സമസ്തിപുര്‍ (ബിഹാർ): സൂര്യവംശി കുടുംബത്തിൽനിന്നുള്ള രണ്ടാമത്തെ വിസ്മയമായി ആശീർവാദ്. 15കാരന് വൈഭവ് സൂര്യവംശിയുടെ ബാറ്റിംഗ് വൈഭവം ഐപിഎല്‍ 2026 സീസണിൽ തരംഗം സൃഷ്ടിച്ചതിനു പിന്നാലെ അനുജൻ ആശീർവാദും വാർത്തകളിൽ നിറയുന്നു.
വൈഭവിന്റെ അനുജന് പത്ത് വയസുകാരന് ആശിര്‍വാദ് സൂര്യവംശി, സമസ്തിപുരില്‍ നടന്ന പ്രാദേശിക പരിശീലന മത്സരത്തില്‍ വെടിക്കെട്ട് സെഞ്ചുറിയുമായി തരംഗമായി.
താജ്പുര്‍ ക്രിക്കറ്റ് അക്കാദമിയെ പ്രതിനിധീകരിച്ച് ആശിര്‍വാദ് 87 പന്തില്‍ 103 റണ്‍സ് നേടി. 20 ഫോറും ഒരു സിക്സും. 118.39 സ്ട്രൈക്ക് റേറ്റ്. ലോകോത്തര ബൗളര്‍മാര്‍ക്ക് പേടിസ്വപ്നമായ ജ്യേഷ്ഠന് വൈഭവിനോട് സാമ്യമുള്ളതാണ് ഈ യുവതാരത്തിന്റെ സ്ഫോടനാത്മക ബാറ്റിംഗ് വിരുന്ന്.
ഇന്ത്യ എ ടീമിനൊപ്പം ശ്രീലങ്കയിൽ ത്രിരാഷ്ട്ര പരന്പരയിലുള്ള വൈഭവ് തന്റെ അനുജന്റെ സെഞ്ചുറി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച് ആഘോഷിച്ചു.