ബെയ്ജിംഗ്: ഷി, പുടിൻ, ട്രംപ് കൂടിക്കാഴ്ച സുപ്രധാന നാഴികക്കല്ലാണെന്ന് ചൈന. ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിയുടെ ഭാഗമായി ചൈനയിലെ ഷെൻഷെനിലാണു കൂടിക്കാഴ്ച.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ എന്നിവരെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് സ്വീകരിക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ചൈനീസ്, റഷ്യൻ, യുഎസ് രാഷ്ട്രത്തലവന്മാർ ആദ്യമായാണ് ഒരുമിച്ച് ഒരു മേശയ്ക്കു ചുറ്റുമെത്തുന്നത്.
നാളെയും മറ്റെന്നാളുമാണു കൂടിക്കാഴ്ച. ചൈനയും റഷ്യയും യുഎസും രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളാണ്. ഇറാൻ സംഘർഷം, ആണവായുധ നിയന്ത്രണം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങി വിവിധ വിഷയങ്ങൾ ചർച്ചയാകുമെന്നാണ് കരുതുന്നത്. യുക്രെയ്ൻ യുദ്ധം ചർച്ചകളിൽ ഉൾപ്പെടില്ലെന്നു മുതിർന്ന യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു.