ഐഐടികൾ പോലെയുള്ള ഇൻസ്റ്റിറ്റ്യൂഷൻസ് ഓഫ് നാഷണൽ ഇംപോർട്ടൻസിൽ ഡിസൈൻ പഠനത്തിനു ള്ള പ്രധാന പ്രവേശന പരീക്ഷകൾ ഏതെല്ലാമാണ്?
അരവിന്ദ് എസ്. നായർ, കടുത്തുരുത്തി.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ വിവിധ കാന്പസുകളിലായി നടക്കുന്ന അണ്ടർ ഗ്രാജുവേറ്റ് ബി ഡിസൈൻ പ്രോഗ്രാമിലേക്കും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയുടെ ജബൽപുർ കാന്പസിലേക്കും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഡിസൈൻ, നാഷണൽ ഓഫ് ഫാഷൻ ടെക്നോളജി എന്നീ സ്ഥാപനങ്ങളിലെ വിവിധ കാന്പസുകളിൽ നടക്കുന്ന ഡിസൈൻ പ്രോഗ്രാമുകളിലേക്കും പ്രവേശനം ലഭിക്കുന്നതിനായി ദേശീയതലത്തിൽ നടത്തുന്ന വ്യത്യസ്തങ്ങളായ പ്രവേശനപരീക്ഷകളുടെ റാങ്കുകളാണ് പരിഗണിക്കുന്നത്.
1) അണ്ടർ ഗ്രാജ്വേറ്റ് കോമണ് എൻട്രൻസ് എക്സാമിനേഷൻ ഫോർ ഡിസൈൻ
ഐഐടികളിൽ അണ്ടർ ഗ്രാജുവേറ്റ് ഡിസൈൻ പ്രോഗ്രാമിന് പ്രവേശനം ലഭിക്കുന്നതിന് എഴുതേണ്ട പ്രവേശന പരീക്ഷ ദി അണ്ടർ ഗ്രാജുവേറ്റ് കോമണ് എൻട്രൻസ് എക്സാമിനേഷൻ ഫോർ ഡിസൈൻ (യുസിഇഇഡി) ആണ്. ഐഐടി മുംബൈ, ഐഐടി ന്യൂഡൽഹി, ഐഐടി ഗോഹട്ടി, ഐഐടി ഹൈദരാബാദ്, ഐഐഐടി ജബൽപുർ എന്നീ കാന്പസുകളിൽ ആണ് ബി ഡിസൈൻ പ്രോഗ്രാം നടക്കുന്നത്.
വർഷത്തിൽ ഒരു പ്രാവശ്യം മാത്രം നടക്കുന്ന ഈ പ്രവേശന പരീക്ഷ സാധാരണ ഒക്ടോബർ മാസത്തിൽ അപേക്ഷ ക്ഷണിച്ച് തുടർന്നു വരുന്ന വർഷത്തെ ജനുവരിയിലാണ് നടക്കാറ്. സയൻസ്, ഹ്യുമാനിറ്റീസ, കൊമേഴ്സ് ബ്രാഞ്ചുകളിൽ പ്ലസ്ടു പാസായ കുട്ടികൾക്ക് ഈ പരീക്ഷ എഴുതാം. എന്നാൽ, ഈ പ്രവേശനപരീക്ഷയ്ക്ക് അപേക്ഷ ക്ഷണിക്കുന്ന വർഷവും അതിനു തൊട്ടു പിറകിലുള്ള വർഷവും പ്ലസ് ടു പാസായവരെ മാത്രമേ പരീക്ഷ എഴുതാൻ അനുവദിക്കൂ.
ഉദാഹരണത്തിന് 2026 ലെ പരീക്ഷയാണെങ്കിൽ 2024, 2025ലും പ്ലസ് ടു ജയിച്ച കുട്ടികൾക്ക് പ്രവേശന പരീക്ഷ എഴുതാം. പരീക്ഷകൾ എഴുതുന്ന വിദ്യാർഥികൾ ആദ്യ ചാൻസിൽ തന്നെ പ്ലസ്ടു പരീക്ഷ ജയിച്ചവർ ആയിരിക്കണമെന്ന് നിർബന്ധമുണ്ട്. ഏതെങ്കിലും വിഷയങ്ങളിൽ പരാജയപ്പെട്ട് സപ്ലിമെന്ററി പരീക്ഷകൾ എഴുതി ജയിക്കുന്നവർക്ക് ഈ പരീക്ഷ എഴുതാൻ യോഗ്യത ഉണ്ടായിരിക്കുന്നതല്ല. ഈ പ്രവേശന പരീക്ഷയുടെ സമയ ദൈർഘ്യം മൂന്നു മണിക്കൂറാണ്. ചോദ്യങ്ങളെല്ലാം ഇംഗ്ലീഷ് മീഡിയത്തിലായിരിക്കും. പരീക്ഷയിൽ രണ്ട് ഭാഗങ്ങളുണ്ട് എ പാർട്ടും ബി പാർട്ടും. അഡ്മിഷൻ ആഗ്രഹിച്ച പരീക്ഷ എഴുതുന്ന എല്ലാ വിദ്യാർഥികളും എ പാർട്ടും ബി പാർട്ടും എഴുതേണ്ടതുണ്ട്. ആകെ മാർക്ക് 300 ആണ്. വിശദവിവരങ്ങൾക്ക് https//:www. uceed.iitb.ac.in സന്ദർശിക്കുക.
2) നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡിസൈൻ എൻട്രൻസ് എക്സാമിനേഷൻ (എൻഐഡി പ്രവേശന പരീക്ഷ)
ദേശീയതലത്തിൽ നടക്കുന്ന ഈ പ്രവേശന പരീക്ഷ ബിരുദതലത്തിലുള്ള ബി ഡിസൈൻ ബിരുദാനന്തരതലത്തിലുള്ള മാസ്റ്റർ ഓഫ് ഡിസൈൻ അതുപോലെ പിഎച്ച്ഡി പ്രോഗ്രാമുകൾക്ക് മുഴുവനായാണ്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ എന്ന സ്ഥാപനത്തിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏഴ് കാന്പസുകൾ ആണ് പ്രവർത്തിക്കുന്നത്. അഹമ്മദാബാദ്, ആന്ധ്രപ്രദേശ്, ഹരിയാന, മധ്യപ്രദേശ്, ആസാം, ഗാന്ധിനഗർ, ബംഗളൂരു എന്നിവിടങ്ങളിലാണ് കാന്പസ്. എന്നാൽ, എൻഐഡിയുടെ എല്ലാ കാന്പസുകളിലും ബി ഡിസൈൻ പ്രോഗ്രാം നടക്കുന്നില്ല.
അഞ്ചു കാന്പസുകളിൽ മാത്രമാണ് ബി ഡിസൈൻ പ്രോഗ്രാം ലഭ്യമാകുന്നത്. എം ഡിസൈൻ പ്രോഗ്രാം അഹമ്മദാബാദ്, ഗാന്ധിനഗർ ,ബംഗളൂരു കാന്പസുകളിൽ ലഭ്യമാണ്. ബി ഡിസൈൻ പ്രോഗ്രാമിനു നാലും എംഡിസൈനു രണ്ടര വർഷവുമാണ് പഠനകാലയളവ്.
പരീക്ഷകൾക്ക് രണ്ടു ഭാഗം- പ്രിലിമിനറിയും മെയിനും
പ്രിലിമിനറി പരീക്ഷയ്ക്ക് വിദ്യാർഥി നേടുന്ന മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും മെയിൻ പരീക്ഷക്ക് യോഗ്യത നേടുന്നത്. മെയിൻ പരീക്ഷയുടെയും പ്രിലിമിനറി പരീക്ഷയുടെയും മാർക്കുകൾ പരിഗണിച്ചാണ് പ്രവേശനം നൽകുന്നത്.
പ്രിലിമിനറി പരീക്ഷയുടെ വെയിറ്റേജ് എല്ലാ വർഷവും ഒരുപോലെ ആയിരിക്കണം എന്നില്ല കാലാകാലങ്ങളിൽ അതിന് മാറ്റം സംഭവിക്കും. രണ്ട് സ്റ്റേജുകളായി നടക്കുന്ന ഈ പരീക്ഷയിൽ ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങളും സബ്ജെക്റ്റീവ് ടൈപ്പ് ചോദ്യങ്ങളും ഉണ്ടാകും.
സാധാരണഗതിയിൽ പ്രിലിമിനറി പരീക്ഷ ജനുവരി മാസത്തിലും മെയിൻ പരീക്ഷ മാർച്ച് മാസത്തിലും ആണ് നടക്കുക. കൂടുതൽ വിവരങ്ങൾക്ക് https:// admissions. nid. edu/NID2025/Defaul.aspx
3) നാഷണൽ ഇൻസ്റ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി ബി ഡിസൈൻ പ്രോഗ്രാമും നടത്തുന്നുണ്ട്. നാഷണൽ ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയുടെ വിവിധ കാന്പസുകളിലാണ് ഈ പ്രോഗ്രാം നടക്കുന്നത്. ബി ഡിസൈൻ പ്രോഗ്രാമിലേക്ക് പ്രവേശനം ലഭിക്കുന്നതിനായി ആയി എഴുതേണ്ട പ്രവേശന പരീക്ഷ നാഷണൽ ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി എൻട്രൻസ് എക്സാമിനേഷൻ ആണ്. ബാച്ചിലർ ഓഫ് ഡിസൈൻ, ബാച്ചിലർ ഓഫ് ഫാഷൻ ടെക്നോളജി, മാസ്റ്റർ ഓഫ് ഡിസൈൻ, മാസ്റ്റർ ഓഫ് ഫാഷൻ ടെക്നോളജി, മാസ്റ്റർ ഓഫ് ഫാഷൻ മാനേജ്മെന്റ് അടക്കമുള്ള വിവിധ പ്രോഗ്രാമുകളിൽ ആകെ 4023 സീറ്റുകളാണ് ലഭ്യമായിട്ടുള്ളത്. ഈ എൻഐഎഫ്ടി പ്രവേശന പരീക്ഷ രണ്ട് ഭാഗമുള്ളതാണ്. ഒന്നാം ഭാഗം ക്രിയേറ്റീവ് എബിലിറ്റി ടെസ്റ്റ്, രണ്ടാം ഭാഗം ജനറൽ എബിലിറ്റി ടെസ്റ്റ് ആണ്. ബി ഡിസൈനും എംഡിസൈനും പഠിക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾ ക്രിയേറ്റീവ് എബിലിറ്റി ടെസ്റ്റും ജനറൽ എബിലിറ്റി ടെസ്റ്റും നിർബന്ധമായും എഴുതണം.
എന്നാൽ, ബാച്ചിലർ ഓഫ് ഫാഷൻ ടെക്നോളജി, മാസ്റ്റർ ഓഫ് ഫാഷൻ ടെക്നോളജി, മാസ്റ്റർ ഓഫ് ഫാഷൻ മാനേജ്മെന്റ് അടക്കമുള്ള പ്രോഗ്രാമുകളിൽ പ്രവേശനം ആഗ്രഹിക്കുന്ന കുട്ടികൾ പ്രവേശന പരീക്ഷയിലെ ജനറൽ എബിലിറ്റി ടെസ്റ്റ് മാത്രം എഴുതിയാൽ മതി. ജനുവരി മാസത്തിൽ അപേക്ഷ ക്ഷണിച്ച് ഫെബ്രുവരി മാസത്തിൽ പ്രവേശന പരീക്ഷ നടക്കുന്ന രീതിയാണ്എൻഐഎഫ്ടി പിന്തുടരുന്നത്.കൂടുതൽ വിവരങ്ങൾക്ക് https://www.nift. ac.in/admission സന്ദർശിക്കുക.
Tags : University news