ്ച് വ്യക്തമാക്കിയിരുന്നു.
പശ്ചിമ ബംഗാൾ, തെലുങ്കാന, ഡൽഹി ഒഴികെയുള്ള സംസ്ഥാങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർ നവംബർ മൂന്നിന് കോടതിയിൽ ഹാജരായി കാരണങ്ങൾ വിശദീകരിക്കണം.
District News
ചിങ്ങവനം: കുറിച്ചി ഹോമിയോ കോളജ് ആശുപത്രിയില്‍ മരുന്നു വാങ്ങാനെത്തുന്ന നൂറു കണക്കിന് രോഗികള്‍ക്ക് പേടിസ്വപ്നമായി തെരുവുനായ്ക്കള്‍. ആശുപത്രിക്കകത്തും പുറത്തും സ്വൈരവിഹാരം നടത്തുകയും കിടന്നുറങ്ങുകയും ചെയ്യുന്ന നായ്ക്കള്ക്കിടയിലൂടെയാണ് കൊച്ചുകുട്ടികളടക്കം രോഗികള്‍ നടക്കുന്നത്.
ആക്രമണ സ്വഭാവം ഇല്ലെങ്കിലും കിടന്നുറങ്ങുന്ന നായ്ക്കളെ അറിയാതെ ചവിട്ടുകയോ മറ്റോ ചെയ്താല്‍ സ്ഥിതി മാറുമെന്നാണ് രോഗികളുടെ ആശങ്ക. പ്രധാന വാതിലിനരികില്‍ കാവല്‍ക്കാരായും അകത്ത് സുരക്ഷാ ചുമതലയുള്ളവരെന്ന ഭാവത്തിലുമാണ് ഇവയുടെ പെരുമാറ്റം.
കിടപ്പുരോഗികളും ഹോസ്റ്റലിലെ താമസക്കാരും കൊടുക്കുന്ന ഭക്ഷണം കഴിച്ച് അകത്തുകയറി കിടക്കുന്ന നായ്ക്കളെ ഇവിടെനിന്നും മാറ്റാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുകായാണെന്നാണ് ജീവനക്കാരുടെ പരാതി.
District News
മൂവാറ്റുപുഴ: തൃക്കളത്തൂര്‍ കാവുംപടി, സൊസൈറ്റിപ്പടി എന്നീ പ്രദേശങ്ങളില്‍ തെരുവുനായ ശല്യം രൂക്ഷമായതോടെ സെക്രട്ടറിക്ക് പരാതി നല്കി പഞ്ചായത്തംഗങ്ങള്‍. സ്ഥിരം സമിതി അധ്യക്ഷ സുകന്യ അനീഷ്, പഞ്ചായത്തംഗം എം.സി. വിനയന് എന്നിവര്‍ ചേര്‍ന്നാണ് പരാതി നല്‍കിയത്.
വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ നിരവധി പേര് നിരന്തരം സഞ്ചരിക്കുന്ന പ്രദേശങ്ങളിലാണ് തെരുവുനായ ശല്യം രൂക്ഷമായത്. തെരുവുനായ്ക്കളില്‍ പലതും അക്രമകാരികളായതുകൊണ്ട് പ്രദേശത്തെ ജനങ്ങളും യാത്രക്കാരും ഭീതിയിലാണെന്നും ഉടന്‍ പരിഹാരം കാണണമെന്നും പഞ്ചായത്തംഗങ്ങളുടെ പരാതിയില്‍ പറയുന്നു.
National
ന്യൂഡൽഹി: അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനെത്തിയ വിദേശ രാജ്യങ്ങളിലെ പരിശീലകര്‍ക്ക് രാജ്യ തലസ്ഥാനത്ത് വച്ച് തെരുവ് നായ്കളുടെ കടിയേറ്റു. വെള്ളിയാഴ്ച വൈകിട്ട് ഡൽഹി ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വച്ചാണ് സംഭവം.
കെനിയയുടെ സ്പ്രിന്റ് കോച്ച് ഡെന്നിസ് വാൻസോ, ജപ്പാന്റെ അസിസ്റ്റന്റ് കോച്ച് മികോ ഒകുമത്സു എന്നിവർക്കാണ് കടിയേറ്റത്. ഇരുവരെയും ഉടൻതന്നെ സഫ്ദർജങ് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.
104 രാജ്യങ്ങളിൽ നിന്നായി 1200 അത്ലറ്റുകൾ പങ്കെടുക്കുന്ന ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് ആദ്യമായാണ് ഇന്ത്യ വേദിയാകുന്നത്. 2030 ലെ കോമൺവെൽത്ത് ഗെയിംസിനും, 2036 ഒളിംപിക്സ്നും ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്കിടെയാണ് താരങ്ങളുടെ സുരക്ഷയെ തന്നെ ചോദ്യം ചെയ്യുന്ന ഈ സംഭവം.
District News
റാന്നി: താലൂക്ക് ഓഫീസും കോടതിയും പ്രവർത്തിക്കുന്ന താലൂക്കാസ്ഥാനത്തെ മിനി സിവിൽ സ്റ്റേഷനും പരിസരങ്ങളും കേന്ദ്രീകരിച്ച് തെരുവുനായ്ക്കൾ ആക്രമണകാരികളായി മാറുന്നു.
കഴിഞ്ഞയാഴ്ച രണ്ട് സർക്കാർ ജീവനക്കാർക്കാണ് സിവിൽ സ്റ്റേഷൻ പരിസരത്തു നായയുടെ കടിയേറ്റത്. ഇന്നലെ കോടതി വിട്ടിറങ്ങിവന്ന ജൂണിയർ അഭിഭാഷക നായക്കൂട്ടത്തിന്റെ ആക്രമണത്തിൽ നിന്നു കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.
ആക്രമിക്കാനെത്തുന്നതു കണ്ടു ഭയന്ന് നിലത്തുവീണ അഭിഭാഷകയ്ക്കു നേരേ ചീറിയടുത്ത നായ്ക്കളെ ഓടിയെത്തിയവരാണ് അകറ്റിയത്. ബോധക്ഷയം ഉണ്ടായതിനേ തുടർന്ന് അഭിഭാഷകയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
കോടതി, താലൂക്ക് ഓഫീസ്, സിവിൽ സപ്ലൈസ്, ഫയർ ഫോഴ്സ് തുടങ്ങി നാൽപതോളം ഓഫീസുകളാണ് റാന്നി മിനി സിവിൽ സ്റ്റേഷൻ കേന്ദീകരിച്ചു പ്രവർത്തിക്കുന്നത്. ഒരു ഡസനിലേറെ നായ്ക്കൾ ഓഫീസ് പരിസരങ്ങളിൽ തങ്ങുന്നുണ്ട്.
ഏറെക്കാലമായി ഇവിടെയുള്ള നായ്ക്കളാണിവ. ജീവനക്കാർ പതിവായി ഭക്ഷണം നൽകുന്നതിനാലാണ് ഇവ സിവിൽ സ്റ്റേഷൻ പരിസരത്തു തന്നെ തങ്ങുന്നതെന്ന് പറയുന്നു. ഓഫീസ് വരാന്തകളിലാണ് രാത്രിയിലും പകലും ഇവ തങ്ങുന്നത്.
ചില ജീവനക്കാർ രാവിലെയും ഉച്ചയ്ക്കും ഇവയ്ക്കു പതിവായി ഭക്ഷണം നൽകാറുണ്ട്. നായ്ക്കൾ ജീവനക്കാർക്കും അഭിഭാഷകർക്കും വിവിധ ആവശ്യങ്ങൾക്കായി ഓഫീസുകളിലെത്തുന്നവർക്കും ഭീഷണിയാണെന്ന പരാതിയും ഉയരുന്നുണ്ട്.
വിഷയം താലൂക്ക് സഭയിലും പഞ്ചായത്ത് തലത്തിലും ഉന്നയിച്ചിട്ടും ഫലമുണ്ടായിട്ടില്ല. റാന്നി ഗ്രാമപഞ്ചായത്ത് പരിധിയിലാണ് ഓഫീസ് പരിസരങ്ങളെങ്കിലും നായ പിടിത്തമോ എബിസി പ്രവർത്തനമോ പഞ്ചായത്ത് ഇപ്പോൾ ഏറ്റെടുത്തു നടത്തുന്നില്ല.