കേരളത്തിലെ ചില സർവകലാശാലകൾ മേഴ്സി ചാൻസ് എന്ന പേരിൽ പരീക്ഷ നടത്താറുണ്ടല്ലോ? എന്താണ് മേഴ്സി ചാൻസ് പരീക്ഷകൾ?
ഗംഗ രാമചന്ദ്രൻ, ചേലച്ചോട്, ഇടുക്കി.
കേരളത്തിലെ സർവകലാശാലകൾ മേഴ്സി ചാൻസ് എന്ന പേരിൽ നടത്തുന്ന പരീക്ഷകൾ പ്രത്യേകമായ ഒരു വിഷയമോ പ്രത്യേകമായ ഒരു പരീക്ഷാരീതിയോ അല്ല. മറിച്ച് ഏതെങ്കിലും ഒരു പ്രത്യേക കാലഘട്ടത്തിൽ നടപ്പിലാക്കപ്പെട്ട സ്കീമും സിലബസും പ്രകാരം ഉള്ള ഏതെങ്കിലും ബിരുദ, ബിരുദാനന്തര പ്രോഗാം പരീക്ഷകൾ കുട്ടികൾക്കായി പലവട്ടം നടത്തുകയും അതിനുശേഷം ആ സിലബസ് മാറി പുതിയ സ്കീമും സിലബസും ഇതേ പ്രോഗ്രാമിനു നടപ്പിലാക്കുകയും ചെയ്യുന്ന ഘട്ടത്തിൽ പഴയ സിലബസ് പ്രകാരം ഇനിയും ധാരാളം കുട്ടികൾ പരീക്ഷ ജയിക്കാൻ ഉണ്ടെങ്കിൽ ഈ കുട്ടികൾക്കായി പ്രത്യേകം നടത്തുന്ന പരീക്ഷയാണ് മേഴ്സി ചാൻസ് എക്സാമിനേഷൻ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
കേരളത്തിലെ എല്ലാ മൾട്ടി ഡിസിപ്ലിനറി സർവകലാശാലകളും കാലാകാലങ്ങളിൽ ഇത്തരം മേഴ്സി ചാൻസ് പരീക്ഷകൾ നടത്താറുണ്ട്. ഏതെങ്കിലും ഒരു പ്രോഗ്രാമിന്റെ പഴയ സ്കീമിലും സിലബസിലും പഠിച്ച പരീക്ഷ ജയിക്കാത്ത കുട്ടികൾ ഉണ്ടെങ്കിൽ പഴയ സ്കീമിൽ പരീക്ഷ നടത്തുന്നതിനായി വൈസ് ചാൻസലർക്ക് അപേക്ഷ സമർപ്പിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് സർവകലാശാല പരീക്ഷകൾ നടത്താൻ തീരുമാനിക്കുന്നത്. പലപ്പോഴും സാധാരണ നടക്കുന്ന പരീക്ഷയേക്കാൾ പരീക്ഷാഫീസ് കൂടുതലുണ്ടാകും. കാരണം വളരെ കുറഞ്ഞ എണ്ണം കുട്ടികൾക്കുവേണ്ടി മാത്രമായിരിക്കും പലപ്പോഴും പരീക്ഷകൾ നടത്തുന്നത്.
പരീക്ഷ നടത്തിപ്പിന്റെ ചെലവ് കൂടുതൽ ആയതിനാലാണ് പൊതുവേ ഉയർന്ന ഫീസ് വാങ്ങുന്നത്. പൊതുവേ മേഴ്സി ചാൻസുകളടെ പരീക്ഷ എഴുതുന്പോൾ കഴിയുന്നിടത്തോളം ലിബറൽ ആയിത്തന്നെ പരീക്ഷ മൂല്യനിർണയം നടത്തി പരാജയപ്പെട്ട കുട്ടികളെ വിജയിപ്പിക്കുക എന്നതാണ് സർവകലാശാകൾ പിന്തുടരുന്ന രീതി.
എൻജിനിയറിംഗ്് പഠിക്കുന്നതിന് രാജ്യത്തെ പ്രീമിയർ ഇൻസ്റ്റിറ്റ്യൂട്ടുകളായ എൻഐടി (NIT), ഐഐടി (IIT) കളിൽ ജെഇഇ മെയിൻ (JEE Main) അല്ലെങ്കിൽ ജെഇഇ അഡ്വാൻസ്ഡ് (JEE Advanced) പോലുള്ള പ്രവേശന പരീക്ഷകളിലെ ഉയർന്ന റാങ്ക് ആണല്ലോ പ്രവേശന മാനദണ്ഡം. എന്നാൽ, ഈ വിധത്തിൽ പ്രവേശന പരീക്ഷകൾ എഴുതാതെയും ഇത്തരം സ്ഥാപനങ്ങളിൽ പ്രവേശനം ലഭിക്കും എന്നറിയുന്നു. ആർക്കെല്ലാമാണ് ഈ ആനുകൂല്യങ്ങൾ ലഭിക്കുന്നത്?
ബാസ്റ്റ്യൻ വർഗീസ് ഇരട്ടയാർ, ഇടുക്കി.
ചോദ്യം അടുത്തകാലത്ത് ഓൾ ഇന്ത്യ കൗണ്‍സിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ (AICTE ) മിടുമിടുക്കരായ വിദ്യാർഥികൾക്ക് എൻജിനിയറിംഗ് പഠനത്തിന് അവസരം ഒരുക്കുന്നതിന് പ്രത്യേകമായി നൽകിയിട്ടുള്ള ഒരു നിർദേശത്തിന്റെ ഭാഗമായി നടപ്പിലാക്കി വരുന്ന പ്രവേശന രീതിയെ കുറിച്ചാണ്. ഇതിനായി ഓൾ ഇന്ത്യ കൗണ്‍സിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ പ്രത്യേകമായ മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്.
ഇതിൻപ്രകാരം സാങ്കേതിക മേഖലയിൽ മിടുക്കു തെളിയിച്ച പ്രഗത്ഭരായ സ്കൂൾ വിദ്യാർഥികൾക്ക് മുകളിൽ സൂചിപ്പിച്ച തരത്തിലുള്ള പ്രവേശന പരീക്ഷകൾ എഴുതാതെ എൻജിനിയറിംഗ് പഠനത്തിന് അവസരം നൽകുന്നു.
എഐസിടിഇ ഇറക്കിയിട്ടുള്ള മാർഗരേഖയിൽ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള കോളജുകളിൽ രണ്ടു സീറ്റ് വീതമാണ് ഇവർക്കായി മാറ്റിവച്ചിട്ടുള്ളത്. ട്യൂഷൻ ഫീ പോലും നൽകാതെ പഠനം നടത്തുന്നതിനുള്ള സൗകര്യമാണ് ഇവർക്ക് നൽകിയിട്ടുള്ളത്.
’ ഗിഫ്റ്റഡ് ’എന്ന് വിളിക്കാവുന്ന കുട്ടികൾക്ക് എൻജിനിയറിംഗ് പഠനത്തിന് അവസരം ഒരുക്കുന്ന ഒരു പദ്ധതിയാണിത്. ഇതു പ്രകാരം പ്രവേശനം ലഭിക്കുന്നതിന് ആരൊക്കെയാണ് അർഹരെന്നു കാണിക്കുന്ന വിശദാംശങ്ങളും സാങ്കേതിക കൗണ്‍സിൽ നൽകിയിട്ടുണ്ട്. താഴെപ്പറയുന്ന ഏതെങ്കിലും വിഭാഗത്തിൽ പെടുന്നവർ ആയിരിക്കണം ഈ വിധം പ്രവേശനത്തിന് അപേക്ഷിക്കുന്ന വ്യക്തികൾ
സിഎസ്ഐആർ / എൻസിഇആർടി / കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം / ബയോടെക്നോളജി വകുപ്പ് / ശാസ്ത്ര സാങ്കേതിക വകുപ്പ് / ഡിആർഡിഒ അടക്കമുള്ള ഗവേഷണ കേന്ദ്രത്തിൽനിന്ന് ഏതെങ്കിലും തരത്തിലുള്ള ഗവേഷണത്തിന് സഹായം ലഭിക്കുന്നവർ. രാജ്യത്തെ പ്രധാനമായ ദേശീയ /രാജ്യാന്തര മത്സരങ്ങളിൽ മികവ് തെളിയിച്ച് സ്കോളർഷിപ്പുകൾ നേടിയവർ. യുജിസി കെയർ- 2 വിഭാഗത്തിലുള്ള രാജ്യാന്തര മാസികകളിൽ പ്രബന്ധം പ്രസിദ്ധീകരിച്ചിട്ടുള്ളവർ. സ്വന്തമായി പേറ്റന്റ് നേടിയിട്ടുള്ളവർ. ദേശീയ /അന്തർദേശീയ ശ്രദ്ധ നേടിയ മൊബൈൽ ആപ്ലിക്കേഷനുകളും മറ്റ് സാങ്കേതിക സംവിധാനങ്ങളും വികസിപ്പിച്ചിട്ടുള്ളവർ. ഗൂഗിൾ /ഐബിഎം/ടെസ്ല/ മൈക്രോസോഫ്റ്റ് തുടങ്ങിയ ബഹുരാഷ്ട്ര കന്പനികളുടെ ഫണ്ട് ലഭിച്ചിട്ടുള്ളവർ. ഈ വിധത്തിലുള്ള പദ്ധതിയിലൂടെയാണ് പ്രവേശന പരീക്ഷകളില്ലാതെ എൻജിനിയറിംഗ് പഠനത്തിന് പ്രവേശനം ലഭിക്കുന്നത്.
Tags : University news