Movies
ടൊവിനോ തോമസും പ്രമുഖ സംവിധായകൻ ഡിജോ ജോസ് ആന്റണിയും ആദ്യമായി ഒന്നിക്കുന്ന 'പള്ളിച്ചട്ടമ്പി'യുടെ ട്രെയ്ലർ പുറത്തിറങ്ങിയതോടെ സിനിമാ പ്രേമികൾ വലിയ ആവേശത്തിലാണ്. ഈസ്റ്റർ ദിനത്തിൽ കൃത്യം 11.11-ന് പുറത്തുവിട്ട ട്രെയ്ലർ, 1950-60 കാലഘട്ടത്തിലെ കേരളത്തിന്റെ ഹൈറേഞ്ച് പശ്ചാത്തലത്തിലുള്ള കുടിയേറ്റ കർഷകരുടെ ജീവിതവും പോരാട്ടവുമാണ് പ്രമേയമാക്കുന്നത്.
അക്കാലത്തെ സാമൂഹിക പശ്ചാത്തലവും പോലീസ് അതിക്രമങ്ങളും പ്രതിരോധവുമെല്ലാം ഉൾക്കൊള്ളുന്ന ഒരു കംപ്ലീറ്റ് പീരീഡ് ആക്ഷൻ ഡ്രാമയായിരിക്കും പള്ളിച്ചട്ടമ്പിയെന്ന് ട്രെയ്ലർ വ്യക്തമായ സൂചന നൽകുന്നു. ഏപ്രിൽ 10 -ന് അഞ്ചു ഭാഷകളിലായി ലോകമെമ്പാടുമുള്ള തിയേറ്ററുകളിലേക്ക് ചിത്രം പ്രദർശനത്തിനെത്തും.
വേൾഡ് വൈഡ് ഫിലിംസിന്റെയും സി ക്യൂബ് ബ്രോ എന്റർടെയിൻമെന്റ്സിന്റെയും ബാനറിൽ നൗഫൽ, ബ്രിജീഷ്, ചരൺ, ചാണുക്യ, ചൈതന്യ എന്നിവർ ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ടി. എസ്. സുരേഷ് ബാബുവിന്റെ തിരക്കഥയും ഡിജോ ജോസ് ആന്റണിയുടെ മേക്കിംഗ് ശൈലിയും ടൊവിനോ തോമസിന്റെ ആക്ഷനും ചേരുമ്പോൾ ചിത്രം ഒരു ദൃശ്യവിരുന്നാകുമെന്ന് ഉറപ്പാണ്.
ജേക്ക്സ് ബിജോയ് സംഗീതം നിർവ്വഹിച്ച ചിത്രത്തിലെ ഗാനങ്ങൾ ഇതിനകം തന്നെ ഡിജിറ്റൽ ലോകത്ത് വലിയ തരംഗം സൃഷ്ടിച്ചു കഴിഞ്ഞു. വിശാൽ മിശ്രയും ആവണി മൽഹാറും ചേർന്ന് പാടിയ ‘കാട്ടുച്ചെമ്പകം’ എന്ന ഗാനം 15 മില്ല്യണിലധികം കാഴ്ചക്കാരുമായി മുന്നേറുകയാണ്. അതിനു പിന്നാലെ പുറത്തിറങ്ങിയ 'മാവീരാ..' എന്ന ഗാനവും സംഗീത പ്രേമികൾക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്.
സൗത്ത് ഇന്ത്യൻ താരം കയാദു ലോഹർ നായികയായി എത്തുന്ന ചിത്രത്തിൽ വിജയരാഘവൻ, ടി. ജി. രവി, സുധീർ കരമന, ബാബുരാജ്, സിദ്ദിഖ്, ജോണി ആന്റണി തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. ടിജോ ടോമിയുടെ ഛായാഗ്രഹണവും സ്രീജിത്ത് സാരംഗിന്റെ എഡിറ്റിംഗും 1950-കളിലെ കേരളത്തെ സ്ക്രീനിലെത്തിക്കാൻ സഹായിച്ചിട്ടുണ്ട്.
മേഘശ്യാമും തൻസീറും സഹനിർമ്മാതാക്കളായ ചിത്രത്തിൽ മഞ്ജുഷ രാധാകൃഷ്ണൻ വസ്ത്രാലങ്കാരവും റഷീദ് അഹമ്മദ് മേക്കപ്പും നിർവഹിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ രാജേഷ് മേനോൻ, ആർട്ട് ഡയറക്ടർ ദിലീപ് നാഥ് എന്നിവരടങ്ങുന്ന സാങ്കേതിക നിരയാണ് ഈ ചരിത്ര പശ്ചാത്തലത്തിലുള്ള സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്.
വിഷു റിലീസായി എത്തുന്ന പള്ളിച്ചട്ടമ്പി ടൊവിനോ തോമസിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നായി മാറുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
Movies
ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത പീര്യേഡ് ഡ്രാമ ത്രില്ലറായ ‘പള്ളിച്ചട്ടമ്പി'യിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. മാവീരൻ എന്ന പേരിൽ പുറത്തിറങ്ങിയ ഗാന രംഗത്തിൽ ഒരു ആയുധ പരിശീലികനായാണ് ടോവിനോ പ്രത്യക്ഷപ്പെടുന്നത്. ഗാനം ഇതിനോടകം തന്നെ മികച്ച അഭിപ്രായമാണു നേടിക്കൊണ്ടിരിക്കുന്നത്.
ഈ വർഷത്തെ ഏറ്റവും വലിയ വിഷു മലയാള സിനിമ റിലീസായി എത്തുന്ന പള്ളിച്ചട്ടമ്പി, ഏപ്രിൽ പത്തിന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ അഞ്ചു ഭാഷകളിൽ പ്രദർശനത്തിനെത്തും.
Movies
ടോവിനോ തോമസ് ചിത്രം പള്ളിച്ചട്ടമ്പിയുടെ റിലീസിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. നിര്‍മാതാക്കള്‍ക്കെതിരെ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ദുബായിലെ ഇന്ത്യന്‍ വ്യവസായി സുനില്‍ അഗര്‍വാള്‍ ഹൈക്കോടതിയെ സമീപിച്ചു. തട്ടിപ്പിലൂടെ സമ്പാദിച്ച പണം കൊണ്ടാണ് സിനിമ നിര്‍മിച്ചതെന്നാണ് ആരോപണം.
പാലക്കാട് ചെറുപ്പുളശേരി സ്വദേശിയായ നൗഫല്‍ അഹമ്മദ്, തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി ബ്രിജീഷ് മുഹമ്മദ് എന്നിവര്‍ക്കെതിരെയാണ് പരാതി. ദുബായിലെ വേള്‍ഡ് വൈഡ് ഫിലിംസ് എന്ന കമ്പനിയുടെ പങ്കാളികളായിരുന്നു ഇവര്‍. ബിസിനസ് ആവശ്യങ്ങള്‍ക്കായി 2019ല്‍ പരാതിക്കാരനില്‍ നിന്നും 61 ലക്ഷത്തില്‍ അധികം യുഎഇ ദിര്‍ഹം (ഇന്ത്യന്‍ രൂപ 15.5 കോടി രൂപ) വായ്പയായി വാങ്ങിയിരുന്നു.
എന്നാല്‍ ഇവര്‍ നല്കിയ ചെക്കുകള്‍ അക്കൗണ്ടില്‍ പണം ഇല്ലാത്തതിനാല്‍ മടങ്ങുകയായിരുന്നു. ഇതേതുടര്‍ന്നാണ് ഹൈക്കോടതിയില്‍ സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. വ്യവസായിയുടെ പരാതിയില്‍ ദുബായില്‍ അറസ്റ്റ് വാറന്റ് നിലനില്‍ക്കുന്നുണ്ടെന്നും വ്യാജ പാസ്പോര്‍ട്ടിലാണ് ഇരുവരും ഇന്ത്യയിലേക്ക് കടന്നതെന്നും ഹര്ജിക്കാരന് ആരോപിക്കുന്നുണ്ട്.
പ്രതികള്‍ക്കെതിരെ കള്ളപ്പണം തടയല്‍ നിയമപ്രകാരം കേസ് എടുക്കാന്‍ സിബിഐ, ഇഡി തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയിലുണ്ട്. ഹര്‍ജി തീര്‍പ്പാക്കുന്നത് വരെ സിനിമയുടെ റിലീസ് തടയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നൗഫല്‍ അഹമ്മദിനും ബ്രിജീഷ് മുഹമ്മദിനും ഹൈക്കോടതി നോട്ടീസ് അയച്ചു. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും. ഏപ്രില്‍ 10നാണ് സിനിമയുടെ റിലീസ്.
Kerala
കൊച്ചി: ഇരുപതു ലക്ഷം കടം വാങ്ങിയിട്ട് തിരികെ നൽകാതെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവും നിർമാതാവുമായ ബാദുഷ വഞ്ചിച്ചെന്ന് നടൻ ഹരീഷ് കണാരൻ. കടം വാങ്ങിയിട്ട് തിരികെ നൽകിയില്ലെന്നു മാത്രമല്ല സിനിമകളിൽനിന്നു തന്നെ മനപ്പൂർവം പുറത്താക്കാൻ കളിച്ചെന്നും ഹരീഷ് ആരോപിച്ചു. രണ്ടു വർഷമായി തനിക്ക് ഒരു സിനിമ പോലും കിട്ടിയിട്ടില്ല. എന്തായാലും കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം അങ്ങനെ വിട്ടുകളയാനാവില്ലെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. ഹരീഷിന്റെ വാക്കുകൾ ഇങ്ങനെ: അഞ്ചു വർഷത്തോളം എന്റെ ഡേറ്റും പരിപാടികളുമൊക്കെ നോക്കിക്കൊണ്ടിരുന്നത് ബാദുഷ ആയിരുന്നു. അദ്ദേഹവുമായി വളരെ അടുപ്പമായിരുന്നു. വീട്ടിൽ വരുന്നു, അവരുടെ വീട്ടിൽ പോകുന്നു.. അങ്ങനെ വളരെ അടുപ്പവും വിശ്വാസവുമായിരുന്നു. അങ്ങനെയിരിക്കെ പുള്ളിക്ക് കള്ളൻ ഡിസൂസ എന്ന പടം നടക്കുന്ന സമയം. വളരെ അത്യാവശ്യമായി എനിക്കൊരു 20 ലക്ഷം രൂപ വേണമെന്നു ബാദുഷ പറഞ്ഞു. വളരെ അത്യാവശ്യമാണ്. ഒരാഴ്ചയ്ക്കുള്ളിൽ തിരികെ നൽകാമെന്നാണ് പറഞ്ഞത്. അത്ര അടുപ്പവും വിശ്വാസവുമുള്ളതുകൊണ്ട് ഞാൻ ബാങ്കിൽ വിളിച്ചു പറഞ്ഞിട്ട് പണം ട്രാൻഫർ ചെയ്തുകൊടുത്തു. ഒരാഴ്ച കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞ്... പിന്നെ പുള്ളിയുടെ പടങ്ങളുമൊക്കെ അഭിനയിക്കാനുള്ളതുകൊണ്ട് ഞാൻ കാത്തിരുന്നു.
മൂന്നാലു മാസം കഴിഞ്ഞപ്പോൾ കോവിഡ് വന്നു. അപ്പോൾ പടങ്ങളൊന്നുമില്ല. കോവിഡ് കഴിഞ്ഞിട്ടും പടങ്ങളൊന്നുമില്ല. അപ്പോൾ ഞാൻ വിചാരിച്ചു, കോവിഡ് കഴിഞ്ഞ് പടങ്ങളുടെ രീതിയൊക്കെ മാറിയതുകൊണ്ട് എനിക്ക് അവസരമില്ലാത്തതാകും എന്ന്. കോവിഡ് സമയത്ത് ബാദുഷ കുറെ ചാരിറ്റിയൊക്കെ ചെയ്യുന്നുണ്ടായിരുന്നു. പലർക്കും സഹായം കൊടുക്കാനാണെന്നു പറഞ്ഞ് എന്നോടും പലവട്ടം പണം ചോദിച്ചു. ഫുഡ് കൊടുക്കാനാണ്, ടിവി കൊടുക്കാനാണ് എന്നൊക്കെ പറഞ്ഞ്. ഞാൻ പലവട്ടം ചാരിറ്റിക്കു പണം കൊടുത്തു. ഇതിനിടെ, ചാരിറ്റി നടത്തി അയാൾ പേരെടുത്തു. ആ സമയത്തൊക്കെ എന്നെ ഇടയ്ക്കിടെ വിളിക്കുമായിരുന്നു. അതിനിടെ, എന്റെ വീടു പണി നടക്കുന്ന സമയത്ത് കുറച്ചു പണത്തിന് ആവശ്യം വന്നിട്ട് ഇദ്ദേഹത്തോടു ഞാൻ ചോദിച്ചു. "വെടിക്കെട്ട്' റിലീസ് ആകുമ്പോൾ തരാമെന്നു പറഞ്ഞു. റിലീസ് കഴിഞ്ഞിട്ടും പണം കിട്ടിയില്ല. പിന്നീട് ചോദിച്ചപ്പോൾ വെടിക്കെട്ട് നഷ്ടമായിരുന്നു എന്നു പറഞ്ഞു.
ഇതിനിടെ, എആർഎമ്മിൽ 40 ദിവസത്തെ ഡേറ്റ് വേണം റോൾ ഉണ്ടെന്നു പറഞ്ഞു. ഞാൻ സമ്മതിച്ചു. പണം കിട്ടിയില്ലെങ്കിലും അയാൾ വഴി പടം കിട്ടുന്നുണ്ടല്ലോ എന്നായിരുന്നു എന്റെ ആശ്വാസം. ഇതിനിടെ, ഇടവേള ബാബുച്ചേട്ടനെ വിളിച്ചിട്ട് എനിക്ക് ബാദുഷ കുറച്ചുപണം തരാനുണ്ട്. ഒന്നു സംസാരിക്കണമെന്നു പറഞ്ഞു. ബാബുച്ചേട്ടൻ പിന്നെ തിരികെ വിളിച്ചിട്ടു പറഞ്ഞു. അയാളോടു സംസാരിച്ചു. പണം വാങ്ങിയിട്ടുണ്ടെന്നൊക്കെ പറഞ്ഞു. പിന്നെ പലരും ഇതേ പോലെ പരാതി പറയുന്നുണ്ട്. അതുകൊണ്ട് അയാളെ പിണക്കാതെ എങ്ങനെയെങ്കിലും വാങ്ങിയെടുക്കാൻ പറഞ്ഞു. ഇതിനിടെ, എആർഎമ്മിലേക്ക് ആരും വിളിച്ചില്ല. ആ ക്യാരക്ടർ മാറിപ്പോയിട്ടുണ്ടാവും എന്നാണ് കരുതിയത്.
ഒരിക്കൽ ചാനലിന്റെ അവാർഡ് നൈറ്റിനു പോയി. ടോവീനോയും അവിടെയുണ്ടായിരുന്നു. തിരക്കായതിനാൽ നേരിട്ടു സംസാരിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ടു മടങ്ങുംവഴി ടോവീനോയെ വിളിച്ചു. അപ്പോൾ ടോവീനോ ചേട്ടൻ എവിടെയാ, അവിടെ നിൽക്ക് സംസാരിക്കാനുണ്ടെന്നു പറഞ്ഞു. ഞാൻ വഴിയിൽ കാത്തുനിന്നപ്പോൾ ടോവീനോ വന്നു കെട്ടിപ്പിടിച്ചു. പിന്നെ പറഞ്ഞു: എആർഎമ്മിൽ വിളിച്ചിട്ട് എന്താണ് വരാതിരുന്നത്. ചേട്ടനെ വിളിച്ചിട്ട് ഒരു മറുപടിയും ഇല്ല. ഡേറ്റില്ല എന്നൊക്കെയാണല്ലോ പറഞ്ഞത്.
അതു ശരിയല്ല. പടമൊന്നുമില്ലാതെ ഞാൻ വീട്ടിലിരിക്കുകയായിരുന്നെന്നു ഞാൻ മറുപടി നൽകി. അതുകഴിഞ്ഞാണ് എനിക്കു മനസിലായത് എന്നെ മനപ്പൂർവം അയാൾ ഒഴിവാക്കിയതാണെന്ന്. ഇതുപോലെ പല സിനിമകളും എനിക്ക് നഷ്ടമായെന്നു മനസിലായി. സെറ്റുകളിൽ എന്നെക്കുറിച്ചു നെഗറ്റീവ് കാര്യങ്ങൾ പറയുന്നുണ്ടെന്നു പലരും സൂചിപ്പിച്ചു.
എന്തായാലും ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണമാണ് കൊണ്ടുപോയത്. എന്റെ മക്കൾ അനുഭവിക്കേണ്ടത്. അതു മാത്രമല്ല, എന്റെ അന്നം മുട്ടിക്കാനുള്ള ശ്രമം ക്രൂരമായിപ്പോയി. ഇതു പുറത്തുപറഞ്ഞതിന്റെ പേരിൽ എന്നെ ഇനി സിനിമയിൽനിന്നു തന്നെ ചവിട്ടിപ്പുറത്താക്കുമോയെന്നറിയില്ല. അതിനൊക്കെ സ്വാധീനമുള്ള ആളാണല്ലോ അദ്ദേഹം. എന്തായാലും ഇനി എന്തു വേണമെന്നു തീരുമാനിച്ചിട്ടില്ല. എന്തായാലും ഞാൻ കഷ്ടപ്പെട്ട പണമല്ലേ. ഒത്തിരി കഷ്ടപ്പെട്ടാണ് സിനിമയിൽ എത്തിയത്.
Movies
ആസിഫ് അലി നായകനായ സർക്കീട്ടും രാജ്യാന്തര ചലച്ചിത്ര മേളയിലേയ്ക്ക്. ഗോവയിൽ നടക്കുന്ന മേളയുടെ (ഐഎഫ്എഫ്ഐ) മത്സര വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുക. മത്സര വിഭാഗത്തിലെ 15 സിനിമകളിൽ സർക്കീട്ട് ഉൾപ്പെടെ മൂന്ന് ഇന്ത്യൻ സിനിമകളാണുള്ളത്.
തമിഴ് സിനിമ അമരൻ, മറാഠി സിനിമ ഗൊന്തൽ എന്നിവയും മത്സര വിഭാഗത്തിലുണ്ട്. കെ.വി. താമർ രചനയും സംവിധാനവും നിർവഹിച്ച സർക്കീട്ടിൽ ദിവ്യ പ്രഭ, ദീപക് പറമ്പോൽ, ഓർഹാൻ ഹൈദർ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
ഇന്ത്യൻ നവാഗത സംവിധായകരുടെ സിനിമകൾക്കുള്ള പുരസ്കാരത്തിനു മത്സരിക്കുന്ന ഏക മലയാള ചിത്രം അജയന്റെ രണ്ടാം മോഷണമാണ് (എആർഎം).
ഇന്ത്യൻ പനോരമയിൽ ഇക്കുറി മൂന്ന് മലയാളം സിനിമകൾ ഇടം പിടിച്ചു. സർക്കീട്ട്, എആർഎം എന്നീ സിനിമകളും മുഖ്യധാരാ സിനിമാ വിഭാഗത്തിൽ തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും സിനിമയും ഉൾപ്പെട്ടിട്ടുണ്ട്.
20 മുതൽ 28 വരെ ഗോവയിൽ നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയിൽ ഇക്കുറി 81 രാജ്യങ്ങളിൽനിന്നുള്ള 240 സിനിമകളാണു പ്രദർശിപ്പിക്കുന്നത്.
ബ്രസീലിയൻ സിനിമ ദ് ബ്ലൂ ട്രെയ്ൽ ആണ് ഉദ്ഘാടന ചിത്രം. ബോളിവുഡ് സംവിധായകൻ രാകേഷ് ഓംപ്രകാശ് മെഹ്റ അധ്യക്ഷനായ ജൂറിയാണ് സുവർണ മയൂരം ഉൾപ്പെടെയുള്ള അവാർഡുകൾ നിർണയിക്കുക. ഫോക്കസ് കൺട്രി ജപ്പാനാണ്. ഈ വർഷം മുതൽ ഓപ്പണിംഗ് പരേഡും മേളയ്ക്കു മുന്നോടിയായി ഗോവയിൽ അരങ്ങേറും.
Movies
ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ബേസിൽ ജോസഫും ഡോക്ടർ അനന്തു എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഡോക്ടർ അനന്തു എസും ചേർന്ന് നിർമിക്കുന്ന ‘അതിരടി’യുടെ ടൈറ്റിൽ ടീസർ പുറത്ത്.
ബേസിൽ ജോസഫ്, ടൊവീനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഒരു പക്കാ മാസ് എന്റർടെയ്നർ ആയാണ് ഒരുക്കുന്നത്. അരുൺ അനിരുദ്ധൻ ആണ് സംവിധാനം.
ബേസിൽ ജോസഫ് സംവിധാനം ചെയ്ത ‘മിന്നൽ മുരളി’യുടെ തിരക്കഥാകൃത്തുക്കളിൽ ഒരാളായ അരുണിന്റെ സംവിധായകനായുള്ള അരങ്ങേറ്റ ചിത്രം കൂടിയാണ് "അതിരടി".
ഒക്ടോബർ അവസാനത്തോടെ അതിരടിയുടെ ചിത്രീകരണം തുടങ്ങും. പോൾസൺ സ്കറിയ, അരുൺ അനിരുദ്ധൻ എന്നിവർ ചേർന്നാണ് തിരക്കഥ.
Movies
ബേസിൽ ജോസഫ് തുടങ്ങുന്ന പുതിയ നിർമാണക്കമ്പനിയുടെ ആദ്യ നായകൻ താനായിരിക്കില്ലേയെന്ന ചോദ്യവുമായി ടൊവീനോ തോമസ്. ബേസിൽ നിർമാണ കമ്പനി പ്രഖ്യാപിച്ച പോസ്റ്റിന് താഴെയാണ് ടൊവീനോയുടെ ഈ ചോദ്യം.
‘അപ്പോ എങ്ങനെയാ? ആദ്യത്തെ പ്രൊഡക്ഷൻ ഞാൻ അല്ലേ നായകൻ??’ എന്നാണ് ടൊവീനോയുടെ കമന്റ്. ഉടൻ മറുപടിയുമായി ബേസിലുമെത്തി. ‘ആദ്യത്തെ പടത്തിൽ ഞാൻ തന്നെ നായകൻ. നിന്നെ വേണേൽ വില്ലൻ ആക്കാം’ എന്നാണ് ബേസിലിന്റെ മറുപടി.
ടൊവീനോയും ഉടനെ ബേസിലിന് മറുപടി നൽകിയിട്ടുണ്ട്. ‘ഇടി പടം ആണോ? നിന്നെ നല്ല ഇടി ഇടിക്കാൻ അവസരം ഉണ്ടെങ്കിൽ വില്ലൻ ആവാനും മടിക്കില്ല ഞാൻ’ എന്നാണ് ടൊവിനോ പറയുന്നത്.
ബോളിവുഡ് താരം രൺവീർ സിംഗ്, നിഖില വിമൽ തുടങ്ങി നിരവധി പേർ ബേസിലിന് ആശംസ അറിയിച്ച് കമന്റ് ചെയ്തിട്ടുണ്ട്.
ബേസിൽ ജോസഫ് എന്റർടെയിൻമെന്റ്സ് എന്ന പേരിൽ കമ്പനി ആരംഭിച്ച വിവരം ബേസിൽ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.