പേരാമ്പ്ര: വൈദ്യുതി മുടക്കം പതിവായതോടെ വ്യാപാര മേഖല ഇരുട്ടിലായെന്നാരോപിച്ച് പേരാമ്പ്രയിൽ വ്യാപാരികൾ തെരുവിലിറങ്ങി. കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പേരാമ്പ്ര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടണത്തിൽ പ്രകടനം നടത്തി. കെഎസ്ഇബി ഓഫീസിലേക്ക് നടത്തിയ മാർച്ച് പൊലിസ് തടഞ്ഞു. തുടർന്ന് ഓഫീസിന് മുന്നിൽ പന്തം കൊളുത്തി പ്രതിഷേധ ധർണ നടത്തി.
സംഘടന പേരാമ്പ്ര ഏരിയ സെക്രട്ടറി ബി.എം. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി ഏരിയ പ്രസിഡന്റ് എ.എം. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. രാമചന്ദ്രൻ ഗുഡ്വിൽ, വി.കെ. ഭാസ്കരൻ, നാരായണൻ എസ്ക്വയർ എന്നിവർ പ്രസംഗിച്ചു. നിരവധി വ്യാപാരികളും ചെറുകിട വ്യവസായികളും പ്രതിഷേധത്തിൽ പങ്കെടുത്തു.