മലപ്പുറം: ജില്ലയിലെ ബാങ്കിംഗ് മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ ആലോചനാ സമിതിയുടെയും ജില്ലാതല അവലോകന സമിതിയുടെയും യോഗം പിഎംആര്‍ ഗ്രാന്‍ഡേയ്സില്‍ റവന്യു റിക്കവറി ഡെപ്യൂട്ടി കളക്ടര്‍ അന്‍വര്‍ സാദത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. സ്മിജി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ബാങ്കിംഗ് മേഖലയിലെ പ്രവര്‍ത്തനം, സര്‍ക്കാര്‍ സഹായ പദ്ധതികളുടെ പുരോഗതി, വാര്‍ഷിക വായ്പാ പദ്ധതി നടപ്പാക്കല്‍, ബാങ്കുകള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, നബാര്‍ഡ് എന്നിവ തമ്മിലുള്ള ഏകോപനം യോഗം വിലയിരുത്തി. കാനറ ബാങ്ക് റീജണല്‍ ഓഫീസിലെ അസിസ്റ്റന്റ് ജനറല്‍ മാനേജറും റീജണല്‍ ഹെഡുമായ സായി കൃഷ്ണ, ലീഡ് ജില്ലാ ഓഫീസര്‍ എന്‍.എസ്. അമല്‍, നബാര്‍ഡ് ജില്ലാ വികസന മാനേജര്‍ ഭാഗവതി, ലീഡ് ജില്ലാ മാനേജര്‍ എം.വി.അഞ്ജനദേവ് എന്നിവര്‍ പ്രസംഗിച്ചു.
2026 മാര്‍ച്ച് 31-ലെ കണക്ക് പ്രകാരം ജില്ലയിലെ ആകെ നിക്ഷേപം 55,607 കോടിയും വായ്പ 36,675 കോടിയുമായി. ക്രെഡിറ്റ്-ഡെപ്പോസിറ്റ് അനുപാതം 65.95 ശതമാനമാണെന്നും ഇത് നിയന്ത്രണ മാനദണ്ഡത്തേക്കാള്‍ ഉയര്‍ന്നതാണെങ്കിലും സംസ്ഥാന ശരാശരിയായ 72.88 ശതമാനത്തേക്കാള്‍ താഴെയാണെന്നും യോഗം വിലയിരുത്തി.