National
ന്യൂഡൽഹി: കൗമാരക്കാരനെ കുത്തിക്കൊന്ന കേസിൽ പ്രായപൂർത്തിയാകാത്ത മൂന്നുപേർ അറസ്റ്റിൽ. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ കാഞ്ചവാല പ്രദേശത്താണ് സംഭവം നടന്നത്.
കൊല്ലപ്പെട്ട കൗമാരക്കാരൻ പ്രതികളെ നേരത്തെ മർദിച്ചിരുന്നു. ഇതേചൊല്ലിയുണ്ടായ വാക്കേറ്റം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചു.
കൊലയ്ക്ക് ഉപയോഗിച്ച കത്തി സംഭവ സ്ഥലത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
National
ചണ്ഡീഗഡ്: ഹരിയാനയിലെ റോഹ്ത്തക്കിൽ ബാസ്കറ്റ് ബോൾ വളയത്തിന്റെ ഇരുമ്പ് തൂൺ വീണു കൗമാരക്കാരനു ദാരുണാന്ത്യം.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ലഖാൻ മജ്റ ഗ്രാമത്തിലെ സ്പോർട്സ് ഗ്രൗണ്ടിലായിരുന്നു അപകടം നടന്നത്. ഹാർദിക് രതി(16) ആണ് മരിച്ചത്.
ഗ്രൗണ്ടിൽ പരിശീലനത്തിൽ ഏർപ്പെടുന്നതിനിടെയായിരുന്നു ഇരുമ്പ് തൂൺ ഹാർദികിന്റെ മുകളിലേക്ക് പതിച്ചത്. അപകട സമയം കോർട്ടിൽ ഹാർദിക് ഒറ്റയ്ക്കായിരുന്നു.
ബാസ്കറ്റിൽ ചാടി പിടിക്കുന്നതിനിടെ ഇരുമ്പ് തൂൺ ഒടിഞ്ഞ് ദേഹത്തേക്കു പതിച്ചു. ബോർഡ് മുഴുവനായും ഹാർദിക്കിന്റെ നെഞ്ചിലേക്കാണ് പതിച്ചത്.
ഉടനെ കോർട്ടിന് സമീപമുണ്ടായിരുന്ന സുഹൃത്തുക്കൾ എത്തി ഹാർദിക്കിനെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു.
ഹാർദിക് ദേശീയ ടീമിൽ സെലക്ട് ചെയ്യപ്പെട്ടിരുന്നു. ട്രെയിനിംഗ് ക്യാമ്പിൽനിന്ന് മടങ്ങി വന്നതിനു പിന്നാലെയാണ് ദാരുണാന്ത്യം സംഭവിച്ചത്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്കു കൈമാറി.