Viral
ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ നിന്നുള്ള 28 കാരിയായ ദിവ്യ സിംഗ് എന്ന അധ്യാപിക, അസാമാന്യമായ ഇച്ഛാശക്തിയോടെ ഹിമാലയൻ പർവ്വതനിരകളിൽ പുതിയൊരു ചരിത്രം രചിച്ചിരിക്കുകയാണ്. കാഠ്മണ്ഡുവിൽ നിന്ന് ആരംഭിച്ച് എവറസ്റ്റ് ബേസ് ക്യാമ്പ് വരെ സൈക്കിളിൽ യാത്ര ചെയ്ത് എത്തുന്ന ആദ്യ ഇന്ത്യൻ വനിത എന്ന നേട്ടമാണ് ദിവ്യ സ്വന്തമാക്കിയത്.
ഏകദേശം 14 ദിവസം നീണ്ടുനിന്ന അതിസാഹസികമായ ഈ പര്യവേഷണം സമുദ്രനിരപ്പിൽ നിന്ന് 17,560 അടി ഉയരത്തിലാണ് അവസാനിച്ചത്. ലോകമെമ്പാടും ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ വനിത കൂടിയാണ് ദിവ്യ എന്നത് ഈ വിജയത്തിന്‍റെ തിളക്കം വർധിപ്പിക്കുന്നു.
സലേറി, നാംചെ ബസാർ, ലോബുച്ചെ തുടങ്ങിയ ദുർഘടമായ പാതകളിലൂടെയായിരുന്നു ദിവ്യയുടെ യാത്ര. പ്രതിദിനം 10 മുതൽ 12 മണിക്കൂർ വരെ സൈക്കിൾ ചവിട്ടിയും, കല്ലും മണ്ണും നിറഞ്ഞ കുത്തനെയുള്ള കയറ്റങ്ങൾ താണ്ടിയും അവർ മുന്നേറി.
കൊടും തണുപ്പും ഓക്സിജന്‍റെ കുറവും വലിയ വെല്ലുവിളിയായെങ്കിലും ലക്ഷ്യബോധം അവരെ പിന്തിരിപ്പിച്ചില്ല. സൈക്കിൾ ഓടിക്കാൻ സാധിക്കാത്തത്ര ദുർഘടമായ വഴികളിൽ തന്‍റെ സൈക്കിൾ തോളിലേറ്റിയാണ് അവർ ലക്ഷ്യസ്ഥാനത്തേക്ക് നടന്നത്.
മൈനസ് 12 ഡിഗ്രി സെൽഷ്യസ് വരെയെത്തിയ അതിശൈത്യത്തെയും കഠിനമായ കാറ്റിനെയും അതിജീവിച്ചാണ് ദിവ്യ ബേസ് ക്യാമ്പിൽ എത്തിയത്. അവിടെ ഇന്ത്യൻ ത്രിവർണ പതാക ഉയർത്തി നിൽക്കുന്ന ദിവ്യയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്.
കഠിനാധ്വാനവും കൃത്യമായ തയ്യാറെടുപ്പുമുണ്ടെങ്കിൽ ഏതൊരു പ്രതിസന്ധിയെയും മറികടക്കാമെന്ന് തെളിയിച്ച ദിവ്യ, ഇന്ന് രാജ്യത്തെ ഒട്ടനവധി കായികതാരങ്ങൾക്കും സാഹസിക യാത്രികർക്കും വലിയൊരു പ്രചോദനമായി മാറിയിരിക്കുന്നു.
Viral
സാമൂഹികമായ അടിച്ചേൽപ്പിക്കലുകളെയും മുൻവിധികളെയും കാറ്റിൽപ്പറത്തിക്കൊണ്ട്, തകർന്ന ദാമ്പത്യത്തിന്‍റെ തടവറയിൽ നിന്നും മോചിതയായ മകളെ വാദ്യമേളങ്ങളോടെ വരവേറ്റ ഉത്തർപ്രദേശിലെ ഒരു കുടുംബത്തിന്‍റെ വാർത്ത ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുകയാണ്.
വിവാഹമോചനം എന്നത് ഒരു സ്ത്രീയുടെ ജീവിതത്തിന്‍റെ അന്ത്യമാണെന്ന് കരുതുന്ന പൊതുബോധത്തിന് നേരെയുള്ള മറുപടിയാണ് മീററ്റിലെ ഈ പ്രണീത ശർമ്മയും അവളുടെ പിതാവായ റിട്ടയേർഡ് ജഡ്ജി ജ്ഞാനേന്ദ്ര ശർമ്മയും.
വർഷങ്ങൾ നീണ്ട മാനസികവും ശാരീരികവുമായ പീഡനങ്ങളിൽ നിന്നും നിയമപരമായി മോചനം നേടിയ പ്രണീതയെ സ്വീകരിക്കാൻ മീററ്റ് കുടുംബ കോടതിക്ക് പുറത്ത് ഒരു വലിയ ആഘോഷം തന്നെ കുടുംബം ഒരുക്കിയിരുന്നു.
കയ്യിൽ പൂച്ചെണ്ടുകളും മിഠായിപ്പൊതികളുമായി നൃത്തം ചെയ്യുന്ന ബന്ധുക്കൾക്കിടയിലൂടെ, അന്തസോടെ വീട്ടിലേക്ക് മടങ്ങുന്ന പ്രണീതയുടെ ചിത്രം, മാറുന്ന ഇന്ത്യയുടെ അടയാളമാണ്. മകളോടുള്ള സ്നേഹവും ഐക്യദാർഢ്യവും പ്രഖ്യാപിച്ചുകൊണ്ട് അവളുടെ ചിത്രം പതിപ്പിച്ച പ്രത്യേക വസ്ത്രങ്ങൾ ധരിച്ചാണ് സഹോദരങ്ങളും മറ്റ് ബന്ധുക്കളും ഈ നിമിഷത്തിൽ പങ്കുചേർന്നത്.
2018-ൽ സൈനിക ഉദ്യോഗസ്ഥനായ ഗൗരവ് അഗ്നിഹോത്രിയുമായി തുടങ്ങിയ പ്രണീതയുടെ ദാമ്പത്യം ഏറെ വൈകാതെ തന്നെ ദുസഹമായി മാറി. ബിരുദാനന്തര ബിരുദധാരിയും നിലവിൽ ഒരു ജുഡീഷ്യൽ അക്കാദമിയിൽ ഫിനാൻസ് ഡയറക്ടറുമായി ജോലി ചെയ്യുന്ന പ്രണീതയ്ക്ക്, ഉയർന്ന വിദ്യാഭ്യാസമുണ്ടായിട്ടും നിരന്തരമായ ഹരാസ്‌മെന്‍റുകൾ നേരിടേണ്ടി വന്നു.
2022-ൽ സഹോദരന്‍റെ അപ്രതീക്ഷിത വേർപാട് നൽകിയ മാനസികാഘാതത്തിന് പിന്നാലെ ഭർത്താവിൽ നിന്നും നേരിട്ട ക്രൂരതകൾ അവളെ തളർത്തിയെങ്കിലും, മാതാപിതാക്കളുടെ നിരുപാധികമായ പിന്തുണ അവൾക്ക് കരുത്തേകി.
മകളെ വിവാഹം കഴിപ്പിച്ചു വിടുമ്പോൾ നൽകുന്ന അതേ ബഹുമാനം തന്നെ അവളുടെ തിരിച്ചു വരവിലും നൽകണമെന്ന ദൃഢനിശ്ചയത്തിലായിരുന്നു ജ്ഞാനേന്ദ്ര ശർമ്മ.
വിവാഹമോചന വേളയിൽ ഒരു രൂപ പോലും ജീവനാംശമായി വേണ്ടെന്ന് വെച്ച ഈ കുടുംബം, മകളുടെ ആത്മാഭിമാനമാണ് പണത്തേക്കാൾ വലുതെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞു.
വിവാഹശേഷം പെൺകുട്ടികൾക്ക് സ്വന്തം വീടിന്‍റെ വാതിലുകൾ അടയുന്നു എന്ന തെറ്റായ ചിന്താഗതി തിരുത്തപ്പെടേണ്ടതുണ്ടെന്ന് ഈ സംഭവം ഓർമ്മിപ്പിക്കുന്നു.
സ്വന്തം കാലിൽ നിൽക്കാനുള്ള ശേഷിയും വിദ്യാഭ്യാസവും ഓരോ പെൺകുട്ടിയും നേടിയെടുക്കണമെന്നും, അതിക്രമങ്ങൾ സഹിച്ചു കഴിയുന്നതിനേക്കാൾ നല്ലത് ആത്മവിശ്വാസത്തോടെയുള്ള പുറത്തുവരവാണെന്നും പ്രണീത ഇന്ന് സഹോദരിമാരെ ഉപദേശിക്കുന്നു.
ഒരു വീഴ്ചയെ ആഘോഷമാക്കി മാറ്റിയതിലൂടെ, തകർച്ചകളിൽ നിന്ന് പുതിയ ജീവിതത്തിലേക്ക് നടന്നു കയറാനുള്ള ധൈര്യമാണ് മീററ്റിലെ ഈ കുടുംബം സമൂഹത്തിന് പകർന്നു നൽകുന്നത്.
Kerala
തിരുവനന്തപുരം: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയായി സി.എസ്. സുജാതയെ തെരഞ്ഞെടുത്തു. കെ.എസ്. സലീഖയാണ് സംസ്ഥാന പ്രസിഡന്റ്. ഇ. പത്മാവതിയെ ട്രഷററും.
Viral
നൂറ്റാണ്ടുകൾ പഴക്കമുള്ള വിവാഹ സങ്കല്പങ്ങൾക്കിടയിലും സ്ത്രീകൾ നേരിടുന്ന വിവേചനങ്ങളുടെ നേർക്കാഴ്ചയാകുന്ന ഒരു വാർത്തയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
കരിയറിൽ ഉന്നത വിജയം കൈവരിക്കുമ്പോഴും വിവാഹാലോചനകളിൽ സ്ത്രീകൾ ഇന്നും തികച്ചും സ്ത്രീവിരുദ്ധമായ ചോദ്യങ്ങൾ നേരിടേണ്ടി വരുന്നു എന്നതിന് ഉദാഹരണമാണ് വൈറലായ ഈ സംഭവം.
ഹൃദയശസ്ത്രക്രിയയിൽ വിദഗ്ധയായ ഒരു ഡോക്ടറോട്, ഭാവിയിൽ മുപ്പതോളം പേർക്ക് ദിവസവും ഭക്ഷണം പാകം ചെയ്യാൻ കഴിയുമോ എന്നായിരുന്നു ഒരു വീട്ടുകാരുടെ പ്രധാന ചോദ്യം. വീട്ടുജോലികളെല്ലാം സ്ത്രീയുടെ മാത്രം ഉത്തരവാദിത്തമാണെന്ന പഴയകാല ചിന്താഗതിയാണിവിടെ തെളിയുന്നത്.
മാതാപിതാക്കളുടെ ഏക മകളായ തനിക്ക് വിവാഹശേഷം അവരെ കൂടി നോക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ ഒരു ആലോചന മുടങ്ങിയെങ്കിൽ, ശരീരത്തിലെ ടാറ്റൂ മായ്ച്ചു കളയണമെന്ന വിചിത്രമായ ആവശ്യമാണ് മറ്റൊരു വശത്തുനിന്നും ഉണ്ടായത്.
തന്‍റെ കഴിവിനേക്കാളും വ്യക്തിത്വത്തേക്കാളും പ്രാധാന്യം ഇത്തരം അനാവശ്യ നിബന്ധനകൾക്ക് നൽകുന്ന ആലോചനകൾ യുവതി ധീരമായി നിരസിച്ചു.
സ്വന്തം അന്തസും സ്വത്വവും പണയപ്പെടുത്തിക്കൊണ്ടുള്ള ഒരു വിവാഹത്തിനും താൻ തയ്യാറല്ലെന്ന യുവതിയുടെ നിലപാടിന് സോഷ്യൽ മീഡിയയിൽ വലിയ പിന്തുണയാണ് ലഭിക്കുന്നത്.
മികച്ച കരിയറുള്ള സ്ത്രീകൾ പോലും ഇത്തരം 'പുരുഷാധിപത്യ നിബന്ധനകൾക്ക്' വഴങ്ങേണ്ടി വരുന്നത് ഖേദകരമാണെന്ന് പലരും അഭിപ്രായപ്പെട്ടു.
വിവാഹത്തിന്റെ പേരിൽ വ്യക്തിസ്വാതന്ത്ര്യവും മാതാപിതാക്കളോടുള്ള കടമയും പണയപ്പെടുത്താൻ തയ്യാറല്ലാത്ത പെൺകുട്ടികളുടെ എണ്ണം കൂടുന്നത് ശുഭസൂചനയാണെന്നും, അടിച്ചമർത്തലുകൾക്കെതിരെ പ്രതികരിക്കാൻ മറ്റുള്ളവർക്കും ഈ സംഭവം പ്രചോദനമാകുമെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നു.