ജയ്പൂർ: രാജസ്ഥാനിലെ ജാലവാറിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ രണ്ട് വയസുകാരി മരിച്ചു. ബാരൻ സ്വദേശി രാജുലാലിന്റ മകൾ ഗൗരിയാണ് മരിച്ചത്.
താത്കാലികമായി കെട്ടിയുണ്ടാക്കിയ ടെന്റിനുള്ളിൽ പിതാവിനും സഹോദരിക്കുമൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്നു ഗൗരി. ഏഴോ എട്ടോ നായ്ക്കൾ കുട്ടിയെ കടിച്ച് 50 മീറ്ററോളം ദൂരേയ്ക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ആക്രമിക്കുകയായിരുന്നു.
ഭാര്യയുടെ പ്രസവ സംബന്ധമായ ചികിത്സയ്ക്കായി ജലവാറിൽ എത്തിയതായിരുന്നു രാജുലാലും കുടുംബവും. ഭാര്യ നിലവിൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഉറക്കത്തിനിടെ ഒരു നായ രാജുലാലിന്റെ വിരലിൽ കടിച്ചപ്പോഴാണ് അദ്ദേഹം ഉണർന്നത്. ഗൗരിയെ നായ്ക്കൾ ആക്രമിക്കുന്നത് കണ്ട അദ്ദേഹം കുട്ടിയെ രക്ഷിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടം വേണ്ടെന്ന് കുടുംബം അധികൃതരെ അറിയിച്ചു.
തെരുവുനായ്ക്കളുടെ ആക്രമണം തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നഗരസഭ കൗൺസിലിന് ജില്ലാ കളക്ടർ നിർദേശം നൽകി.
Tags : Toddler Maul Death Stray Dogs