കാസര്‍ഗോഡ്: കേരള കേന്ദ്രസര്‍വകലാശാലയില്‍ നാലുവര്‍ഷ ഓണേഴ്സ് ബിരുദത്തിന് അപേക്ഷ ക്ഷണിച്ചു. ബിഎസ്സി (ഓണേഴ്സ്) ബയോളജി, ബികോം (ഓണേഴ്സ്) ഫിനാന്‍ഷ്യല്‍ അനലിറ്റിക്സ്, ബിസിഎ (ഓണേഴ്സ്), ബിഎ (ഓണേഴ്സ്) ഇന്റര്‍നാഷണല്‍ റിലേഷന്‍സ് എന്നീ ബിരുദ പ്രോഗ്രാമുകളാണ് സര്‍വകലാശാലയിലുള്ളത്. ഇതില്‍ ബിഎ (ഓണേഴ്സ്) ഇന്റര്‍നാഷണല്‍ റിലേഷന്‍സ് തിരുവനന്തപുരം കാപിറ്റല്‍ സെന്ററിലും മറ്റ് പ്രോഗ്രാമുകള്‍ പെരിയ കാമ്പസിലുമാണ് നടക്കുന്നത്.
നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) നടത്തുന്ന പൊതുപ്രവേശന പരീക്ഷ (സിയുഇടി- യുജി) യിലൂടെയാണ് പ്രവേശനം. 30നു രാത്രി 11.50 വരെ www.cukerala.ac.in, www.cuet.nta.nic.in എന്നിവ സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം. 31നു രാത്രി 11.50 വരെ ഫീസ് അടയ്ക്കാം.
പ്ലസ് ടുവിന് 50 ശതമാനം മാര്‍ക്കോ തത്തുല്യമോ ആണ് അടിസ്ഥാന യോഗ്യത. എസ്സി, എസ്ടി വിദ്യാര്‍ഥികള്‍ക്ക് അഞ്ചു ശതമാനം ഇളവ് ലഭിക്കും. ഫെബ്രുവരി രണ്ടു മുതല്‍ നാല് വരെ അപേക്ഷയിലെ തെറ്റുകള്‍ തിരുത്താന്‍ അവസരമുണ്ടാകും.
പരീക്ഷാകേന്ദ്രം സംബന്ധിച്ച അറിയിപ്പ് പിന്നീട് ലഭിക്കും. മേയ് 11 മുതല്‍ 31 വരെ തീയതികളിലാകും പരീക്ഷ.