കളമശേരി: കർഷകരെ ഏറ്റവും കൂടുതൽ വലയ്ക്കുന്ന വന്യജീവി ആക്രമണങ്ങൾ പ്രതിരോധിക്കാൻ സാങ്കേതികവിദ്യയുടെ സഹായം തേടുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സംസ്ഥാനത്തെ ഭൂനിയമങ്ങളിൽ ആവശ്യമായ ഭേദഗതികൾ വരുത്തി രണ്ടാം ഭൂപരിഷ്കരണത്തിന് സർക്കാർ തുടക്കമിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കർഷക ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കളമശേരിയിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കൃഷിനാശവും വന്യജീവി ഭീഷണിയും തടയാൻ നിർമിതബുദ്ധി ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങളും പരന്പരാഗത രീതികളും കോർത്തിണക്കും. കർഷകരുടെ വിളകൾക്കു ന്യായവില ലഭ്യമാക്കാൻ മൂല്യവർധിത ഉത്പന്നങ്ങൾ കേരള ബ്രാൻഡിൽ വിപണിയിലെത്തിക്കും.
വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി ഇതു കുറഞ്ഞ ചെലവിലും വേഗത്തിലും വിദേശത്തേക്കു കയറ്റുമതി ചെയ്യാനുള്ള നടപടികൾ സ്വീകരിക്കും.
പ്രതിസന്ധികൾ നേരിടുന്ന കർഷകരെ ചേർത്തുപിടിച്ചുള്ള പുതിയ കാർഷികനയങ്ങളും പദ്ധതികളുമായി സർക്കാർ ഒപ്പമുണ്ടാകും. നാടിന് അന്നം തരുന്ന കർഷകരോടുള്ള ആദരവും കാർഷികവൃത്തിയോടുള്ള ബഹുമാനവുമാണ് കർഷകദിനാഘോഷങ്ങളിലൂടെ നാട് പ്രകടിപ്പിക്കുന്നത്.
സംസ്ഥാനത്ത് കാർഷികവൃത്തി തിരിച്ചുകൊണ്ടുവരാൻ ശക്തമായ പിന്തുണയാണ് സർക്കാർ ഉറപ്പുനൽകുന്നത്. പൂട്ടിക്കിടക്കുന്ന തോട്ടങ്ങൾ തുറന്നുപ്രവർത്തിപ്പിക്കാൻ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പാരമ്പര്യവിത്ത് സംരക്ഷകൻ ചെറുവയൽ രാമന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള പ്രഥമ അവാർഡും മറ്റു കർഷക അവാർഡുകളും മുഖ്യമന്ത്രി വിതരണം ചെയ്തു.
കൃഷിമന്ത്രി ടി. സിദ്ദിഖ് അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ വി.ഇ. അബ്ദുൾ ഗഫൂർ, റോജി എം. ജോൺ, എംപിമാർ, എംഎൽഎമാർ തുടങ്ങിയവർ പ്രസംഗിച്ചു.