ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയുടെ ഫസ്റ്റ് കമ്മിറ്റിയുടെ 81-ാമത് സമ്മേളനത്തിൽ പാകിസ്താന് ശക്തമായ തിരിച്ചടി നൽകി ഇന്ത്യ. അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ സ്വയം പ്രതിരോധിക്കാൻ ഇന്ത്യക്ക് പൂർണ അവകാശമുണ്ടെന്ന് വ്യക്തമാക്കിയ ഇന്ത്യൻ നയതന്ത്രജ്ഞൻ അൻമോൾ ഷേർ സിംഗ് ബേദി, ആണവ ഭീഷണികൾ ചൂണ്ടിക്കാട്ടി പ്രതിരോധ നടപടികളിൽ നിന്ന് ഇന്ത്യയെ പിന്തിരിപ്പിക്കാനാവില്ലെന്ന് തുറന്നടിച്ചു.
26 സാധാരണക്കാരുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണത്തിന് ശേഷമാണ് ഇന്ത്യ തിരിച്ചടി നൽകിയത്. ഈ നടപടികൾ തികച്ചും സ്വയം പ്രതിരോധത്തിന്റെ ഭാഗവും, അനാവശ്യ സംഘർഷങ്ങൾ ഒഴിവാക്കാൻ ലക്ഷ്യമിട്ടുള്ള അളന്നുമുറിച്ച നീക്കങ്ങളുമായിരുന്നു എന്ന് ഇന്ത്യ വ്യക്തമാക്കി. ഭീകരവാദത്തിന് മറയായി ആണവായുധങ്ങളെ ഉപയോഗിക്കാനാവില്ല. "നോൺ-സ്റ്റേറ്റ് ആക്ടറുകൾ" (ഭീകര സംഘടനകൾ) നടത്തുന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് അതിന് സഹായം നൽകുന്ന രാജ്യങ്ങൾക്ക് (പാകിസ്താൻ) ഒഴിഞ്ഞുമാറാനാകില്ല.
വിശ്വസ്തതയിലും സഹകരണത്തിലും അധിഷ്ഠിതമായാണ് സിന്ധു നദീജല കരാർ ഒപ്പുവെച്ചത്. എന്നാൽ ആ അടിത്തറ തകർക്കുന്ന രീതിയിൽ പ്രവർത്തിക്കുകയും അതേസമയം കരാറിന്റെ ആനുകൂല്യങ്ങൾ വേണമെന്ന് വാദിക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി.
പാകിസ്താന്റെ എ.ക്യു. ഖാൻ ശൃംഖലയുടെ മുൻകാല ആണവ വ്യാപന ചരിത്രം ഓർമിപ്പിച്ച ഇന്ത്യ, മുൻനിര സൈനിക സാങ്കേതികവിദ്യ കൈമാറ്റം ചെയ്യുമ്പോൾ രാജ്യങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും ആവശ്യപ്പെട്ടു. ജമ്മു കാഷ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും, അനധികൃതമായി കൈയേറിയ പ്രദേശങ്ങൾ പാകിസ്താൻ ഒഴിഞ്ഞ് തരണമെന്നും ഇന്ത്യ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.