കൊച്ചി: സിനഗോഗിന് മുന്നിൽ തീയിട്ട കേസിൽ പ്രതി എബിൻ പോളിനെതിരെ യുഎപിഎ ചുമത്തി. കേസ് അന്വേഷണം വൈകാതെ ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎ ഏറ്റെടുക്കുമെന്നും റിപ്പോർട്ടുകളുണ്ട്. നിലവിൽ നാല് കേസുകളിലാണ് എബിൻ പോളിനെതിരെ പൊലിസ് അന്വേഷണം നടത്തുന്നത്. മൂന്ന് സ്ഥലങ്ങളിൽ ഇയാൾ ആക്രമണം നടത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
കൊച്ചി മാർക്കറ്റിന് സമീപമുള്ള സിനഗോഗിന് മുന്നിൽ തീയിട്ട സംഭവത്തിലാണ് എബിൻ പോളിനെ പൊലിസ് കസ്റ്റഡിയിലെടുത്തത്. തുടർന്നുള്ള അന്വേഷണത്തിലാണ് മൂവാറ്റുപുഴ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഇയാൾ നടത്തിയ ആക്രമണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പൊലിസിന് ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ടാണ് പ്രതിക്കെതിരെ നാല് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
നേരത്തെ എൻഐഎ സംഘം എബിൻ പോളിനെ ചോദ്യം ചെയ്തിരുന്നു. തീവ്രവാദ ബന്ധം സംബന്ധിച്ച സൂചനകൾ ലഭിച്ചതിനെ തുടർന്നായിരുന്നു ചോദ്യം ചെയ്യൽ. സിനഗോഗ് ഉൾപ്പെടെ മൂന്ന് ഇടങ്ങളിൽ എബിൻ പോൾ ആക്രമണം നടത്തിയെന്നാണ് പൊലിസിന്റെ കണ്ടെത്തൽ. മൂവാറ്റുപുഴ മേക്കപ്പാടത്തെ ആളൊഴിഞ്ഞ കെട്ടിടത്തിന്റെ വാതിലിന് തീയിട്ടായിരുന്നു ഇയാൾ ആദ്യ ആക്രമണത്തിന് ശ്രമിച്ചതെന്നാണ് പൊലിസ് പറയുന്നത്.
കഴിഞ്ഞ ജനുവരിയിലായിരുന്നു സംഭവം. ബോസ് എന്നയാളുടെ നിർദേശപ്രകാരമാണ് തീയിട്ടതെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചതായി അന്വേഷണ സംഘം വ്യക്തമാക്കി. മൂവാറ്റുപുഴയിലെ യൂസ്ഡ് കാർ ഷോറൂമിന് തീയിട്ട സംഭവത്തിൽ പ്രതിക്ക് പണം ലഭിച്ചിരുന്നു. ആക്രമണത്തിനുള്ള അഡ്വാൻസായി ഏകദേശം 5,000 രൂപ ക്രിപ്റ്റോകറൻസിയായി ലഭിച്ചെന്നാണ് വിവരം.
ടെലഗ്രാം ഐഡി വഴിയായിരുന്നു ആശയവിനിമയം നടത്തിയിരുന്നത്. സിനഗോഗിന് നേരെയുണ്ടായ ആക്രമണത്തിനും പ്രതിക്ക് പണം ലഭിച്ചതായാണ് പൊലിസിന്റെ കണ്ടെത്തൽ. ആക്രമണങ്ങൾക്ക് പിന്നിലെ ഗൂഢാലോചന, നിർദേശങ്ങൾ നൽകിയവരുടെ പങ്ക്, സാമ്പത്തിക ഇടപാടുകൾ, പ്രതിയുടെ തീവ്രവാദബന്ധം എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.