അസംതൃപ്തി നിറഞ്ഞ വേനൽക്കാലത്തിനു ശേഷം ഇന്ത്യ ഇപ്പോൾ രാഷ്ട്രീയ പ്രതിസന്ധിയുടെ ശരത്കാലത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. കഠിനമായ ചൂടിൽ തിളച്ച ജൂൺ, ജൂലൈ മാസങ്ങളിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ കോൺഗ്രസ് പാർട്ടിയുടെ പിന്തുണയോടെ യുവാക്കൾ നയിച്ച പ്രസ്ഥാനം വിദ്യാഭ്യാസ പരിഷ്കരണം ആവശ്യപ്പെട്ട് തെരുവിലിറങ്ങി.
പ്രക്ഷോഭം വളരെ ശക്തമായിരുന്നതിനാൽ, കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ഉൾപ്പടെയുള്ള സുപ്രധാനമായ വിട്ടുവീഴ്ചകൾക്ക് ബിജെപി നയിക്കുന്ന കേന്ദ്രസർക്കാർ നിർബന്ധിതരായി. എന്നാൽ, ഇന്ത്യക്കാരുടെ പ്രതിഷേധം ഇവിടെ അവസാനിക്കുന്നില്ല: അവരുടെ ശ്രദ്ധയിപ്പോൾ തെരഞ്ഞെടുപ്പ് സംവിധാനത്തിലാണ്.
ഈ ജനകീയ മുന്നേറ്റത്തിന്റെ കേന്ദ്രബിന്ദു ഇലക്ഷൻ കമ്മിഷനാണ്. പതിറ്റാണ്ടുകളായി, സ്വതന്ത്ര സ്ഥാപനമായ കമ്മിഷൻ ഇന്ത്യയുടെ ഏറ്റവും കരുത്തുറ്റ ജനാധിപത്യ സ്ഥാപനങ്ങളിലൊന്നായാണ് വീക്ഷിക്കപ്പെട്ടിരുന്നത്. ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പു പ്രക്രിയ സുഗമമായി നടത്തുന്നതുവഴി രാജ്യത്തിനകത്തും അന്തർദേശീയ തലത്തിലും അത് വലിയ ബഹുമാനം നേടി. വളർന്നുവരുന്ന പല ജനാധിപത്യ രാജ്യങ്ങളും ഉപദേശങ്ങൾക്കായി ഇലക്ഷൻ കമ്മിഷനെ സമീപിച്ചിരുന്നു. എന്നാൽ കമ്മിഷൻ ഇന്ന് വ്യവസ്ഥാപിതമായ പക്ഷപാതിത്വം, നടപടിക്രമങ്ങളിലെ സുതാര്യതയില്ലായ്മ, വൻതോതിലുള്ള വോട്ടവകാശ നിഷേധം തുടങ്ങിയ ആരോപണങ്ങൾ നേരിടുകയാണ്.
തീവ്ര വോട്ടർപട്ടിക പരിഷ്കരണം
ഏപ്രിലിൽ വോട്ടെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടർപട്ടികയിൽ ഇലക്ഷൻ കമ്മിഷൻ ‘തീവ്ര വോട്ടർ പട്ടിക പരിഷ്കരണം’ (എസ്ഐആർ) നടത്തിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. മരിച്ചുപോയവരുടെയും താമസം മാറിയവരുടെയും കുടിയേറിപ്പോയവരുടെയും പേരുകൾ നീക്കം ചെയ്ത് വോട്ടർ രജിസ്ട്രി ഇടയ്ക്കിടെ പുതുക്കുന്നത് സാധാരണ നടപടി തന്നെയാണ്. എന്നാൽ ഈ ‘തീവ്രമായ’ നടപടി പതിവിലും വളരെ വിപുലമായിരുന്നു: ബംഗാളിൽ മാത്രം 91 ലക്ഷം പേരുകളാണ് നീക്കം ചെയ്യപ്പെട്ടത്.
തുടർന്ന് ശക്തമായ തിരിച്ചടിയുണ്ടായി. ഇലക്ഷൻ കമ്മിഷന്റെ കഴിവുകേട്, കൃത്രിമം അല്ലെങ്കിൽ അതിലും മോശമായ എന്തോ ഒന്ന് ഇതിനു പിന്നിലുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. കമ്മീഷനെതിരേയുള്ള ഈ രോഷം ന്യായമായിരുന്നു. വോട്ടർമാരുടെ പേരുകളുടെ സ്പെല്ലിംഗ് പിഴവുകൾ പോലെയുള്ള നിസാരമായ പ്രശ്നങ്ങൾ കാരണം ലക്ഷക്കണക്കിന് വോട്ടർമാർ ഓട്ടോമേറ്റഡ് സിസ്റ്റങ്ങൾ വഴി വോട്ടർപട്ടികയ്ക്കു പുറത്തായി. വോട്ടർമാരെ ഒഴിവാക്കിയത് കൃത്യമായി പരിശോധിക്കപ്പെട്ടിരുന്നില്ല. അത് പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളെയും ദരിദ്ര സംസ്ഥാനങ്ങളിൽനിന്നുള്ള ഗ്രാമീണ കുടിയേറ്റ തൊഴിലാളികളെയും നഗരങ്ങളിലെ തൊഴിലാളികളെയുമാണ് ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധിച്ചത്.
വോട്ടർപട്ടികയിൽനിന്ന് പുറത്താക്കപ്പെട്ടവരുടെ പരാതികൾ പരിഹരിക്കാൻ നടപടിയൊന്നുമുണ്ടായില്ലെന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കി. ബംഗാളിൽ പുറത്താക്കപ്പെട്ട 34 ലക്ഷം വോട്ടർമാർ ഈ തീരുമാനത്തിനെതിരെ അപ്പീൽ നൽകി. എന്നാൽ, അടുത്ത തിെരഞ്ഞെടുപ്പിനു മുൻപ് ഏകദേശം 82,000 ഹരജികളിൽ മാത്രമേ വാദം കേൾക്കാൻ കമ്മിഷന് കഴിഞ്ഞുള്ളൂ. ഇതിൽ 91% ഹർജികളും ശരിയാണെന്ന് കണ്ടെത്തുകയും ചെയ്തു. അതായത്, ഇലക്ഷൻ കമ്മിഷൻ നടത്തിയ കൂട്ട ഒഴിവാക്കലിലെ ഭൂരിഭാഗവും തെറ്റായിരുന്നു. പക്ഷേ, വോട്ടെടുപ്പിനു മുൻപ് അവ തിരുത്താനും കഴിഞ്ഞില്ല.
ഇത് തെരഞ്ഞെടുപ്പുഫലത്തെ സംശയിക്കാനിടയാക്കി. വിശേഷിച്ചും, മുൻകാല ഫലങ്ങളിൽനിന്ന് വളരെ വ്യത്യസ്തമായ ഫലമുണ്ടായപ്പോൾ. 294ൽ 207 സീറ്റുകൾ നേടി ചരിത്രത്തിലാദ്യമായി ബിജെപി പശ്ചിമബംഗാളിൽ വൻ വിജയം കൊയ്തു. ഈ ഒഴിവാക്കലുകൾ മാത്രമാണ് ഫലത്തെ നിർണയിച്ചതെന്ന് കുറച്ചുപേർ അവകാശപ്പെട്ടു. എന്തായാലും ഈ സംഭവം പ്രതിപക്ഷത്തെ തീർത്തും പ്രകോപിപ്പിച്ചു.
കോടതി ഇടപെടൽ തേടി പ്രതിപക്ഷം
വേനൽക്കാലത്ത് വെളിപ്പെട്ട ക്രമക്കേടുകളിൽ കോടതി വേണ്ടത്ര ശ്രദ്ധ ചെലുത്തിയില്ലെന്ന് ആരോപണമുണ്ടെങ്കിലും രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള പ്രതിപക്ഷ നേതാക്കൾ സുപ്രീംകോടതിയിൽ ഹരജി നൽകിയിട്ടുണ്ട്. വോട്ടർപട്ടിക പരിഷ്കരണം നിർത്തിവയ്ക്കാനും ഒഴിവാക്കപ്പെട്ട വോട്ടർമാരെ വീണ്ടും ഉൾപ്പെടുത്താൻ ഉത്തരവിടാനും സ്വതന്ത്ര അന്വേഷണം തീരുന്നതുവരെ ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നതിൽനിന്ന് ഗ്യാനേഷ് കുമാറിനെ തടയാനും അവർ കോടതിയുടെ ഇടപെടൽ തേടുന്നു.
അതേസമയം, തെരഞ്ഞെടുപ്പ് കമ്മിഷൻ തങ്ങളുടെ ഭാഗം ന്യായീകരിക്കാൻ ശ്രമിക്കുകയാണ്. അപ്പീലുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ പട്ടികയിൽ ഉൾപ്പെടുത്തുന്നത് ചോദ്യം ചെയ്യപ്പെട്ട വോട്ടർമാരെ തുടരാൻ അനുവദിച്ചുകൊണ്ട് മറ്റു സംസ്ഥാനങ്ങളിലെ അനിയന്ത്രിതമായ ഒഴിവാക്കലുകൾ കമ്മീഷൻ നിർത്തിവച്ചിട്ടുണ്ട്. എന്നാൽ, തങ്ങൾ ചെയ്തത് പതിവ് നടപടികളാണെന്ന് വാദിച്ച് ഉത്തരവാദിത്വം ഏൽക്കാൻ അവർ ഇപ്പോഴും വിസമ്മതിക്കുന്നു. അതുപോലെ, വോട്ടർപട്ടികയിൽ കൃത്രിമം കാണിച്ചുവെന്ന ആരോപണങ്ങൾ ബിജെപി സർക്കാരും തള്ളിക്കളഞ്ഞു. ഈ പ്രക്ഷോഭം ദേശീയ സ്ഥാപനങ്ങളെ തകർക്കാൻ ലക്ഷ്യമിട്ട രാഷ്ട്രീയപ്രേരിത ശ്രമങ്ങളാണെന്ന് അവർ വിശേഷിപ്പിച്ചു. ഇലക്ഷൻ കമ്മിഷനെ പ്രതിരോധിക്കാൻ അവർ പ്രചാരണങ്ങൾ പോലും നടത്തുന്നുണ്ട്.
പക്ഷേ, വിദ്യാഭ്യാസ പ്രക്ഷോഭങ്ങളുടെ കാര്യത്തിലെന്നപോലെ, സർക്കാരിന് വിട്ടുവീഴ്ചകൾ ചെയ്യേണ്ടിവരും. പ്രക്ഷോഭങ്ങൾ ദേശീയ രാഷ്ട്രീയത്തെ കൂടുതൽ ചൂടുപിടിപ്പിച്ചിട്ടുണ്ട്. കൂടാതെ, യുവജനങ്ങളുടെ നേതൃത്വത്തിലുള്ള പ്രതിഷേധങ്ങൾ രാഷ്ട്രീയ പ്രതിപക്ഷവുമായി ഒന്നിച്ച് ഭരണകൂടത്തിന്റെ അധികാരത്തിലുള്ള വിശ്വാസത്തെ ചോദ്യം ചെയ്തിരിക്കുകയാണ്. ഗ്യാനേഷ് കുമാറിന്റെ രാജിയില്ലാതെ ഈ പ്രതിസന്ധി പരിഹരിക്കപ്പെടാൻ പ്രയാസമാണ്. നവംബർ ആരംഭിക്കുമ്പോൾ ആയിരക്കണക്കിന് പ്രതിഷേധക്കാർ ന്യൂഡൽഹിയിൽ തടിച്ചുകൂടുന്നതോടെ, അദ്ദേഹത്തിന്റെ നിലനിൽപ്പ് അപകടത്തിലാണെന്നു തോന്നുന്നു.