മഞ്ഞുമ്മൽ ബോയ്സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ‘ബാലൻ- ദി ബോയ്’ എന്ന ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി.
ഏറെ ദുരൂഹതകൾ നിറച്ച് ഒരുക്കിയിരിക്കുന്ന ട്രെയിലർ പ്രേക്ഷകരിൽ ആകാംക്ഷയുണർത്തുന്നതാണ്. സുഷിൻ ശ്യാം ഒരുക്കിയ സംഗീതവും ട്രെലറിനെ മികച്ചതാക്കുന്നു. ഇന്ത്യൻ ചലച്ചിത്രമേഖലയിലെ പ്രമുഖ താരങ്ങൾ ചേർന്നാണ് ഒന്നിലധികം ഭാഷകളിൽ ബാലന്റെ ട്രെയിലർ പുറത്തിറക്കിയത്.
അജയ് ദേവ്ഗൺ, സൂര്യ ശിവകുമാർ, നാഗ ചൈതന്യ, രാജ് ബി.ഷെട്ടി എന്നിവർ ചിത്രത്തിന്റെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ട്രെയിലർ റിലീസ് ചെയ്തു.
കാൻ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി മാർഷേ ഡു ഫിലിമിൽ പ്രദർശിപ്പിച്ച ചിത്രം മുൻപേ തന്നെ മികച്ച അഭിപ്രായം നേടിയിരുന്നു.
പ്രഖ്യാപനം മുതൽ വലിയ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രം, ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത് മുതൽ വലിയ ആകാംക്ഷയാണ് പ്രേക്ഷകരിൽ സൃഷ്ടിച്ചത്. ചിത്രം ജൂൺ 19ന് ആഗോള റിലീസായി തിയറ്ററുകളിലെത്തും.
മഞ്ഞുമ്മൽ ബോയ്സിന് ശേഷം ചിദംബരം ഒരുക്കുന്ന ചിത്രം എന്ന നിലയിലും പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ബാലൻ.