ടോവിനോ തോമസ് ചിത്രം പള്ളിച്ചട്ടമ്പിയുടെ റിലീസിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. നിര്‍മാതാക്കള്‍ക്കെതിരെ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ദുബായിലെ ഇന്ത്യന്‍ വ്യവസായി സുനില്‍ അഗര്‍വാള്‍ ഹൈക്കോടതിയെ സമീപിച്ചു. തട്ടിപ്പിലൂടെ സമ്പാദിച്ച പണം കൊണ്ടാണ് സിനിമ നിര്‍മിച്ചതെന്നാണ് ആരോപണം.
പാലക്കാട് ചെറുപ്പുളശേരി സ്വദേശിയായ നൗഫല്‍ അഹമ്മദ്, തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി ബ്രിജീഷ് മുഹമ്മദ് എന്നിവര്‍ക്കെതിരെയാണ് പരാതി. ദുബായിലെ വേള്‍ഡ് വൈഡ് ഫിലിംസ് എന്ന കമ്പനിയുടെ പങ്കാളികളായിരുന്നു ഇവര്‍. ബിസിനസ് ആവശ്യങ്ങള്‍ക്കായി 2019ല്‍ പരാതിക്കാരനില്‍ നിന്നും 61 ലക്ഷത്തില്‍ അധികം യുഎഇ ദിര്‍ഹം (ഇന്ത്യന്‍ രൂപ 15.5 കോടി രൂപ) വായ്പയായി വാങ്ങിയിരുന്നു.
എന്നാല്‍ ഇവര്‍ നല്കിയ ചെക്കുകള്‍ അക്കൗണ്ടില്‍ പണം ഇല്ലാത്തതിനാല്‍ മടങ്ങുകയായിരുന്നു. ഇതേതുടര്‍ന്നാണ് ഹൈക്കോടതിയില്‍ സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. വ്യവസായിയുടെ പരാതിയില്‍ ദുബായില്‍ അറസ്റ്റ് വാറന്റ് നിലനില്‍ക്കുന്നുണ്ടെന്നും വ്യാജ പാസ്പോര്‍ട്ടിലാണ് ഇരുവരും ഇന്ത്യയിലേക്ക് കടന്നതെന്നും ഹര്ജിക്കാരന് ആരോപിക്കുന്നുണ്ട്.
പ്രതികള്‍ക്കെതിരെ കള്ളപ്പണം തടയല്‍ നിയമപ്രകാരം കേസ് എടുക്കാന്‍ സിബിഐ, ഇഡി തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയിലുണ്ട്. ഹര്‍ജി തീര്‍പ്പാക്കുന്നത് വരെ സിനിമയുടെ റിലീസ് തടയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നൗഫല്‍ അഹമ്മദിനും ബ്രിജീഷ് മുഹമ്മദിനും ഹൈക്കോടതി നോട്ടീസ് അയച്ചു. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും. ഏപ്രില്‍ 10നാണ് സിനിമയുടെ റിലീസ്.
Tags : High Court pallichattambi malayalam movie tovino