തിരുവനന്തപുരം: മെസിയെ കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ സ്പോണ്സർ കന്പനി അന്നത്തെ സർക്കാരിനെയും വിരട്ടി. 2024 ഡിസംബർ 31ന് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കന്പനി സംസ്ഥാന സർക്കാരിനു നൽകിയ കത്ത് ഇത് വെളിപ്പെടുത്തുന്നുവെന്നു കായിക വകുപ്പ് സ്പെഷൽ സെക്രട്ടറിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
2024 ഡിസംബർ 24ന് സംസ്ഥാന സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ അർജന്റൈൻ ഫുട്ബോൾ അസോസിയേഷനും സംസ്ഥാന സർക്കാരും തമ്മിൽ നടത്തിയ ചർച്ചകളെക്കുറിച്ചും ആർബിസിയുടെ സ്പോണ്സർഷിപ്പിനെക്കുറിച്ചും പറഞ്ഞിട്ടുണ്ടെങ്കിലും ചർച്ചകളുടെ കൃത്യമായ വ്യവസ്ഥകൾ എന്തൊക്കെയാണെന്നു സർക്കാരിന്റെ ഉത്തരവിൽ വ്യക്തമല്ലെന്നായിരുന്നു സ്പോണ്സറിംഗ് കന്പനിയുടെ നിലപാട്. ഇതിനു പിന്നാലെ തങ്ങൾക്ക് ഉത്തരവിന്റെ പകർപ്പ് ലഭിച്ചിട്ടില്ലെന്നും ഉത്തരവിൽ ഭേദഗതി വേണമെന്നും സർക്കാരിനോട് സ്പോണ്സറിംഗ് കന്പനി ആവശ്യപ്പെട്ടു.
ഒരു സ്വകാര്യ വാണിജ്യ സ്പോണ്സർ അവരും വിദേശ ഫു്ടബോൾ അസോസിയേഷനും തമ്മിലുള്ള ഉഭയകക്ഷി ചർച്ചയുടെ വ്യവസ്ഥകൾ സർക്കാർ ഉത്തരവിൽ കൃത്യമായി ഉൾപ്പെടുത്തണമെന്നു പറയുന്നത് അസാധാരണ സംഭവമാണെന്നും സർക്കാരിനെ ഉപയോഗിച്ച് അവരുടെ വാണിജ്യ ആവശ്യങ്ങൾ നേടിയെടുക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളാണ് നടന്നതെന്നുമാണ് സ്പെഷൽ സെക്രട്ടറി വ്യക്തമാക്കുന്നത്.
2024 ഡിസംബർ 24ന് നൽകിയ ഉത്തരവ് പ്രകാരം ആർബിസി എന്ന കന്പനിക്ക് സ്പോണ്സർ എന്ന നിലയിൽ മാച്ച് സംഘടിപ്പിക്കാനുള്ള അനുമതിയാണ് നൽകിയിരുന്നത്. എന്നാൽ 2025 ജനുവരി ഏഴിന് ഇറക്കിയ സർക്കാർ ഉത്തരവിൽ ആർബിസി എന്ന സ്വകാര്യ കന്പനിക്ക് അർജന്റൈൻ ഫുട്ബോൾ അസോസിയേഷനുമായി കരാറിൽ ഏർപ്പെടാൻ അനുമതി നൽകിയതായി രേഖപ്പെടുത്തി.
2024 ഡിസംബർ 27ന് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് അയച്ച ഒൗദ്യോഗീക കത്തിലും അർജന്റീനയുടെ ലോകകപ്പ് കിരീട ജേതാക്കൾ ഉൾപ്പെട്ട ടീം കേരളത്തിൽ വരുന്നത് വ്യക്തമാക്കിയിരുന്നു. സംസ്ഥാന സർക്കാരിന്റെ ക്ഷണം എഎഫ്ഐ സ്വീകരിച്ചുവെന്നും ഇരുപക്ഷവും പൊതുധാരണയിൽ എത്തിയിട്ടുണ്ടെന്നും 2025 സെപ്റ്റംബർ ആറിനും 13നും ഇടയിലുള്ള ദിവസങ്ങളിൽ അർജന്റൈൻ ടീം കേരളത്തിലെത്തുമെന്നുമായിരുന്നു കത്തിൽ വ്യക്തമാക്കിയത്. എന്നാൽ ആ സമയത്ത് എഎഫ്ഐയുടെ ഉറപ്പോ ലയണൽ മെസിയുടെ കരാർ സംബന്ധിച്ച കരാറോ ഫിഫയുടെ അനുമതി പത്രമോ കളിക്കാരെ വിട്ടു നൽകുന്നത് സംബന്ധിച്ച സ്ഥിരീകരണമോ ഉണ്ടായില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഇത്രയും വലിയ സാന്പത്തിക ഇടപാട് നടക്കേണ്ട സംഭവത്തിൽ ധനകാര്യവകുപ്പ് സ്പോണ്സറുടെ സാന്പത്തിക ശേഷിയെക്കുറിച്ചോ നികുതി ആഘാതങ്ങളെക്കുറിച്ചോ ആകെ ചെലവിനെക്കുറിച്ചോ സർക്കാർ സംവിധാനങ്ങൾ വിട്ടു നൽകുന്നതിലെ പ്രത്യാഘാതങ്ങളെക്കുറിച്ചോ ഒരിടത്തും പരിശോധന നടത്താത്തത് ഗുരുതര കുറ്റമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.