ഒറ്റപ്പാലം: ഒറ്റപ്പാലം നഗരത്തിൽ നടപ്പാതകളിലെ വഴിയോരക്കച്ചവടം നിരോധിച്ചു. ഒറ്റപ്പാലം മായന്നൂർപാലം കവലമുതൽ കണ്ണിയംമ്പുറം പാലംവരെയുള്ള വഴിയോരക്കച്ചവടമാണ് നിരോധിച്ചത്. ഓണക്കാലം വരാനിരിക്കേ നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകാനുള്ള സാധ്യത പരിഗണിച്ചാണ് തീരുമാനം. തിരുവോണത്തിനുമുമ്പ് ഗതാഗത ക്രമീകരണ സമിതി യോഗത്തിലെ തീരുമാനം അടിയന്തരമായി നടപ്പാക്കും. നഗരസഭാ തിരിച്ചറിയൽ കാർഡ് നൽകിയവർക്ക് ഉൾപ്പെടെ തീരുമാനം ബാധകമാണ്.
അതേസമയം വഴിയോര കച്ചവടങ്ങൾക്ക് മായന്നൂർപാലം അപ്രോച്ച് റോഡിലും എൽഎസ്എൻ സ്കൂൾ പരിസരത്തും സൗകര്യം ഒരുക്കും. ഓണക്കാല പൂക്കച്ചവടങ്ങൾക്കും ഇതേ ഭാഗങ്ങളിൽ ഉപയോഗിക്കാം. നഗരത്തിൽ പ്രധാന പാതയോരങ്ങളിലെ നടപ്പാതകളിൽ കൈവരികൾ സ്ഥാപിച്ച് നവീകരിക്കുന്ന പദ്ധതി അന്തിമഘട്ടത്തിലാണ്. കൈവരികൾ സ്ഥാപിച്ചത് റോഡിലെ കാൽനടയാത്രക്കാരുടെ തിരക്ക് കുറയ്ക്കാൻ സഹായമായതായി യോഗം വിലയിരുത്തി. വഴിയോര കച്ചവടത്തിന് വിലക്കേർപ്പെടുത്തിയ ഭാഗങ്ങളിൽ വാഹനങ്ങളുടെ പാർക്കിംഗിനും അനുവദിക്കില്ല.
ഓണക്കാലത്ത് കോടതി പരിസരത്തും ബിഇഎം യുപി സ്കൂൾ മൈതാനിയിലുമായി പാർക്കിംഗ് സൗകര്യം ഒരുക്കാനാണ് ശ്രമം. തിരക്കേറിയ ഘട്ടങ്ങളിൽ ആർഎസ് റോഡിൽനിന്ന് പാലക്കാട് ഭാഗത്തേക്കു തിരിയാനാവില്ല. ഇടതുഭാഗത്തേക്കുതിരിഞ്ഞ് ഷൊർണൂർ റോഡിലൂടെ പോയി സെൻഗുപ്ത റോഡിലേക്ക് ടിബി വഴി പാലക്കാട് റോഡിൽ കയറണം.
ആർഎസ് റോഡിൽനിന്ന് വാഹനങ്ങൾ നേരിട്ട് പാലക്കാട് ഭാഗത്തേക്ക് പ്രവേശിക്കുമ്പോൾ കുരുക്ക് കൂടുമെന്നതിനാലാണ് നിയന്ത്രണം. തിരക്ക് കുറയ്ക്കാൻ ഈസ്റ്റ് ഒറ്റപ്പാലം പാലത്തിന് സമീപത്തെ കുഴികൾ അടയ്ക്കാനും യോഗത്തിൽ തീരുമാനമായി.