സാമൂഹികമായ അടിച്ചേൽപ്പിക്കലുകളെയും മുൻവിധികളെയും കാറ്റിൽപ്പറത്തിക്കൊണ്ട്, തകർന്ന ദാമ്പത്യത്തിന്‍റെ തടവറയിൽ നിന്നും മോചിതയായ മകളെ വാദ്യമേളങ്ങളോടെ വരവേറ്റ ഉത്തർപ്രദേശിലെ ഒരു കുടുംബത്തിന്‍റെ വാർത്ത ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുകയാണ്.
വിവാഹമോചനം എന്നത് ഒരു സ്ത്രീയുടെ ജീവിതത്തിന്‍റെ അന്ത്യമാണെന്ന് കരുതുന്ന പൊതുബോധത്തിന് നേരെയുള്ള മറുപടിയാണ് മീററ്റിലെ ഈ പ്രണീത ശർമ്മയും അവളുടെ പിതാവായ റിട്ടയേർഡ് ജഡ്ജി ജ്ഞാനേന്ദ്ര ശർമ്മയും.
വർഷങ്ങൾ നീണ്ട മാനസികവും ശാരീരികവുമായ പീഡനങ്ങളിൽ നിന്നും നിയമപരമായി മോചനം നേടിയ പ്രണീതയെ സ്വീകരിക്കാൻ മീററ്റ് കുടുംബ കോടതിക്ക് പുറത്ത് ഒരു വലിയ ആഘോഷം തന്നെ കുടുംബം ഒരുക്കിയിരുന്നു.
കയ്യിൽ പൂച്ചെണ്ടുകളും മിഠായിപ്പൊതികളുമായി നൃത്തം ചെയ്യുന്ന ബന്ധുക്കൾക്കിടയിലൂടെ, അന്തസോടെ വീട്ടിലേക്ക് മടങ്ങുന്ന പ്രണീതയുടെ ചിത്രം, മാറുന്ന ഇന്ത്യയുടെ അടയാളമാണ്. മകളോടുള്ള സ്നേഹവും ഐക്യദാർഢ്യവും പ്രഖ്യാപിച്ചുകൊണ്ട് അവളുടെ ചിത്രം പതിപ്പിച്ച പ്രത്യേക വസ്ത്രങ്ങൾ ധരിച്ചാണ് സഹോദരങ്ങളും മറ്റ് ബന്ധുക്കളും ഈ നിമിഷത്തിൽ പങ്കുചേർന്നത്.
2018-ൽ സൈനിക ഉദ്യോഗസ്ഥനായ ഗൗരവ് അഗ്നിഹോത്രിയുമായി തുടങ്ങിയ പ്രണീതയുടെ ദാമ്പത്യം ഏറെ വൈകാതെ തന്നെ ദുസഹമായി മാറി. ബിരുദാനന്തര ബിരുദധാരിയും നിലവിൽ ഒരു ജുഡീഷ്യൽ അക്കാദമിയിൽ ഫിനാൻസ് ഡയറക്ടറുമായി ജോലി ചെയ്യുന്ന പ്രണീതയ്ക്ക്, ഉയർന്ന വിദ്യാഭ്യാസമുണ്ടായിട്ടും നിരന്തരമായ ഹരാസ്‌മെന്‍റുകൾ നേരിടേണ്ടി വന്നു.
2022-ൽ സഹോദരന്‍റെ അപ്രതീക്ഷിത വേർപാട് നൽകിയ മാനസികാഘാതത്തിന് പിന്നാലെ ഭർത്താവിൽ നിന്നും നേരിട്ട ക്രൂരതകൾ അവളെ തളർത്തിയെങ്കിലും, മാതാപിതാക്കളുടെ നിരുപാധികമായ പിന്തുണ അവൾക്ക് കരുത്തേകി.
മകളെ വിവാഹം കഴിപ്പിച്ചു വിടുമ്പോൾ നൽകുന്ന അതേ ബഹുമാനം തന്നെ അവളുടെ തിരിച്ചു വരവിലും നൽകണമെന്ന ദൃഢനിശ്ചയത്തിലായിരുന്നു ജ്ഞാനേന്ദ്ര ശർമ്മ.
വിവാഹമോചന വേളയിൽ ഒരു രൂപ പോലും ജീവനാംശമായി വേണ്ടെന്ന് വെച്ച ഈ കുടുംബം, മകളുടെ ആത്മാഭിമാനമാണ് പണത്തേക്കാൾ വലുതെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞു.
വിവാഹശേഷം പെൺകുട്ടികൾക്ക് സ്വന്തം വീടിന്‍റെ വാതിലുകൾ അടയുന്നു എന്ന തെറ്റായ ചിന്താഗതി തിരുത്തപ്പെടേണ്ടതുണ്ടെന്ന് ഈ സംഭവം ഓർമ്മിപ്പിക്കുന്നു.
സ്വന്തം കാലിൽ നിൽക്കാനുള്ള ശേഷിയും വിദ്യാഭ്യാസവും ഓരോ പെൺകുട്ടിയും നേടിയെടുക്കണമെന്നും, അതിക്രമങ്ങൾ സഹിച്ചു കഴിയുന്നതിനേക്കാൾ നല്ലത് ആത്മവിശ്വാസത്തോടെയുള്ള പുറത്തുവരവാണെന്നും പ്രണീത ഇന്ന് സഹോദരിമാരെ ഉപദേശിക്കുന്നു.
ഒരു വീഴ്ചയെ ആഘോഷമാക്കി മാറ്റിയതിലൂടെ, തകർച്ചകളിൽ നിന്ന് പുതിയ ജീവിതത്തിലേക്ക് നടന്നു കയറാനുള്ള ധൈര്യമാണ് മീററ്റിലെ ഈ കുടുംബം സമൂഹത്തിന് പകർന്നു നൽകുന്നത്.
Vineeta got married in 2018. The marriage soon turned bitter and didn't last long. After 7 years, divorce was formalized recently and Vineeta's parents celebrated it with Dhol, dance and sweets in the court premises in Meerut, Uttar Pradesh. Attendees were seen wearing T-shirts… pic.twitter.com/L4JAVH4jxx
— Piyush Rai (@Benarasiyaa) April 5, 2026
Tags : DivorceCelebration WomenEmpowerment ParentalSupport BreakingStigma DignityInDivorce